ഒരേ കഥയെ രണ്ട് വ്യത്യസ്ത രീതിയില്‍ അവതരിപ്പിച്ച ചിത്രങ്ങളാണ് ദൃശ്യവും മോഹിനിയാട്ടവും. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ വരുന്നയാളെ കൊല്ലുന്ന നായകന്റെ കുടുംബവും അതില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നായകന്റെയും കഥയാണ് രണ്ട് സിനിമകളിലും. ദൃശ്യം മലയാളസിനിമ കണ്ട ഏറ്റവും മികച്ച ഇമോഷണല്‍ ത്രില്ലറായപ്പോള്‍ മോഹിനിയാട്ടം ഡാര്‍ക്ക് കോമഡിയായാണ് അവതരിപ്പിച്ചത്.

മോഹിനിയാട്ടത്തില്‍ പലയിടത്തും ദൃശ്യം റഫറന്‍സ് ഉപയോഗിച്ചിരുന്നു. സൈജു കുറുപ്പിന്റെ കഥാപാത്രം വക്കീലിനെ വിളിച്ച് സംസാരിക്കുന്നതും, സന്തോഷ് നായരുടെ കഥാപാത്രം സൈജുവിനെ നിരീക്ഷിക്കുന്നതും ക്ലൈമാക്‌സില്‍ ജഗദീഷിന്റെ ഡയലോഗുമെല്ലാം പ്രേക്ഷകരില്‍ കൃത്യമായി വര്‍ക്കാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നത് മറ്റൊന്നാണ്.

മോഹിനിയാട്ടത്തിലേക്ക് ദൃശ്യത്തിലെ കഥാപാത്രങ്ങളെ കൊണ്ടുവന്നാല്‍ എങ്ങനെയുണ്ടാകുമെന്ന ചിന്തയില്‍ ഒരുങ്ങിയ രണ്ട് ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മോഹിനിയാട്ടത്തില്‍ കലാരഞ്ജിനിയുടെ കഥാപാത്രം സൈജു കുറുപ്പിന്റെ കഥാപാത്രത്തോട് പറയുന്ന ഡയലോഗ് എല്ലാവരെയും ചിരിപ്പിച്ച ഒന്നായിരുന്നു.

‘പൊലീസുകാര്‍ ഇങ്ങോട്ട് വരുന്നതിന് മുമ്പ് നമുക്ക് കുറച്ച് അച്ചപ്പവും മുറുക്കും കൊണ്ട് അങ്ങോട്ട് ചെന്ന് സംസാരിച്ചാലോ’ എന്ന ഡയലോഗ് ദൃശ്യത്തിലെ റാണി എന്ന കഥാപാത്രം പറയുന്നതായിട്ടാണ് ട്രോള്‍. ‘നമുക്ക് കുറച്ച് അച്ചപ്പവും മുറുക്കുമായി ഗീതയെ ചെന്ന് കണ്ട് സംസാരിച്ചാലോ’ എന്ന് പറയുന്ന തരത്തിലുള്ള ട്രോള്‍ ചിരിയുണര്‍ത്തിയുകയാണ്.

അതുപോലെ ദൃശ്യം 2ല്‍ ജോര്‍ജുകുട്ടി സായ് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തോട് കഥ പറയുന്ന സീനിനെയും ട്രോളന്മാര്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. മോഹിനിയാട്ടത്തില്‍ ശശിധരനും വക്കീലും തമ്മിലുള്ള സംഭാഷണമാണ് ദൃശ്യം 2ന്റെ വീഡിയോക്ക് നല്‍കിയത്. ‘അദൃശ്യം’ എന്ന് പേരിട്ട റീല്‍ വളരെ വേഗത്തില്‍ വൈറലായി.

ഏസ്‌തെറ്റിക് ക്വിഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോക്ക് താഴെ രസകരമായ കമന്റുകളുമുണ്ട്. ‘ഭരതന്‍ നായര്‍ ഇന്‍ അനദര്‍ യൂണിവേഴ്‌സ്’, ‘ഇതൊക്കെ ആ സ്പിരിറ്റിലെടുക്കാന്‍ ഗീത പ്രഭാകറിനോട് പറഞ്ഞാല്‍ മതി’, ‘ജോര്‍ജുകുട്ടി നേരെ ഭരതന്‍ നായരുടെ അടുത്താണല്ലോ ചെന്നുകേറിയത്’, ‘ജോര്‍ജുകുട്ടി; ഇനി തിരിച്ചുവരില്ല എന്ന ഉറപ്പില്‍ മറ്റൊരു ലോകത്തേക്ക് ഞങ്ങള്‍ അയാളെ പറഞ്ഞുവിട്ടു, ഗീത; ഹൗ, പിടിച്ച മീറ്ററീന്ന് ഒരിഞ്ച് മാറരുത് ട്ടാ’ എന്നിങ്ങനെ കമന്റ് ബോക്‌സും ചിരിയുടെ പൂരം തീര്‍ക്കുകയാണ്.