കഴിഞ്ഞദിവസം കാന്തായുടെ പ്രൊമോഷന്റെ ഭാഗമായി ദുല്‍ഖര്‍ നല്കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കേരളത്തിന് പുറത്തുള്ള പ്രേക്ഷകര്‍, വിശേഷിച്ച് തെലുങ്കിലെ പ്രേക്ഷകര്‍ തന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. എന്നാല്‍ മലയാളത്തില്‍ താന്‍ രണ്ട് വര്‍ഷം മാറി നിന്നാല്‍ ഫീല്‍ഡൗട്ടായെന്ന് പറയുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ ഈ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയാണ്. മറ്റ് ഭാഷകളിലെ സ്വീകാര്യത കണ്ടപ്പോള്‍ കേരളത്തിലെ പ്രേക്ഷകരെ തള്ളിപ്പറയുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. മലയാളത്തിലാണ് ആദ്യം പോപ്പുലറായതെന്നും മറ്റ് ഭാഷയില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം അതാണെന്നും പറഞ്ഞുകൊണ്ട് പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നുണ്ട്.
കിങ് ഓഫ് കൊത്ത പോലൊരു സിനിമ പരാജയമായത് ഇപ്പോഴും ദുല്‍ഖറിന് അംഗീകരിക്കാനാകുന്നില്ലെന്നും അതിന് കിട്ടിയ ട്രോളുകള്‍ താരത്തെ തളര്‍ത്തിയിട്ടുണ്ടെന്നും ചില പോസ്റ്റുകളില്‍ പറയുന്നുണ്ട്. നല്ല സിനിമകള്‍ കണ്ടാല്‍ അംഗീകരിക്കുകയും മോശം സിനിമകളെ ട്രോളുകയും ചെയ്യുന്നവരാണ് മലയാളത്തിലെ പ്രേക്ഷകരെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
വിമര്‍ശനങ്ങളെ വേണ്ട രീതിയില്‍ സ്വീകരിക്കാന്‍ ദുല്‍ഖര്‍ ഇനിയും പഠിക്കേണ്ടതുണ്ടെന്നും പോസ്റ്റുകളുണ്ട്. തെലുങ്കിലെ മറ്റ് ടൈര്‍ 3 നടന്മാരെ അപേക്ഷിച്ച് ദുല്‍ഖര്‍ മികച്ചതാണെന്നും എന്നാല്‍ ഇത്രയും വലിയ സ്വീകാര്യത കാണുമ്പോള്‍ സ്വന്തം പ്രേക്ഷകരെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദുല്‍ഖറിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടും ചില പോസ്റ്റുകളുണ്ട്.
കിങ് ഓഫ് കൊത്തക്ക് ശേഷം രണ്ട് വര്‍ഷത്തോളം മലയാളത്തില്‍ സിനിമ ചെയ്യാതെ ഇരുന്നപ്പോള്‍ ദുല്‍ഖര്‍ ഫീല്‍ഡ് ഔട്ടായെന്ന് ചിലര്‍ പറഞ്ഞു പരത്തിയെന്ന് ആരോപിച്ചിട്ടുണ്ടെന്നാണ് അഭിപ്രായപ്പെടുന്നത്. ദുല്‍ഖര്‍ മാത്രമല്ല, നിവിന്‍ പോളി, മമ്മൂട്ടി, ജയസൂര്യ എന്നിവര്‍ ഇത്തരത്തില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നവരാണെന്നും പോസ്റ്റില്‍ പറയുന്നു.
‘അസുഖബാധിതനായി വിശ്രമിക്കുന്ന സമയത്ത് മമ്മൂട്ടി പാട്രിയറ്റില്‍ നിന്ന് പിന്മാറി, മോഹന്‍ലാല്‍ നായകനായി, മമ്മൂട്ടിക്ക് ഇനി വലിയ സിനിമകള്‍ ചെയ്യാനാകില്ല എന്നൊക്കെ പറഞ്ഞുപരത്തിയവര്‍ ഇവിടെയുണ്ട്’, ‘തുടര്‍ച്ചയായി നാലഞ്ച് സിനിമ പരാജയമായപ്പോള്‍ നിവിന്‍ പോളി ഫീല്‍ഡ് ഔട്ടായെന്ന് പറഞ്ഞവരാണ് ഇവിടെയുള്ളവര്‍’, ‘കത്തനാരിന് വേണ്ടി ജയസൂര്യ രണ്ട് വര്‍ഷം മാറ്റിവെച്ചപ്പോള്‍ അയാളെയും ഫീല്‍ഡൗട്ടെന്ന് ആരോപിച്ചു’ ഇങ്ങനെയുള്ളവരയാണ് ദുല്‍ഖര്‍ ഉദ്ദേശിച്ചതെന്ന് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എത്ര വിമര്‍ശനം നേരിടേണ്ടി വന്നാലും അടുത്ത സിനിമയായ ഐ ആം ഗെയിം റെക്കോഡ് കളക്ഷന്‍ നേടുമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.
Content Highlight: Dulquer Getting criticisms for blaming Malayali audience