ഡ്രൈവിംഗ് ലൈസന്‍സ് റിവ്യു ; സൂപ്പര്‍ താരവും ഒരു സൂപ്പര്‍ ആരാധകനും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍
Film Review
ഡ്രൈവിംഗ് ലൈസന്‍സ് റിവ്യു ; സൂപ്പര്‍ താരവും ഒരു സൂപ്പര്‍ ആരാധകനും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍
ശംഭു ദേവ്
Friday, 20th December 2019, 9:52 pm

സൂപ്പര്‍ താരവും, അയാളെ ആരാധിക്കുന്ന ആരാധകന്റെ കഥയും മലയാള സിനിമയില്‍ അധികം ചര്‍ച്ചയപ്പെടാത്ത വിഷയമാണ്. ഈയൊരു ദിശയില്‍ മുന്‍പേ സഞ്ചരിച്ച സിനിമകളാണ് രസികനും, പൃഥ്വിരാജ് തന്നെ നായകനായ വണ്‍ വേ ടിക്കറ്റും. പക്ഷെ ഇവയുടെയെല്ലാം പ്രമേയങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെത്.

ഒരു സൂപ്പര്‍ താരവും അദ്ദേഹത്തിന്റെ കടുത്ത ആരാധകന്റെയും കഥയാണ് സിനിമ പറയുന്നത്. അവരെ ചുറ്റി പറ്റി വികസിച്ചു നീങ്ങുന്ന കഥാസന്ദര്‍ ഭവും. ബോളിവുഡില്‍ ഷാരൂഖ് ഖാന്‍ നായകനായ ഫാനും, താരാരാധന അതിന്റെ അപകടരമായ വശത്തേക്ക് സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ആവിഷ്‌കരിച്ച ചിത്രമായിരുന്നു.

ഡ്രൈവിംഗ് ലൈസന്‍സ് ‘ഹരീന്ദ്രന്‍’ എന്ന സൂപ്പര്‍ താരവും അയാളുടെ ആരാധകനായ ‘കുരുവിള’ എന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനും ഇടയില്‍ സംഭവിക്കുന്ന തെറ്റിദ്ധാരണകളും, അവയില്‍ ഉടലെടുക്കുന്ന സംഘര്‍ഷവുമാണ് മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൃഥ്വിരാജാണ് ഹരീന്ദ്രനായി വേഷമിടുന്നത്, കുരുവിളയായി സുരാജ് വെഞ്ഞാറമൂടും. താന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിനോട് അനുബന്ധിച്ചു ഹരീന്ദ്രന് അദ്ധേഹത്തിന്റെ ലൈസന്‍സ് നല്‍കണം, എന്നാല്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് അത് നഷ്ടപ്പെട്ടിരിക്കുന്നു.

പുതിയൊരു ലൈസന്‍സ് എടുക്കേണ്ടി വരുന്നു, കാലം ആ ദൗത്യം കുരുവിളയെന്ന അദ്ദേഹത്തിന്റെ കടുത്ത ആരാധകന്റെ പക്കലിലേക്ക് കൊണ്ടെത്തിക്കുകയാണ്. സന്തോഷപൂര്‍വ്വം അദ്ധേഹം അത് സ്വീകരിക്കുന്നു. എന്നാല്‍ ഇരുവരും കാരണക്കാരല്ലാത്ത സാഹചര്യങ്ങള്‍ അരങ്ങേറുന്നതോട് കൂടി അവരുടെ ജീവിതം മാറി മറയുകയാണ്. അതിലൂടെ പരസ്പരം സ്പര്‍ദ്ധയിലേക്ക് പരിണമിക്കപ്പെടുന്ന ഒരു സൂപ്പര്‍ താരവും അദ്ദേഹത്തിന്റെ ആരാധകനും തമ്മിലുള്ള രസകരമായ പോരാട്ടമാണ് തുടര്‍ക്കഥ.

വാസ്തവത്തില്‍ ഇരുവരുടെ ഭാഗത്തും തെറ്റില്ല. അവര്‍ക്കിടയില്‍ സംഭവിച്ച ചെറിയൊരു തെറ്റിദ്ധാരണയും അതില്‍ അവരുടെ പ്രതികരണം അവരെ തന്നെ ശത്രുവാക്കി മാറ്റുകയാണ്. ആ സാഹചര്യം മുതലെടുക്കാനും വളച്ചൊടിക്കാനും ശ്രമിക്കുന്ന മനുഷ്യര്‍ അവര്‍ക്കിടയില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷവുമാണ് സിനിമ.

കാറുകളോട് ഹരമുള്ള ഹരീന്ദ്രനെയും, അദ്ദേഹത്തെ ആരാധിക്കുന്ന കുരുവിളയെയും സച്ചി തിരക്കഥയില്‍ ആദ്യം തന്നെ സ്ഥാപിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ചിത്രത്തിന്റെ പ്രധാന ഭാഗത്തിലേക്ക് ബോറടിപ്പിക്കാതെ കൊണ്ടെത്തിക്കുന്നുണ്ട് ജീന്‍ പോള്‍ ലാലിന്റെ സംവിധാനവും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമയ്ക്കുള്ളിലെ സിനിമ കാണിക്കുമ്പോള്‍ സാധാരണ കാണുന്ന ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിയാണ് ജീന്‍ ഇവിടെ സിനിമയെ സമീപിച്ചിരിക്കുന്നത്. അദ്ധേഹത്തിന്റെ മുന്‍ ചിത്രങ്ങളെ പോലെ ഒരു പരീക്ഷണ സ്വഭാവം നില നില്‍ക്കുന്നില്ല, എങ്കില്‍ പോലും നല്ലൊരു എന്റര്‍ടൈനര്‍ സമ്മാനിക്കുന്നതില്‍ പുറകോട്ട് നില്‍ക്കാതെ അദ്ദേഹം വിജയിച്ചു. സാഹചര്യങ്ങള്‍ പിരിമുറുങ്ങുന്നതും, അവയ്‌ക്കൊപ്പം ഹരീന്ദ്രനും കുരുവിളയ്ക്കും സംഭവിക്കുന്ന മാറ്റവും സച്ചി തിരക്കഥയിലൂടെ എന്‍ഗേജിങ് ആയി കൊണ്ടു വന്നു.

