കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച്
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുന്‍പേ എഴുതി വെച്ച ഒരു വിധിയാണിതെന്നും 99 ശതമാനവും വിധി ഇങ്ങനെ തന്നെയാകുമെന്ന് അറിയാമായിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സമൂഹത്തിലെ എല്ലാവർക്കും ഇന്നത്തെ വിധി എന്താകുമായിരുന്നെന്ന് വ്യക്തമായിട്ട് അറിയാമെന്നും ഒരുപക്ഷെ വിധി മറിച്ച് സംഭവിച്ചിരുന്നെങ്കിൽ നമ്മൾ അത്ഭുതപ്പെട്ടേനെയെന്നും അവർ കൂട്ടിച്ചേർത്തു.
‘അമ്മ’ ഈ വിധി ആഘോഷിക്കും.വരും ദിവസങ്ങളില്‍ അത് കാണാമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
അതേസമയം വിധിക്കു ശേഷം മഞ്ജു വാര്യര്‍ക്ക് എതിരായ ദിലീപിന്റെ ആക്ഷേപം അനാവശ്യമായിരുന്നെന്നും അവർ പറഞ്ഞു.
‘നാലുവർഷം മുമ്പ് തൃശൂരിൽ അവളോടൊപ്പം എന്ന പരിപാടിയിൽ ഞാൻ കോടതിക്കെതിരേ പറഞ്ഞപ്പോൾ എന്നെ കടിച്ചു കീറാൻ വന്നിരുന്നു. കേസ് നടന്നുകൊണ്ടിരിക്കുന്നേയുള്ളുവെന്നും അത്തരത്തിൽ കോടതിക്കെതിരേ പറയരുതെന്ന് ആളുകൾ പറഞ്ഞു. അന്ന് എഴുതിവച്ച വിധി ഇന്ന് വായിച്ചതുപോലെയെ എനിക്ക് തോന്നിയുള്ളൂ,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
കോടതിക്കുള്ളിൽ അവൾ മാത്രമല്ല അവൾക്കുവേണ്ടി സാക്ഷിപറയാൻ വന്ന എല്ലാവരും അനുഭവിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
‘രണ്ടുമണിക്കൂർ പെൺകുട്ടി തെരുവിൽ അനുഭവിച്ചതിനേക്കാൾ കൂടുതൽ ക്രൂരത കോടതിമുറിക്കുള്ളിൽ നടത്തിയ ഒമ്പത് വക്കീലുമാർ അവളോട് കാണിച്ചിരുന്നു. അതിനപ്പുറമുള്ള വേദനയൊന്നും അവൾക്കില്ല,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടതായും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.
പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. തോമസാണ് വിധി പുറപ്പെടുവിച്ചത്. ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികൾക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതി വിധി.
Content Highlight: Dubbing artist Bhagyalakshmi reacts to the verdict in the actress attack case