സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താ. റിലീസിന് രണ്ട് ദിവസം മുമ്പ് തമിഴ്‌നാട്ടിലും ആന്ധ്രയിലും ചിത്രത്തിന്റെ പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിരുന്നു. അതിഗംഭീര പ്രതികരണങ്ങളാണ് പ്രീമിയറിന് പിന്നാലെ കാന്താക്ക് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ കാന്തായും ഉള്‍പ്പെടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
1950കളില്‍ നടക്കുന്ന കഥയെ വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ചിട്ടുണ്ടെന്നും ടെക്‌നിക്കല്‍ മേഖല അവരുടെ 100 ശതമാനം എഫര്‍ട്ടും നല്കിയിട്ടുണ്ടെന്നുമാണ് പ്രതികരണങ്ങള്‍. അഭിനേതാക്കളും ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും പലരും റിവ്യൂവില്‍ കുറിച്ചു. ദുല്‍ഖറിന്റെ പ്രകടനത്തെയും പലരും എടുത്തു പറയുന്നുണ്ട്.
ഇതുവരെ ദുല്‍ഖര്‍ എന്ന താരത്തെ മാത്രമാണ് കണ്ടതെങ്കില്‍ ഈ സിനിമയില്‍ ദുല്‍ഖറിലെ നടനെ മാക്‌സിമം ഉപയോഗിച്ചിട്ടുണ്ടെന്നും പ്രീമിയര്‍ ഷോ കണ്ടവര്‍ അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷത്തെ നാഷണല്‍ അവാര്‍ഡില്‍ ദുല്‍ഖറിന്റെ പേരും ഉണ്ടാകുമെന്നാണ് പോസ്റ്റുകള്‍. മഹാദേവന്‍ എന്ന സൂപ്പര്‍സ്റ്റാറായി ദുല്‍ഖര്‍ ഞെട്ടിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം.
അന്യഭാഷയിലെ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത പോലെയാണ് ദുല്‍ഖറിന്റെ സിനിമകള്‍ക്ക് ആന്ധ്രയിലും തമിഴ്‌നാട്ടിലും ലഭിക്കുന്നത്. മലയാളത്തില്‍ മറ്റൊരു നടനും ഇത്തരത്തില്‍ ഒരു സ്വീകാര്യത ലഭിക്കുന്നില്ലെന്നത് ദുല്‍ഖറിനെ വേറിട്ട് നിര്‍ത്തുന്ന കാര്യമാണ്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിളിക്ക് എന്തുകൊണ്ടും യോഗ്യന്‍ ദുല്‍ഖര്‍ തന്നെയാണെന്ന് വീണ്ടും തെളിയിച്ചു.
തമിഴിലെ ആദ്യ കാല സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കാന്താ ഒരുങ്ങുന്നതെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കഥയില്‍ കുറച്ച് ഫിക്ഷനും കൂടി ചേര്‍ത്ത് അവതരിപ്പിക്കുന്ന കഥയാണ് കാന്തായുടേതെന്ന് നിര്‍മാതാക്കളിലൊരാളായ റാണാ ദഗ്ഗുബട്ടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ദുല്‍ഖറിന് പുറമെ റാണാ ദഗ്ഗുബട്ടിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവാഗതനായ സെല്‍വമണി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.