അതോടൊപ്പം ഇരുവരും ജയിക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടവും, ശ്രമവുമെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തും വിധം രസകരമായിരുന്നു. സിനിമയ്ക്കുള്ളിലെ താരങ്ങള്‍ തമ്മിലുള്ള തൊഴുത്തില്‍കുത്തും അസൂയയുമെല്ലാം ആക്ഷേപ ഹാസ്യത്തില്‍ പറയുന്നുണ്ട് തിരക്കഥയില്‍. അവയെല്ലാം പ്രേക്ഷകനെ ചിരിപ്പിക്കുന്ന രീതിയില്‍ തന്നെ ജീന്‍ പോള്‍ ലാലിന് സ്‌ക്രീനിലേക്കും കൊണ്ട് വരാന്‍ വിജയകരമായി സാധ്യമായി.

ഹണി ബീയിലെ ഹാസ്യം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു, അത് കൊണ്ട് തന്നെ എല്ലാ തലത്തിലുള്ള പ്രേക്ഷകനെയും അത് രസിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇവിടെ സച്ചിയുടെ തിരക്കഥ ഒരു നല്ല വശമാണ്. എല്ലാവര്‍ക്കും ദഹിക്കുന്ന ഒരു രസികന്‍ ചിത്രമാക്കാന്‍ ആ തിരക്കഥ വഹിച്ച പങ്ക് ചെറുതല്ല, അവിടേയ്ക്കാണ് ജീനിന്റെ കൈയ്യടക്കത്തോടെയുള്ള സംവിധാനവും വന്ന് ചേരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സമീപകാലത്ത് വന്ന പൃത്വിരാജിന്റെ എന്റര്‍ടൈന്മെന്റ് സിനിമ എന്ന ഗണത്തില്‍ ഏറ്റവും സമര്‍ത്ഥമായി വിജയിച്ച ചിത്രവുമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഹരീന്ദ്രനായി പൃഥ്വിരാജ് തിളങ്ങിയെന്ന് നിസ്സംശയം പറയാം.

താരമായും, മനുഷ്യനായും പ്രൗഢിയോടെ അദ്ദേഹം മിന്നി നില്‍ക്കുകയാണ് മുഴുനീളം ചിത്രത്തില്‍. കൂടെ സുരാജും സാധാരണ ഒരാരാധകനില്‍ നിന്ന് അപമാനിക്കപ്പെട്ട ഒരു ആരാധകനിലേക്ക് വളരെ മികച്ച രീതിയില്‍ തന്നെ മാറ്റം കൊണ്ട് വന്നു. ഇമോഷണല്‍ ആകേണ്ട ഇടങ്ങളില്‍ ഇമോഷണല്‍ ആയി തന്നെ അദ്ദേഹം മുന്നിട്ടു. ഏറ്റവും ആകര്‍ഷിച്ച ഘടകം ചിത്രത്തിലെ ഇവര്‍ തമ്മിലുള്ള പോരാട്ടം രസകരമായി പറഞ്ഞു എന്നതാണ്. പരസ്പരം ജയിക്കുവാനുള്ള പോരാട്ടത്തെ ആവശ്യമില്ലാത്ത ഒരിടങ്ങളിലേക്കും പ്രേക്ഷകനെ ചിത്രം കൊണ്ടു പോകുന്നില്ല.

പ്രേക്ഷകനെ ചിരിപ്പിക്കുന്നതില്‍ സുരേഷ് കൃഷ്ണയും സൈജു കുറുപ്പുമാണ് ഏറെ വിജയിച്ചത്. കഥയില്‍ പ്രാധാന്യം ഉള്ളത് കൊണ്ട് തന്നെ ഇരുവരുടെയും ഹാസ്യ നിമിഷങ്ങള്‍ക്കെല്ലാം അപാര ടൈമിംഗയിരുന്നു.

സിനിമയ്ക്ക് വേണ്ട വിധത്തില്‍ തന്നെയാണ് അലക്‌സ് ജെ പുള്ളിയ്ക്കലിന്റെ ക്യാമറയും, യാക്കസന്‍ ഗാരി പെരേരയുടെയും, നേഹ എസ്സ് നായരുടെ സംഗീതവും അനുഭവപ്പെട്ടത്. സിനിമയുടെ സാങ്കേതിക നിലവാരത്തെ സമീകരിക്കുന്നതില്‍ ഇവയെല്ലാം വിജയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ് ഈ അവധിക്കാലത്ത് കണ്ടിരിക്കാന്‍ സാധിക്കുന്ന രസകരമായ പോരാട്ടം തന്നെയാണ്. ഒരു ഡ്രൈവിംഗ് ലൈസന്‍സ് സൃഷ്ടിക്കുന്ന ചെറിയ വലിയ പ്രശ്‌നത്തിന്റെ കഥ.

DoolNews Video