വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ സീറ്റിലേക്ക് മദ്യലഹരിയിലായിരുന്ന യുവാവ് മൂത്രമൊഴിച്ചതായി പരാതി
national news
വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ സീറ്റിലേക്ക് മദ്യലഹരിയിലായിരുന്ന യുവാവ് മൂത്രമൊഴിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 2:47 pm

ന്യൂദല്‍ഹി: വിമാനയാത്രയ്ക്കിടെ മദ്യ ലഹരിലായിരുന്നയാള്‍ സഹയാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചതായി പരാതി. എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റിനുള്ളില്‍വെച്ചാണ് സംഭവം നടന്നത്.

പ്രതിയ്‌ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും ഏവിയേഷന്‍ വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ന്യൂദല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ഫ്‌ളൈറ്റിനുള്ളില്‍വെച്ചാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതി ഭക്ഷണം കഴിച്ചതിന് ശേഷം അടുത്തിരുന്ന യാത്രക്കാരിയുടെ സീറ്റിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.


ALSO READ: തിരുവനന്തപുരം നഗരത്തില്‍ നിന്ന് ആറുകോടി രൂപ വിലയുള്ള മയക്കുമരുന്ന് പിടികൂടി


യാത്രക്കാരിയായ സ്ത്രീയുടെ മകള്‍ സംഭവം വിവരിച്ച് ട്വിറ്ററില്‍ രേഖപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

“കേന്ദ്രമന്ത്രി സുരേഷ് പ്രഭു,സുഷമ സ്വരാജ്, എയര്‍ ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് ഇന്ദ്രാണി ഗോഷ് എന്ന യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്.

എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്യുകയായിരുന്ന എന്റെ അമ്മയ്ക്ക് നേരേ ദാരുണമായ സംഭവമാണ് നടന്നത്. ഭക്ഷണം കഴിച്ചതിന് ശേഷം എല്ലാ യാത്രക്കാരും വിശ്രമിക്കുന്ന അവസരത്തില്‍ തന്റെ അമ്മയുടെ സീറ്റിലേക്ക് മദ്യലഹരിയിലായിരുന്ന ഒരാള്‍ മൂത്രമൊഴിച്ചു. എത്രയും പെട്ടെന്ന് തന്നെ സംഭവത്തില്‍ വേണ്ട നടപടിയെടുക്കണം- എന്നായിരുന്നു ട്വീറ്റ്.

സംഭവത്തില്‍ ഉടന്‍ തന്നെ നടപടിയെടുക്കുമെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.