ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; സീതാ രാമത്തിന് ശേഷം ദുല്‍ഖറും മൃണാളും വീണ്ടും ഒന്നിക്കുന്നു?
Film News
ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; സീതാ രാമത്തിന് ശേഷം ദുല്‍ഖറും മൃണാളും വീണ്ടും ഒന്നിക്കുന്നു?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th September 2022, 9:51 pm

സീതാ രാമത്തില്‍ പ്രേക്ഷകരെ ഏറ്റവുമധികം ആകര്‍ഷിച്ച ഘടകമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍- മൃണാള്‍ താക്കൂര്‍ ജോഡി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മൂലം സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നാണ് ചിത്രം കണ്ടവര്‍ പറഞ്ഞത്. സീതാ മഹാലക്ഷ്മിയും ലഫ്. റാമുമായുള്ള ഇരുവരുടെയും പ്രകടനവും മികച്ചു നിന്നിരുന്നു.

ഇപ്പോള്‍ ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തയാണ് വരുന്നത്. ദുല്‍ഖറും മൃണാളും പുതിയൊരു ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിച്ചേക്കാം. സീതാ രാമത്തിന്റെ സംവിധായകന്‍ ഹനു രാഘവപുടി തന്നെ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലായിരിക്കും ഇരുവരും വീണ്ടുമെത്തുകയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സീതാ രാമം പ്രൊഡ്യൂസറായ അശ്വനി ദത്ത് തന്നെയാവും ഈ ചിത്രവും പ്രൊഡ്യൂസ് ചെയ്യുക. അതേസമയം ഇതേകുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

സീതാ രാമം സെപ്റ്റംബര്‍ 11ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. രശ്മിക മന്ദാന, ഗൗതം വാസുദേവ് മേനോന്‍, സുമന്ത്, പ്രകാശ് രാജ്, ഭൂമിക ചൗള തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ഹിന്ദി-ഡബ്ബ് പതിപ്പ് സെപ്തംബര്‍ രണ്ടിന് പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഹിന്ദിയിലും ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് ഒരു തുടര്‍ച്ചയോ റീമേക്കോ വേണമെന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു, എന്നാല്‍ സീതാ രാമം വീണ്ടും നിര്‍മിക്കാന്‍ കഴിയില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.
അപൂര്‍വമായാണ് സീതാ രാമം പോലെയൊരു ചിത്രം സംഭവിക്കുകയെന്നും അതിന് പ്രീക്വലോ സീക്വലോ നിര്‍മിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

കീര്‍ത്തി സുരേഷ് നായികയായ മഹാനടിക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാ രാമം. മൃണാളിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം.

Content Highlight: Dulquer salmaan and Mrunal thakur may reunite for a new film