മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ സെന്‍സേഷനായി മാറിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തമിഴും തെലുങ്കും കടന്ന് ബോളിവുഡില്‍ വരെ ദുല്‍ഖര്‍ തന്റെ സാന്നിധ്യമറിയിച്ചു. ഏറ്റവും പുതിയ ചിത്രമായ കാന്തായും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
സിനിമാലോകത്ത് തന്റെ ഗുരുക്കന്മാര്‍ ആരൊക്കെയാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യത്തെ ഗുരു തന്റെ അച്ഛനാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. കാന്തായുടെ പ്രൊമോഷന്റെ ഭാഗമായി ഹോണസ്റ്റ് ടൗണ്‍ഹാള്‍ എന്ന ടോക്‌ഷോയില്‍ സംസാരിക്കവെയാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
‘ആദ്യത്തെ ഗുരു അച്ഛന്‍ തന്നെയാണ്. അക്കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. പിന്നെ സ്‌കൂളിലും കോളേജിലുമൊക്കെ എന്നെ പഠിപ്പിച്ച അധ്യാപകര്‍. പിന്നീട് സംവിധായകന്‍ അന്‍വര്‍ റഷീദാണ്. ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും എന്റെ ഗുരുവായും മെന്ററായും ഞാന്‍ കണക്കാക്കുന്നയാളാണ് അമ്പുക്ക.
ഇപ്പോഴും ഓരോ പടത്തിന്റെയും ട്രെയ്‌ലര്‍ റിലീസായക്കഴിഞ്ഞാല്‍ അമ്പുക്ക അഭിപ്രായം പറയാറുണ്ട്. ‘നന്നായിട്ടുണ്ട, അടിപൊളിയാവും’ എന്നൊക്കായാണ് അദ്ദേഹം പറയുന്നത്. അന്നത്തെ ദിവസം ഞാന്‍ ഓക്കെയാകാന്‍ അത് മാത്രം മതി. എന്റെ ഓരോ നേട്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്ന് ഉറപ്പാണ്’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
സ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മകളും താരം പങ്കുവെച്ചു. താന്‍ ഒരിക്കലും ബാക്ക്‌ബെഞ്ചറായിരിക്കാന്‍ അധ്യാപകര്‍ സമ്മതിച്ചില്ലായിരുന്നെന്ന് ദുല്‍ഖര്‍ പറയുന്നു. ഓരോ ക്ലാസ് മാറുമ്പോഴും ടീച്ചര്‍മാര്‍ തന്റെ പേര് വിളിച്ച് അന്വേഷിക്കുമായിരുന്നെന്നും ഫ്രണ്ട് ബെഞ്ചില്‍ ഇരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘പാരന്റ്‌സ് മീറ്റിങ്ങിന് പലപ്പോഴും എന്റെ ഉമ്മയായിരുന്നു വന്നിരുന്നത്. എപ്പോള്‍ വരുമ്പോഴും കൈയിലൊരു ഖുറാനുണ്ടായിരിക്കും. ഞാന്‍ ഇത്തവണ എന്താണ് കാണിച്ചുവെച്ചതെന്ന് ഉമ്മക്ക് ടെന്‍ഷനായിരുന്നു. എല്ലാ മീറ്റിങ്ങിലും ടീച്ചര്‍മാര്‍ പറഞ്ഞിരുന്നത് ഒരേ കാര്യം തന്നെയാണ്. ‘നല്ല പൊട്ടന്‍ഷ്യലുള്ള പയ്യനാണ്. പക്ഷേ, അത് ഉപയോഗിക്കുന്നില്ല’ ഇതൊക്കെയാണ് എന്റെ സ്‌കൂള്‍ ഓര്‍മകള്‍’ ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: Dulquer Salmaan saying Anwar Rasheed is one of his mentors