വിമാനത്തില്‍ വെച്ച് യാത്രികന്‍ യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പരാതിയുമായി എയര്‍ ഇന്ത്യ
national news
വിമാനത്തില്‍ വെച്ച് യാത്രികന്‍ യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പരാതിയുമായി എയര്‍ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th January 2023, 11:15 am

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് മദ്യലഹരിയില്‍ യാത്രികന്‍ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചതായി പരാതി. നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം നടന്നത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് എയര്‍ ഇന്ത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യാത്രക്കാരനെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക കമ്മിറ്റിക്ക് എയര്‍ ഇന്ത്യ രൂപം നല്‍കുകയും ചെയ്തു.

വിമാനത്തില്‍ ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സീറ്റിനടുത്തേക്ക് വന്ന് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് പൊലീസിലാണ് യുവതി ആദ്യം പരാതി നല്‍കിയത്.

മൂത്രമൊഴിച്ച ശേഷം യാത്രക്കാരന്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നുവെന്നും, പിന്നാലെ പരാതി നല്‍കിയിട്ടും യാത്രക്കാരനെതിരെ നടപടിയെടുക്കാന്‍ വിമാന ജീവനക്കാര്‍ തയ്യാറായില്ലെന്നുമാണ് യുവതിയുടെ ആരോപണം.

വിമാനം ദല്‍ഹിയില്‍ ഇറങ്ങിയപ്പോഴും ഒരു നടപടിയും ഇയാള്‍ക്കെതിരെ എടുത്തില്ലെന്നും പരാതി കാബിന്‍ ക്രൂ നിരസിച്ചതായും യുവതി ആരോപിക്കുന്നു.

തുടര്‍ന്ന് യാത്രക്കാരി തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയോട് ഡി.ജി.സി.എ വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, ഇയാള്‍ മൂത്രമൊഴിച്ച് തന്റെ വസ്ത്രവും ഷൂസും ബാഗുമെല്ലാം നനഞ്ഞെന്നും വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പിന്നാലെ പൈജാമയും സ്ലിപ്പറുകളും കാബിന്‍ ക്രൂ നല്‍കിയെന്നും അത് ധരിച്ച് ക്രൂവിന്റെ സീറ്റിലിരുന്നാണ് താന്‍ യാത്ര ചെയ്തതെന്നും യുവതി പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

Content Highlight: Drunk Man Urinates On Woman In New York-Delhi Air India Flight