അന്ന് ഒരു വീഡിയോ എടുക്കാനായിട്ട് സല്‍മാന്‍ ഖാന്റെ കാറിന് പിന്നാലെ പാഞ്ഞു: ദുല്‍ഖര്‍ സല്‍മാന്‍
Film News
അന്ന് ഒരു വീഡിയോ എടുക്കാനായിട്ട് സല്‍മാന്‍ ഖാന്റെ കാറിന് പിന്നാലെ പാഞ്ഞു: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th September 2022, 11:19 pm

കോളേജില്‍ പഠിക്കുന്ന സമയത്ത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കാറിന് പിന്നാലെ വണ്ടി ഓടിച്ച അനുഭവം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാനില്‍ ഒപ്പം അഭിനയിച്ച ഇര്‍ഫാന്‍ ഖാനൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം മഷാബള്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കോളേജില്‍ പഠിച്ചിരുന്നു സമയത്ത് ഇടക്ക് ഒലിവ് ഹോട്ടലില്‍ പോവും. അവിടെ ഇടക്ക് ഞങ്ങള്‍ ചില താരങ്ങളെ കാണാറുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അത് വളരെ എക്‌സൈറ്റിങ്ങായിരിക്കും. ഒരിക്കല്‍ സല്‍മാന്‍ ഖാന്റെ കാറിന്റെ പിന്നാലെ ഞാന്‍ വണ്ടി ഓടിച്ച് പോയിട്ടുണ്ട്. അന്ന് എന്റെ ഉള്ളിലെ ഫാന്‍ ഫുള്‍ ഓണായിരുന്നു. 2727 ആണ് അദ്ദേഹത്തിന്റെ കാര്‍ നമ്പര്‍.

സല്‍മാന്‍ കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു വീഡിയോ എടുക്കാനായിട്ടാണ് അന്ന് കാറിന്റെ പുറകെ പാഞ്ഞത്. അത് നടന്നില്ല. പക്ഷേ സല്‍മാന്‍ ഖാന്‍ മുന്‍സീറ്റിലിരിക്കുന്നത് കണ്ടു. അദ്ദേഹത്തെ ഇതുവരെ നേരിട്ട് കാണാന്‍ പറ്റിയിട്ടില്ല,’ ദുല്‍ഖര്‍ പറഞ്ഞു.

‘ഇര്‍ഫാന്‍ ഖാന്‍ മറ്റ് അഭിനേതാക്കളോട് വളരെ സൗമ്യതയോടെയാണ് പെരുമാറുന്നത്. ആക്ടേഴ്‌സ് ചില സമയത്ത് സ്വാര്‍ത്ഥരായേക്കാം. അവരുടെ ഭാഗങ്ങള്‍ മാത്രം നന്നായിരിക്കാന്‍ നോക്കും. പക്ഷേ ഇര്‍ഫാന്‍ സാര്‍ വളരെ ചില്ലായിരുന്നു.

ഷൂട്ടിനിടക്ക് അദ്ദേഹം ഈ സ്ഥലത്ത് ഞാന്‍ ഒരു സാധനമിടാമെന്നൊക്കെ പറയും. ശരി സാര്‍ എന്ന് പറഞ്ഞ് ഞാനും മിഥിലയും പ്രിപ്പയറായി ഇരിക്കും. പക്ഷേ എന്തൊക്കെയായാലും അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് ഒരു ഏകദേശ ധാരണ കാണും. ഒരുപാട് സര്‍പ്രൈസ് ഇര്‍ഫാന്‍ സാര്‍ തരില്ല. അങ്ങനെ വന്നാല്‍ അഭിനയത്തിനിടക്ക് അത് കണ്ടുണ്ടാകുന്ന അത്ഭുതവും ഞങ്ങളുടെ മുഖത്ത് വരും,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Dulquer Salmaan shares his experience of driving behind Bollywood star Salman Khan’s car while studying in college