ഒരു വലിയ മലയാള സിനിമയുമായി ഞാന്‍ വരും; അത് പീരിയഡ് സിനിമയൊന്നുമല്ല, കൂളായ കഥാപാത്രം: ദുല്‍ഖര്‍ സല്‍മാന്‍
Malayalam Cinema
ഒരു വലിയ മലയാള സിനിമയുമായി ഞാന്‍ വരും; അത് പീരിയഡ് സിനിമയൊന്നുമല്ല, കൂളായ കഥാപാത്രം: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th November 2025, 8:26 am

ഐ.ആം ഗെയിം എന്ന വലിയ മലയാള സിനിമയുമായി താന്‍ പ്രേക്ഷകരുടെ അടുത്തേക്ക് വരുമെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഈ ചിത്രത്തില്‍ വളരെ കൂളായ കഥാപാത്രമായാണ് താന്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 14ന് റിലീസിനൊരുങ്ങുന്ന കാന്തയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ പൂര്‍ണമായും അന്യഭാഷയില്‍ ശ്രദ്ധ നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലക്കി ഭാസ്‌കറും ഈ വര്‍ഷം കാന്തയും ദുല്‍ഖറിന്റേതായി ഒരുങ്ങിയ തെലുങ്ക് സിനിമകളാണ്. ഇപ്പോള്‍ വരാന്‍ പോകുന്ന ഐ ആം ഗെയിം എന്ന മലയാള സിനിമയെ കുറിച്ച് ദുല്‍ഖര്‍ സംസാരിക്കുന്നു.

‘ഞാന്‍ ഒരുപാട് നാളായി ഒരു മലയാള സിനിമ ചെയ്തിട്ട് എന്ന് എനിക്കറിയാം. ഇനി വരാന്‍ പോകുന്നത് ഒരു മലയാള സിനിമയുമായിട്ടാണ്. ഒരു വലിയ മലയാള സിനിമയുമായാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നത്. ഈ സിനിമയില്‍ ഒരു കൂള്‍, സ്റ്റൈലിഷ് ആയിട്ടുള്ള റോളിലാണ് ഞാന്‍ വരുന്നത്. അത് പീരിയഡ് സിനിമ ഒന്നും ആയിരിക്കില്ല. ആ സിനിമ നിങ്ങള്‍ എല്ലാവരും ആസ്വദിക്കുമെന്ന് വിശ്വസിക്കുന്നു,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

ആര്‍.ഡി.എക്സ് എന്ന ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. സ്പോര്‍ട്സ്, ആക്ഷന്‍, ഫാന്റസി എന്നീ ഴോണറുകളിലായാണ് ചിത്രം ഒരുങ്ങുന്നത്. വന്‍ ബജറ്റിലെത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പെയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

തമിഴ് താരങ്ങളായ മിഷ്‌കിന്‍, കതിര്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആര്‍.ഡി.എക്സിനായി ആക്ഷന്‍ രംഗങ്ങളൊരുക്കിയ അന്‍ബറിവാണ് ഐ ആം ഗെയിമിന്റെ ആക്ഷന്‍ സീനുകള്‍ ഒരുക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം.

Content highlight: Dulquer Salmaan on the movie I Am Game