ഇനി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന യുവാക്കളെ കാണുന്നത് വേദനാജനകമാണ്; ജന്തര്‍ മന്ദറിലെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍
Malayalam Cinema
ഇനി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന യുവാക്കളെ കാണുന്നത് വേദനാജനകമാണ്; ജന്തര്‍ മന്ദറിലെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd July 2026, 8:35 pm

നീറ്റ് പേപ്പര്‍ ലീക്കില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് വലിയ പ്രതിഷേധ സമരങ്ങള്‍ക്കാണ് രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയിലെ ജന്തര്‍ മന്ദര്‍ സാക്ഷ്യം വഹിക്കുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നയിച്ച സമരത്തിലേക്ക് കഴിഞ്ഞ ദിവസം പൊലീസ് അക്രമം അഴിച്ചുവിട്ടതോടെ വലിയ വിമര്‍ശനമായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ഉയര്‍ന്നത്. സിനിമാ മേഖലയില്‍ നിന്ന് അടക്കമുള്ളവര്‍ സമരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.

Photo: News Arena

ഇപ്പോഴിതാ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താരത്തിന്റെ പ്രതികരണം. ജന്തര്‍ മന്ദറില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ കാര്യങ്ങള്‍ കേള്‍ക്കുന്നതിനും മനസിലാക്കുന്നതിനുമുള്ള ഓര്‍മപ്പെടുത്തലാണെന്നും വിദ്യാഭ്യാസം എപ്പോഴും പ്രതീക്ഷയുടെയും അവസരത്തിന്റെയും വരാനിരിക്കുന്ന നല്ല ഭാവിയുടെയും സൂചകമാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.

‘എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന യുവാക്കളെ കാണുന്നത് വേദനാജനകമാണ്. പല വിദ്യാര്‍ത്ഥികളും അവര്‍ക്ക് മുന്നോട്ട് ഇനി ഒരു വഴിയുമില്ലെന്നാണ് കരുതുന്നത്, ഇത് എന്റെ മനസിനെ ഒരുപാട് വിഷമിപ്പിക്കുന്നു. പലരും എല്ലാം അവസാനിപ്പിക്കാം എന്ന മാനസികാവസ്ഥയിലാണ് ഉള്ളത്. അതേസമയം ഈ കടബാധ്യതകളും വേദനകളും പേറുന്ന മാതാപിതാക്കള്‍ അവരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്,’ ദുല്‍ഖര്‍ പോസ്റ്റില്‍ കുറിച്ചു.

Photo: Screen Grab/ Instagram.com

സമാധാനപരാമയ പരിഹാരത്തിനും ചര്‍ച്ചകളും നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പരസ്പര ധാരണയില്‍ കെട്ടിപ്പടുക്കുന്ന ഭാവി കൂടുതല്‍ കരുത്തുറ്റതാകുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Dulquer Salmaan sipports CJP protest on NEET Paper Leak