കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകും... ഇത്തവണയും അതുണ്ട്... ഇനിയും വേണോ?
D-Review
കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകും... ഇത്തവണയും അതുണ്ട്... ഇനിയും വേണോ?
അമര്‍നാഥ് എം.
Thursday, 21st May 2026, 4:10 pm

ഒരു സാധാരണ ഫാമിലി ഡ്രാമ കാണാന്‍ കയറിയവര്‍ക്ക് ലൈഫ്‌ടൈം എക്‌സ്പീരിയന്‍സ് നല്‍കിയ ചിത്രമായിരുന്നു ദൃശ്യം. അതുവരെ കണ്ട സിനിമകളില്‍ നിന്ന് വ്യത്യസ്തമായി എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ ചിത്രത്തിന് എട്ട് വര്‍ഷത്തിന് ശേഷം ഒരു രണ്ടാം ഭാഗമുണ്ടായി. അഞ്ച് വര്‍ഷത്തിന് ശേഷം ജോര്‍ജുകുട്ടിയുടെ കഥയുമായി സംവിധായകന്‍ വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്.

ട്വിസ്റ്റും സസ്‌പെന്‍സും പ്രതീക്ഷിക്കണ്ട, ഫാമിലി ഡ്രാമയാണ് എന്നെല്ലാം സംവിധായകന്‍ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ടെങ്കിലും ദൃശ്യം എന്ന ഫ്രാഞ്ചൈസിയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചില എലമെന്റുകളുണ്ട്. സംവിധായകന്റെ മുന്‍കൂര്‍ ജാമ്യത്തിനിടയിലും പ്രേക്ഷകര്‍ക്ക് ആവശ്യമുള്ളത് ഇത്തവണ സിനിമയില്‍ ആവശ്യത്തിനുണ്ട്.

കുഴിച്ചുമൂടപ്പെട്ട രഹസ്യങ്ങള്‍ എന്നെങ്കിലും പുറത്തുവരുമെന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. പൊലീസും കോടതിയും ഉപേക്ഷിച്ച കേസിനെ വീണ്ടും കുത്തിപ്പൊക്കാനും ജോര്‍ജുകുട്ടിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ഇത്തവണ പുതിയ ചിലയാളുകള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. പഴയതെല്ലാം മറന്ന് പുതിയ ജീവിതം ആഗ്രഹിക്കുന്ന ആ കുടുംബത്തിന് അത് ലഭിക്കുമോ എന്ന് സിനിമ പറഞ്ഞുവെക്കുന്നുണ്ട്.

സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്തുന്നതിന്റെ ഇടയില്‍ അറിയാതെ ഇരയാകേണ്ടി വന്ന ചിലരാണ് ഇത്തവണ ജോര്‍ജുകുട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. സംവിധായകന്‍ പറഞ്ഞതുപോലെ ഇമോഷനുകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. അതിനാല്‍ ട്വിസ്റ്റുകള്‍ക്കപ്പുറം പല കഥാപാത്രങ്ങള്‍ക്കും വന്ന മാറ്റം സിനിമയില്‍ നല്ല രീതിയില്‍ വര്‍ക്കായിട്ടുണ്ട്.

ആദ്യ രണ്ട് ഭാഗങ്ങളിലും തനിക്ക് എതിരെ നില്‍ക്കുന്നവരെ കുറിച്ച് ജോര്‍ജുകുട്ടിക്ക് വ്യക്തമായ പ്ലാനുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ തന്റെ പിന്നാലെ ആരൊക്കെയാണെന്ന് പോലുമറിയാതെയാണ് അയാള്‍ യുദ്ധത്തിനിറങ്ങുന്നത്. താന്‍ ഉണ്ടാക്കിയെടുത്ത തന്റെ കുടുംബത്തെ സംരക്ഷിക്കാനായി അയാളെടുക്കുന്ന തീരുമാനങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു. ആ എലമെന്റ് കൃത്യമായി വര്‍ക്കാവുകയും ചെയ്തു. ഒരുപാട് നെഗറ്റീവും അതിനെയെല്ലാം മറികടക്കുന്ന ചില പോസിറ്റീവുകളുമാണ് ദൃശ്യം 3യിലുള്ളത്.

രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ചിലയിടങ്ങളിലെല്ലാം വലിച്ചുനീട്ടല്‍ അനുഭവപ്പെട്ടു. ജോര്‍ജുകുട്ടിയ കുടുക്കാനായി തയാറാക്കിയ പ്ലാനെല്ലാം വിശ്വസിക്കാന്‍ പ്രയാസമുള്ളതായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ജോര്‍ജുകുട്ടിക്ക് ഉണ്ടായിരുന്ന പ്ലാന്‍ പോലെ മൂന്നാം ഭാഗത്തിലെ കഥാപാത്രത്തിന്റെ പ്ലാനും വിശ്വസിച്ചേ മതിയാകുള്ളൂ.

മോഹന്‍ലാല്‍ എന്ന നടന്‍ തന്നെയാണ് ദൃശ്യം 3യെ രക്ഷിച്ച പോസിറ്റീവ്. 45 വര്‍ഷത്തെ കരിയറില്‍ തനിക്ക് ഒരു പിടിയും തരാത്ത കഥാപാത്രമാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞത് അതിശയോക്തിയല്ല. എല്ലാം അവസാനിച്ചു എന്ന് കുടുംബത്തെ വിശ്വസിപ്പിച്ചെങ്കിലും തന്നെ വിടാതെ പിന്തുടരുന്ന ഭൂതകാലത്തെ ഓര്‍മകള്‍ അയാളില്‍ ഭയമുണ്ടാക്കുന്നുണ്ട്.

ഭയം ഉള്ളിലൊതുക്കിക്കൊണ്ട് ചില സീനുകളില്‍ കൂളായി പെരുമാറുന്ന ഭാഗങ്ങള്‍ മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കും ചെയ്ത് ഫലിപ്പിക്കാനാകില്ല. അനായാസമായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ മോഹന്‍ലാലിനെ എടുത്തുപറയേണ്ട ഒന്നാണ്. അയാളെ സ്റ്റാറിനെക്കാള്‍ അയാളിലെ നടനെ ആഘോഷിക്കാന്‍ സംവിധായകന് സാധിച്ചു.

ആദ്യ രണ്ട് ഭാഗങ്ങളിലേത് പോലെ ക്ലാസായിട്ടുള്ള നടത്തം ഇതിലുമുണ്ട്. അത് പ്ലെയ്‌സ് ചെയ്ത രീതിയും അതിഗംഭീരമെന്നേ പറായാനാകുള്ളൂ. മോഹന്‍ലാല്‍ ഫാന്‍സിന് ആഘോഷിക്കാനുള്ള ചില എലമെന്റുകളും ചിത്രത്തിലുണ്ട്.

മീന, അന്‍സിബ, എസ്തര്‍ എന്നിവരെല്ലാം അവരവരുടെ ഭാഗം ഗംഭീരമായി ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗത്തിലെ ചില കഥാപാത്രങ്ങളെ ഇത്തവണ കൊണ്ടുവന്നതും അവര്‍ക്ക് കൃത്യമായ സ്‌പെയ്‌സ് കൊടുത്തതും നല്ല അനുഭവമായിരുന്നു. പുതിയതായി കൊണ്ടുവന്നവരില്‍ വീണ നന്ദകുമാര്‍ തന്റെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. എന്നാല്‍ സെക്കന്‍ഡ് ഹാഫില്‍ അങ്ങനെയൊരു കഥാപാത്രമുണ്ടെന്ന് സംവിധായകന്‍ തന്നെ മറന്നുപോയി.

ഒരുപാട് ഫ്‌ളോസ് ഉള്ള എന്നാല്‍ അതിനെയെല്ലാം തന്റെ പ്രകടനം കൊണ്ട് മോഹന്‍ലാല്‍ എന്ന മഹാനടന്‍ മറികടന്ന മികച്ചൊരു സിനിമാനുഭവം തന്നെയാണ് ദൃശ്യം 3. അയാളെ മറികടന്ന് ആ കുടുംബത്തെ തൊടാന്‍ ആര്‍ക്കുമാകില്ലെന്ന് സിനിമ പറഞ്ഞുവെക്കുന്നുണ്ട്. എന്നാല്‍ ഇനിയൊരു തുടര്‍ച്ച ഈ സിനിമക്ക് ആവശ്യമില്ല. അയാളെ അയാളുടെ പാട്ടിന് വിട്ടൂടെ ജീത്തു ജോസഫേ…

Content Highlight: Drishyam 3 movie review

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം