നടിപ്പിന്‍ ചക്രവര്‍ത്തി ഇനി ഒ.ടി.ടി ഭരിക്കും; കാന്ത സ്ട്രീമിങ് തീയതി പുറത്ത്
Indian Cinema
നടിപ്പിന്‍ ചക്രവര്‍ത്തി ഇനി ഒ.ടി.ടി ഭരിക്കും; കാന്ത സ്ട്രീമിങ് തീയതി പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th December 2025, 2:31 pm

സെല്‍വമണി സെല്‍വരാജിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കാന്ത ഒ.ടി.ടിയിലേക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും സ്പിരിറ്റ് മീഡിയയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം നവംബര്‍ 14നാണ് തിയേറ്ററുകളിലെത്തിയത്.

Kaantha /Theatrical poster

അനൗണ്‍സ്മെന്റ് മുതല്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രം  തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പുറത്ത് വന്നിരിക്കുകയാണ്. ഡിസംബര്‍ 12ന് നെറ്റ്ഫ്‌ളിക്‌സിലൂടെ കാന്ത സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.

മികച്ച സിനിമയെന്നും ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്നും ആരാധകര്‍ അഭിപ്രായപ്പെട്ട സിനിമയായിരുന്നു കാന്ത. സിനിമയിലെ പ്രകടനത്തിന് ദുല്‍ഖറിന് ദേശീയ അവാര്‍ഡ് വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പലരും അഭപ്രായപ്പെട്ടിരുന്നു.

ചിത്രത്തില്‍ ദുല്‍ഖറിന് പുറമെ റാണാ ദഗ്ഗുബട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി.കെ മഹാദേവന്‍ എന്ന നടനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിട്ടത്.

1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തിലുള്ള കഥ പറയുന്ന  ചിത്രം  ഒരു  പീരിയഡ്  ഡ്രാമയായാണ് എത്തിയത്. വേഫറര്‍ ആദ്യമായി നിര്‍മിച്ച അന്യഭാഷ ചിത്രം കൂടിയാണ് കാന്ത.

Content Highlight: Dulquer Salmaan’s film Kantha OTT streaming date out