അടുത്തിരുന്ന മൂന്ന് ചെറുപ്പക്കാരുടെ സംസാരം കാരണം എനിക്ക് ആ ഇംഗ്ലീഷ് ചിത്രം ആസ്വദിക്കാനായില്ല: ദുല്‍ഖര്‍ സല്‍മാന്‍
Malayalam Cinema
അടുത്തിരുന്ന മൂന്ന് ചെറുപ്പക്കാരുടെ സംസാരം കാരണം എനിക്ക് ആ ഇംഗ്ലീഷ് ചിത്രം ആസ്വദിക്കാനായില്ല: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd December 2025, 9:02 am

കാലമെത്ര കഴിഞ്ഞാലും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ഒരുപാട് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തന്നെപ്പോലെ ഒരാള്‍ക്ക് തിയേറ്ററില്‍ ആള്‍ക്കൂട്ടത്തിനിടയിലിരുന്ന് നല്ല സിനിമകള്‍ കാണാന്‍ പ്രയാസമാണെങ്കിലും അതിന് ശ്രമിക്കാറുണ്ടെന്ന് താരം പറഞ്ഞു. താന്‍ കാരണം മറ്റുള്ളവരുടെ ശ്രദ്ധ തെറ്റാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു.

Dulquer Salmaan Photo: Screen Grab/ Hollywood Reporter India

തിയേറ്ററില്‍ പോകുമ്പോള്‍ മാസ്‌കും തൊപ്പിയും ധരിച്ച് ആളുകളുടെ ശ്രദ്ധ സ്വന്തമാക്കാന്‍ ശ്രമിക്കാറില്ലെന്നും മറ്റേതെങ്കിലും വഴി നോക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു. തിയേറ്ററിന്റെ എന്‍ട്രിയും എക്‌സിറ്റും നോക്കിവെക്കുമെന്നും അത് ശ്രദ്ധിച്ചിട്ടേ താന്‍ തിയേറ്ററില്‍ കയറാറുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം തിയേറ്ററില്‍ നിന്ന് കണ്ടതില്‍ ഏറ്റവും മികച്ച എക്‌സ്പീരിയന്‍സ് സമ്മാനിച്ചത് F1 ആണെന്നും അദ്ദേഹം പറയുന്നു.

‘വളരെ ശ്രദ്ധയോടെ ഒരു തിയേറ്ററില്‍ സീറ്റ് ബുക്ക് ചെയ്ത് ആ സിനിമ കാണാന്‍ പോയി. സിനിമ എന്ന നിലയില്‍ ഗംഭീര അനുഭവമായിരുന്നു F1. പക്ഷേ, പ്രശ്‌നമെന്തായിരുന്നെന്ന് വെച്ചാല്‍ എന്റെ തൊട്ടടുത്ത് മൂന്ന് ചെറുപ്പക്കാരായിരുന്നു. അതില്‍ രണ്ട് പേര്‍ ആദ്യമേ പടം കണ്ടിട്ട് ഓരോ ഡയലോഗും പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു.

F1 Phot: Theatrical poster

കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാള്‍ക്ക് സിനിമ മൊത്തം സംശയമായിരുന്നു. ‘എന്തിനാ ഇങ്ങനെ ചെയ്യുന്നത്, എന്തിനാ അങ്ങനെ ചെയ്യുന്നത്’ എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ക്ലൈമാക്‌സില്‍ ‘എന്തിനാ ഇവിടെ സൈലന്‍സ് ആക്കിയത്’ എന്ന് ചോദിച്ചു. ഇതെല്ലാം കേട്ടുകൊണ്ട് ഞാന്‍ അവരോട് മിണ്ടാതിരിക്കാന്‍ ‘ശ്ശ്ശ്’ എന്ന് ആംഗ്യം കാണിച്ചു. അതോടെ അവര്‍ മിണ്ടാതിരുന്നു’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

നല്ല സിനിമകള്‍ റിലീസായെന്നറിയുമ്പോള്‍ അതിന് വേണ്ടി എത്ര ദൂരം സഞ്ചരിക്കാനും താന്‍ തയാറാകുമെന്നും ദുല്‍ഖര്‍ പറയുന്നു. താന്‍ ചെന്നൈയില്‍ നില്‍ക്കുമ്പോഴാണ് പല നല്ല സിനിമകളും റിലീസാകാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഷൂട്ടിനിടയിലായിരുന്നു ജയിലര്‍ റിലീസായതെന്നും ക്രൂ മൊത്തം ആ സിനിമ കാണാന്‍ പോയെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

ജയിലര്‍ കാണാനായി ട്രിച്ചിയില്‍ നിന്ന് മധുര വരെ ട്രാവല്‍ ചെയ്തിട്ടുണ്ട്. ആ പടത്തിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഭീകരമായിരുന്നു. ഇന്റര്‍വെല്‍ സീനിന് കിട്ടിയ കൈയടി മറക്കാനാകില്ല. പത്താന്‍ എന്ന സിനിമയും ഇതുപോലെ തിയേറ്ററില്‍ നിന്ന് കണ്ടിട്ടുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമ തിയേറ്ററില്‍ നിന്ന് കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ വേറെയാണ്’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

Content Highlight: Dulquer Salmaan saying F1 was his best theatre experience this year