തിയേറ്ററില്‍ വന്‍ വിജയമാവുകയും ഒ.ടി.ടിയില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്ത ചിത്രമാണ് ഡ്യൂഡ്. ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ നേടിയ ചിത്രം ഒ.ടി.ടിയിലെത്തിയപ്പോള്‍ പല ട്രോള്‍ പേജുകളും വലിച്ചുകീറി. ഏറ്റവുമധികം വിമര്‍ശനം നേരിട്ടത് സംഗീതസംവിധായകന്‍ സായ് അഭ്യങ്കറാണ്. ഒരു പാട്ടിന്റെ പല വേരിയേഷനുകളാണ് സായ് ഡ്യൂഡിനായി ഒരുക്കിയത്.
ബി.ജി.എം ഉണ്ടാക്കാന്‍ പ്രയാസമുള്ളതുകൊണ്ടാണോ ഇങ്ങനെ ചെയ്തതെന്നും ഒരു പാട്ടിന്റെ പൈസക്ക് 10 ബി.ജി.എം സംവിധായകന്‍ ഉണ്ടാക്കി എന്നൊക്കെയാണ് ട്രോളുകള്‍. എന്നാല്‍ ട്രോളിയവരെ അമ്പരപ്പിച്ചുകൊണ്ട് ഡ്യൂഡിലെ ബി.ജി.എം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്റര്‍വെല്‍ സീനിലെ ബി.ജി.എമ്മാണ് ട്രെന്‍ഡായി മാറിയത്.
ചിത്രത്തിലെ ആദ്യ ഗാനമായ ‘ഊറും ബ്ലഡി’ന്റെ നാദസ്വരം വേര്‍ഷനാണ് ഇന്റര്‍വെല്‍ സീനില്‍ പ്ലെയ്‌സ് ചെയ്തത്. സായ് അഭ്യങ്കറിന്റെ കിടിലന്‍ കമ്പോസിഷനാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഈ ബി.ജി.എം മറ്റ് പല സീനുകളിലും മിക്‌സ് ചെയ്ത വീഡിയോ ഇതിനോടകം ട്രെന്‍ഡിങ്ങായി മാറി. ബാഹുബലി ദി ബിഗിനിങ്ങിന്റെ ക്ലൈമാക്‌സില്‍ അമരേന്ദ്ര ബാഹുബലിയെ രാജാവായി പ്രഖ്യാപിക്കുന്ന സീനിന് ഈ ബി.ജി.എം നല്കിയ വീഡിയോക്കാണ് ഏറ്റവും റീച്ച്.
അല്ലു അര്‍ജുന്‍ നായകനായ ആര്യ, രജിനിയുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ പടയപ്പയിലെ ഇന്റര്‍വെല്‍ സീന്‍, റെട്രോ എന്‍ഡ് ക്രെഡിറ്റ് സീന്‍, പ്രഭാസിന്റെ കല്‍ക്കി, സലാര്‍, വിജയ് നായകനായ ബിഗില്‍ ഇന്റര്‍വെല്‍ സീന്‍, രംഗസ്ഥലം ക്ലൈമാക്‌സ് എന്നീ സിനിലെല്ലാം ഈ ബി.ജി.എം മിക്‌സ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
എല്ലാ വീഡിയോക്കും സായ് ഒരുക്കിയ ബി.ജി.എം പക്കാ സിങ്കെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഏത് പാട്ടിന്റെ പേരിലാണോ ട്രോള്‍ ചെയ്യപ്പെട്ടത് അതേ പാട്ടിന്റെ ബി.ജി.എം വെച്ച് ട്രെന്‍ഡിങ്ങില്‍ ഇടംനേടിയ സായ് അഭ്യങ്കര്‍ തന്നെയാണ് ഇപ്പോഴത്തെ താരം. തമിഴ് സിനിമയില്‍ ഇനിയങ്ങോട്ട് സായ് ഞെട്ടിക്കുമെന്ന് ഉറപ്പാണെന്നും പലരും അഭിപ്രായപ്പെടുന്നു.