തീര്‍ന്നിട്ടില്ല, കേരള ബോക്‌സ് ഓഫീസില്‍ 2018നെയും തകര്‍ത്ത് ദൃശ്യം 3; ലിസ്റ്റില്‍ നാലാം സ്ഥാനത്ത്
Malayalam Cinema
തീര്‍ന്നിട്ടില്ല, കേരള ബോക്‌സ് ഓഫീസില്‍ 2018നെയും തകര്‍ത്ത് ദൃശ്യം 3; ലിസ്റ്റില്‍ നാലാം സ്ഥാനത്ത്
അശ്വിന്‍ രാജേന്ദ്രന്‍
Monday, 15th June 2026, 10:07 pm

മോഹന്‍ലാല്‍ ആരാണെേേന്നാ കേരള ബോക്‌സ് ഓഫീസില്‍ താരത്തിനുള്ള പവര്‍ എന്താണെന്നോ ഒരു മലയാളി സിനിമാ പ്രേക്ഷകനോടും പ്രത്യേകം പറയേണ്ട ആവശ്യമില്ല. കോടികളുടെ ബിസിനസാണ് പോസിറ്റീവ് കിട്ടുന്ന മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ നടക്കാറുള്ളത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ദൃശ്യം 3യ്ക്ക് കിട്ടിയ സ്വീകാര്യത.

ദൃശ്യം 3. Photo: District

ദൃശ്യം എന്ന ഫ്രാഞ്ചൈസിക്കൊപ്പം മോഹന്‍ലാല്‍ എന്ന ഫാക്ടറും കൂടെ ചേര്‍ന്നപ്പോള്‍ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുകയായിരുന്നു. മോഹന്‍ലാലിന്റെ ജന്മദിനമായി മെയ് 21ന് റിലീസ് ചെയ്ത ചിത്രം 240 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇപ്പോഴും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കേരള ബോക്‌സ് ഓഫീസില്‍ നിന്നും കഴിഞ്ഞ ദിവസം 65 ലക്ഷത്തിലധികം നേടിയതോടെ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ദൃശ്യം 3. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ സര്‍വൈവര്‍ ത്രില്ലര്‍ ചിത്രം 2018ന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ വെട്ടിച്ചാണ് ചിത്രം നാലാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുന്നത്.

2018. Photo: India Today

ഇതോടെ ചിത്രം 90 കോടി മാര്‍ക്ക് പിന്നിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ള ചിത്രങ്ങള്‍ ദൃശ്യം 3യെക്കാള്‍ ബഹുദൂരം മുന്നിലാണ്. മോഹന്‍ലാലിന്റെ തന്നെ തുടരും 118 കോടിയുമായി മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ കല്യാണി പ്രിയദര്‍ശന്റെ ലോകഃയാണ് 121 കോടിയുമായി രണ്ടാം സ്ഥാനത്തുള്ളത്. എന്നാല്‍ 129 കോടി നേടി ലിസ്റ്റില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത് ഹാഷിറും ടീമും കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാഴ 2 ആണ്.

Content Highlight: Drishyam 3 Surpasses 2018 move collection in kerala box office

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.