തട്ടിപ്പ് കേസില്‍ സൗദി മന്ത്രിക്കെതിരെ കുറ്റം ചുമത്തി ദുബായ് കോടതി; 3000 കോടി പിഴ
World News
തട്ടിപ്പ് കേസില്‍ സൗദി മന്ത്രിക്കെതിരെ കുറ്റം ചുമത്തി ദുബായ് കോടതി; 3000 കോടി പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st December 2020, 9:44 am

ദുബായ്: തട്ടിപ്പ് കേസില്‍ സൗദി അറേബ്യ മന്ത്രിക്കെതിരെ കുറ്റം ചുമത്തി ദുബായ് കോടതി. സൗദിയുടെ തൊഴില്‍ വകുപ്പ് മന്ത്രി അഹ്മദ് അല്‍ റാജ്ഹിക്കെതിരെയാണ് ദുബായ് കോടതി കുറ്റം ചുമത്തിയത്. 450 മില്യണ്‍ ഡോളര്‍(33,28,13,25,000 രൂപ) പിഴയും ചുമത്തിയിട്ടുണ്ട്.

തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റുമെന്റുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് കോടതിയുടെ വിധി. തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപകനും കേസിലെ പരാതിക്കാരനുമായ ഫലസ്തീനിയന്‍ കനേഡിയന്‍ ബിസിനസ്സുകാരനായ ഒമര്‍ അയേഷക്ക് അനുകൂലമായിട്ടാണ് കോടതിയുടെ വിധി പ്രഖ്യാപനം.

പിഴ ചുമത്തിയത് കൂടാതെ ശിക്ഷക്ക് മുന്‍കാല പ്രാബല്യം നല്‍കി പിഴത്തുകക്ക് വാര്‍ഷിക പലിശ ഈടാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2017 മാര്‍ച്ച് 12 മുതല്‍ പിഴ അടച്ചുതീര്‍ക്കുന്നത് വരെ ഒമ്പത് ശതമാനം വാര്‍ഷികപ്പലിശ ഈടാക്കാനാണ് നിര്‍ദേശം.

തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റ്‌മെന്റിലെ 25 ശതമാനം ഓഹരിയുടെ ഉടമയായ ഒമര്‍ അയേഷിന് 2.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അഹ്മദ് അല്‍ റാജ്ഹിയോട് കോടതി ആവശ്യപ്പെട്ടു.

അഹ്മദ് അല്‍ റാജ്ഹിയും അദ്ദേഹത്തിന്റെ നാല് സഹോദരന്മാരും തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റ്‌മെന്റിന്റെ എല്ലാ സ്വത്തുവകകളും പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു മന്ത്രിക്കും സഹോദരന്മാര്‍ക്കുമെതിരെ കേസെടുത്തത്. ഒമര്‍ അയേഷിന്റെയും മറ്റു നൂറ് കണക്കിന് ഉപഭോക്താക്കളുടെയും ഓഹരികളടക്കമായിരുന്നു അഹ്മദ് അല്‍ റാജ് ഹി സ്വന്തമാക്കിരുന്നതെന്ന് അറബി21 റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഷിംഗ്ടണിലെ ഇന്റര്‍നാഷ്ണല്‍ ജസ്റ്റിസ് മിഷന്‍ കോടതി വിധിയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഏത് ഉന്നതസ്ഥാനത്തിരിക്കുന്നവരായാലും അഴിമതിക്കാരായ എല്ലാവരെയും പുറത്തുകൊണ്ടുവരുമെന്നായിരുന്നു ജസ്റ്റിസ് മിഷന്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dubai Court convicts Saudi labour minister of fraud