സെക്കന്റ് ഷോയിലൂടെ വന്ന് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ദുൽഖർ സൽമാൻ. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളത്തിലെ യൂത്ത് ഐക്കണായി മാറാൻ ദുൽഖറിന് കഴിഞ്ഞു. ഓ കാതൽ കണ്മണി, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രങ്ങളിലൂടെ തമിഴ് സിനിമ പ്രേമികളുടെ ഹൃദയത്തിലേക്കും ദുൽഖർ ചേക്കേറി.
സീതാരാമം, മഹാനടി, ലക്കി ഭാസ്‌ക്കർ എന്നീ തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും ദുൽഖർ തന്റെ സാന്നിധ്യമറിയിച്ചു. ലക്കി ഭാസ്കർ എന്ന ചിത്രം നൂറ് കോടി ക്ലബ്ബിൽ കയറിയതിലൂടെ തെലുങ്കിലെ ഏറ്റവും തിരക്കുള്ള നടനായി അദ്ദേഹം മാറി. അതേ ചിത്രത്തിലൂടെത്തന്നെ തെലുങ്കിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡും താരം സ്വന്തമാക്കി. പിന്നാലെ തുടരെത്തുടരെ വമ്പൻ തെലുങ്ക് പ്രൊജക്ടുകളാണ് ദുൽഖറിന്റേതായി അനൗൺസ് ചെയ്തത്.
ഇപ്പോഴിതാ മറ്റൊരു തെലുങ്ക് ചിത്രവുമായി എത്തുകയാണ് ദുൽഖർ സൽമാൻ. ചിത്രത്തിന്റെ പൂജ ഇന്ന് (തിങ്കൾ) കഴിഞ്ഞു. തന്റെ 41-ാമത്തെ ചിത്രത്തിനായി നവാഗത സംവിധായകൻ രവി നെലകുടിറ്റിയുമായാണ് അദ്ദേഹം ഒന്നിക്കുന്നത്. പ്രണയകഥയായിരിക്കും ചിത്രം പറയുകയെന്നാണ് സൂചന. ‘DQ41’ എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്.
ഹൈദരാബാദിൽ നടന്ന ചടങ്ങിൽ നടൻ നാനി ക്ലാപ്പ്ബോർഡ് അടിച്ചു. സംവിധായകൻ ബുച്ചി ബാബു സന ക്യാമറ ചലിപ്പിച്ചു. എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ ദസറയുടെ നിർമാതാവ് സുധാകർ ചെറുകുരിയാണ് ചിത്രത്തിന്റെ നിർമാണം. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ അനയ് ഓം ഗോസ്വാമിയാണ് ഛായാഗ്രാഹകൻ. ഗുന്നം സന്ദീപ്, രമ്യ ഗുന്നം, നാനി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പാൻ ഇന്ത്യൻ ആയാണ് ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.
ചടങ്ങിൽ ദുൽഖറിന്റെ തെലുങ്ക് സിനിമയിലെ യാത്രയെക്കുറിച്ച് നാനി അനുസ്മരിച്ചു. ‘ഓകെ ബംഗാരം’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ വേണ്ടി താനാണ് ശബ്‌ദം നൽകിയതെന്ന് നാനി പറഞ്ഞു. അവിടെ മുതൽ ഇവിടെ വരെ കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം വളർന്നതെന്നും ആ യാത്രയിൽ തനിക്ക് ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും നാനി കൂട്ടിച്ചേർത്തു. ദുൽഖർ ശരിക്കും ഒരു പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ ആണെന്നും അദ്ദേഹം പറയുകയുണ്ടായി.