കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം മലയാളത്തില്‍ സിനിമയൊന്നും ചെയ്യാത്തതിന്റെ പേരില്‍ മലയാളി താരം ദുല്‍ഖറിനെതിരെ ചിലര്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. എന്നാല്‍ അന്യഭാഷയില്‍ തനിക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ തുടര്‍ച്ചയായി അന്യഭാഷാ സിനിമകള്‍ ചെയ്യുന്നതില്‍ കേരളത്തില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്ന് താരം പറഞ്ഞു.
തെലുങ്കിലെ പ്രേക്ഷകര്‍ക്ക് തന്നോട് എന്നും പ്രത്യേക ഇഷ്ടമുണ്ടെന്നും അത് താന്‍ പലപ്പോഴും തിരിച്ചറിയാറുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. അന്യഭാഷാ താരമായിട്ടല്ല തന്നെ പലരും കാണുന്നതെന്നും തെലുങ്കിലെ ഒരു നടനായി കണക്കാക്കുന്നുണ്ടെന്നും താരം പറയുന്നു. കാന്തായുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ആന്ധ്രയോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
‘ഇവിടുത്തെ പ്രേക്ഷകരുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ അവര്‍ താരങ്ങളോട് ക്ഷമിക്കുകയും വീണ്ടും അവസരം നല്കുകകയും ചെയ്യും. ഒരുപാട് തവണ ഞാന്‍ ഇത് കണ്ടിട്ടുണ്ട്. എന്റെ ഇന്‍ഡസ്ട്രി, അതായത് മലയാളത്തില്‍ എങ്ങനെയാണെന്ന് വെച്ചാല്‍, രണ്ട് വര്‍ഷത്തോളം ഞാന്‍ സിനിമ ചെയ്യാതിരുന്നാല്‍ ഫീല്‍ഡ് ഔട്ടായെന്ന് പലരും പറയും.
എന്നാല്‍ ഇവിടെ തെലുങ്കില്‍ എങ്ങനെയാണെന്ന് നോക്കൂ. റാണ അടുത്ത പടത്തിലേക്ക് കടക്കാന്‍ കുറച്ചധികം സമയമെടുക്കുമ്പോള്‍ ആളുകള്‍ പറയുന്നത് ‘റാണാ, നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നത് നിര്‍ത്തൂ, പുതിയ സിനിമ ചെയ്യൂ’ എന്നാണ്. ഇഷ്ട നടനോട് ആരാധകര്‍ക്കുള്ള സ്‌നേഹവും കരുതലുമെല്ലാം ആ വാക്കുകളില്‍ നമുക്ക് തിരിച്ചറിയാനാകും.
ഇത്തരം സ്‌നേഹവും പ്രേക്ഷകരെയും കാണുമ്പോള്‍ സന്തോഷമാണ്. നമ്മള്‍ പുതിയതായി എന്തെങ്കിലും ചെയ്യാനോ അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ നമ്മളെ കാണണം എന്നുള്ള ചിന്തകളും വലിയ പ്രചോദനമാണ്. എനിക്ക് ഇതെല്ലാം വളരെ സ്‌പെഷ്യലാണ്. തെലുങ്കിലെ പ്രേക്ഷകരോട് ഇഷ്ടം തോന്നാനുള്ള കാരണം അതാണ്’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം കാന്താ റിലീസിന് തിയേറ്ററുകളിലെത്തുകയാണ്. 1950കളില്‍ തമിഴ് സിനിമയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ദുല്‍ഖറിനൊപ്പം റാണാ ദഗ്ഗുബട്ടിയും കാന്തായില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
Content Highlight: Dulquer Salmaan about the love he got from Telugu Audience