വാപ്പച്ചിയും ഞാനും ആ സിനിമ കണ്ട് ഒരുമിച്ച് കരഞ്ഞിട്ടുണ്ട്, നല്ല സിനിമകള്‍ക്ക് എന്നെ കരയിക്കാനാകും: ദുല്‍ഖര്‍ സല്‍മാന്‍
Malayalam Cinema
വാപ്പച്ചിയും ഞാനും ആ സിനിമ കണ്ട് ഒരുമിച്ച് കരഞ്ഞിട്ടുണ്ട്, നല്ല സിനിമകള്‍ക്ക് എന്നെ കരയിക്കാനാകും: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th November 2025, 9:29 am

സമൂഹം പുരുഷന്മാര്‍ക്ക് കല്പിച്ചുകൊടുത്ത നിബന്ധനകളിലൊന്നാണ് എല്ലാവരുടെയും മുന്നില്‍ നിന്ന് കരയുന്നതെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കരയുക എന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും അതിന് ആണെന്നോ പെണ്ണെന്നോ ഇല്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. കരയാന്‍ തോന്നുമ്പോള്‍ കരയണമെന്നും അതിന് മടി കാണിക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ താന്‍ കരഞ്ഞിട്ടുള്ള സാഹചര്യങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചു. താന്‍ നിര്‍മിച്ച ഒരു സിനിമ പരാജയപ്പെട്ടപ്പോള്‍ വല്ലാതെ കരഞ്ഞെന്ന് അദ്ദേഹം പറയുന്നു. പരാജയമായെന്ന് അറിഞ്ഞപ്പോള്‍ താന്‍ വീട്ടിലായിരുന്നെന്നും ആ സമയത്ത് ഭക്ഷണം കഴിക്കുകയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഹോണസ്റ്റ് ടൗണ്‍ഹാളില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.

‘ആ സിനിമയില്‍ എന്റെ കോ പ്രൊഡ്യൂസറായിട്ടുള്ള ജൊവാനെ വിളിച്ചു. എന്തുണ്ടെന്ന് ചോദിച്ചു. സുഖമെന്ന് മറുപടി തന്നു. ലഞ്ച് കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ കഴിച്ചെന്ന് പറഞ്ഞു. കരഞ്ഞോ എന്നായിരുന്നു അടുത്ത ചോദ്യം. അതെയെന്ന് ജൊവാന്‍ പറഞ്ഞു. ബാത്ത് റൂമില്‍ നിന്ന് കരഞ്ഞെന്ന് ഞങ്ങള്‍ ഒരുമിച്ച് പറഞ്ഞു. അന്നത്തെ ദിവസം അങ്ങനെയായിരുന്നു.

ജീവിതത്തില്‍ ഏറ്റവും സന്തോഷവും സങ്കടവും തോന്നുന്ന ദിവസങ്ങളില്‍ ഞാന്‍ കരയും. മകള്‍ ജനിച്ച ദിവസം ഞാന്‍ കരഞ്ഞിട്ടുണ്ട്. നല്ല സിനിമകള്‍ക്കും എന്നെ കരയിക്കാനാകും. ഞാനും വാപ്പച്ചിയും ലയണ്‍ കിങ് എന്ന സിനിമ കണ്ട് ഒരുമിച്ച് കരഞ്ഞിട്ടുണ്ട്. ആ പടത്തില്‍ മുഫാസ മരിക്കുന്ന സീന്‍ വന്നപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല. വാപ്പച്ചിയെ നോക്കിയപ്പോള്‍ പുള്ളിയും കരയാതിരിക്കാന്‍ പാടുപെടുകയായിരുന്നു’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

നല്ല സിനിമയും അതിനനുസരിച്ച് മ്യൂസിക്കുമുള്ള സിനിമക്ക് തന്നെ നല്ല രീതിയില്‍ കരയിക്കാനാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. സീതാ രാമം റിലീസിന് മുമ്പ് താന്‍ കണ്ടിരുന്നെന്നും ആ സമയത്ത് സൗണ്ട് ട്രാക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തിയേറ്ററില്‍ ആ സിനിമയുടെ തീം മ്യൂസിക്ക് കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞെന്നും ദുല്‍ഖര്‍ പറയുന്നു.

‘കരച്ചിലിന് ജെന്‍ഡര്‍ വ്യത്യാസമില്ല. ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്ന പൊതുബോധം ഇപ്പോഴും നമുക്കിടയിലുണ്ട്. അത് മാറ്റണം. കരയാന്‍ തോന്നിയാല്‍ കരയുക. നല്ല കാര്യങ്ങള്‍ക്കായാലും മോശം കാര്യങ്ങള്‍ക്കായാലും കരയണമെന്ന് തോന്നുമ്പോള്‍ അത് ചെയ്യുക. ആ ഇമോഷനെ ഫ്രീയാക്കി വിടുക എന്നതാണ് അത്യാവശ്യം’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer Salmaan saying he and Mammootty cried while watching Lion King movie