ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കാന്താ. തമിഴ് സിനിമയില്‍ 1950കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. സൂപ്പര്‍സ്റ്റാറും സംവിധായകനും തമ്മിലുള്ള ഈഗോ ക്ലാഷും അതേത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നടിപ്പ് ചക്രവര്‍ത്തി എന്ന് വിളിപ്പേരുള്ള സൂപ്പര്‍സ്റ്റാര്‍ മഹാദേവനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്.
ഈഗോയുള്ള സൂപ്പര്‍സ്റ്റാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ ചലഞ്ചായിരുന്നുവെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സിനിമകള്‍ക്ക് ലഭിക്കുന്ന റിവ്യൂകളും തന്റെ പ്രകടനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. കാന്തായുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗള്‍ട്ടി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു താരം.
‘കാന്താ എന്ന സിനിമ പലപ്പോഴായി എന്നെ പേടിപ്പിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ കാര്യം ഇതിലെ നായകന്റെ വിളിപ്പേര് നടിപ്പ് ചക്രവര്‍ത്തി എന്നാണ്. എന്നാല്‍ വലിയൊരു നടനാണ് ഞാനെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. എന്താണെന്ന് വെച്ചാല്‍ ഇപ്പോഴും ഓഡിയന്‍സില്‍ ഒരുവിഭാഗം ആളുകള്‍ എനിക്ക് അഭിനയിക്കാനറിയില്ലെന്ന് പറയാറുണ്ട്.
ഞാന്‍ വായിച്ച ചില വിമര്‍ശനങ്ങളില്‍ അങ്ങനെയൊരു പോയിന്റുണ്ടാകാറുണ്ട്. ഈയൊരു പേടി എപ്പോഴും എന്റെയുള്ളിലുണ്ടാകും. കുറച്ചുകൂടി ഹാര്‍ഡായി പരിശ്രമിക്കാന്‍ ഇത് എന്നെ സഹായിക്കും. കുറച്ചുകൂടി നന്നായി ചെയ്യാനും നല്ല വേഷങ്ങള്‍ തെരഞ്ഞെടുക്കാനുമൊക്കെ ആ പേടി സഹായിക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോഴാണ് നടിപ്പ് ചക്രവര്‍ത്തി എന്ന് വിളിക്കപ്പെടുന്ന ഒരു കഥാപാത്രം എന്റെയടുത്തേക്ക് വരുന്നത്.
ഇത് ചെയ്യാന്‍ ഞാന്‍ യോഗ്യനാണോ, എന്നെക്കൊണ്ട് ഈ കഥാപാത്രം പുള്‍ ഓഫ് ചെയ്യാനാകുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എങ്ങനെ ചെയ്ത് ഫലിപ്പിക്കുമെന്ന് ആലോചിച്ച ചില സീനുകളുണ്ട്. ‘വേറെയാരെങ്കിലും നായകനായാല്‍ നന്നായേനെ’ എന്ന് ആരെങ്കിലും പറയുമോ എന്നൊക്കെ എനിക്ക് പേടിയുണ്ട്’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
അതേ സമയം കഴിഞ്ഞദിവസം നടന്ന കാന്തായുടെ പ്രീമിയര്‍ ഷോയ്ക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. ദുല്‍ഖര്‍ എന്ന താരത്തെക്കാള്‍ അയാളിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന സിനിമയാണ് കാന്തായെന്നും ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നാണെന്നും പല പേജുകളും അഭിപ്രായപ്പെട്ടു. തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlight: Dulquer Salmaan shares the fear facts he faced during Kaantha movie