ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന് മുന്നോടിയായി പാകിസ്ഥാനിലെ സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. രാത്രി എട്ട് മണിയോടെ സ്റ്റേഡിയത്തില്‍ പെഷവാര്‍ സാല്‍മി-കറാച്ചി കിങ്‌സ് മത്സരം നടക്കാനിരിക്കവെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന.
അതേസമയം ചില ഡ്രോണുകള്‍ പാക് പ്രദേശങ്ങളില്‍ പതിക്കുന്നതിന് മുമ്പെ പ്രവര്‍ത്തനരഹിതമാക്കിയതായി പാകിസ്ഥാന്‍ ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ലാഹോര്‍, ഗുജ്രന്‍വാല, ചക്‌വാല്‍, ഭവല്‍പ്പൂര്‍, കറാച്ചി. റാവല്‍പിണ്ടി തുടങ്ങിയ പാക് നഗരങ്ങളിലാണ് ഡ്രോണാക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
സംഭവത്തിന് പിന്നാലെ റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മാച്ച് മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സ്‌റ്റേഡിയം തകര്‍ന്നു എന്ന തരത്തില്‍ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.
നിരവധി വിദേശ കളിക്കാര്‍ പങ്കെടുക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവയ്ക്കണോ എന്ന് ചര്‍ച്ച ചെയ്യാന്‍ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡ് അടിയന്തര യോഗം വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണ ഭീഷണിയുള്ളതിനാല്‍ കറാച്ചി കിങ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ അടക്കമുള്ളവര്‍ പാകിസ്ഥാന്‍ വിടാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ തുടരുന്നത് ഒട്ടും സുരക്ഷിതമല്ല എന്ന തന്റെ കുടുംബത്തിന്റെ ആശങ്കയ്ക്ക് പിന്നാലെ വാര്‍ണര്‍ കഴിയുന്നതും വേഗം പാകിസ്ഥാന്‍ വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാര്‍ണറിന് പുറമെ ഇംഗ്ലണ്ട് താരങ്ങളായ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നിവരും നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടുണ്ടെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.