ആറ് മണിക്കൂര്‍ കാത്തിരുന്ന ജനക്കൂട്ടം; മഹാദുരന്തത്തിലേക്ക് നയിച്ചത് വിജയ് എറിഞ്ഞ കുടിവെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും
കരൂര്‍: രാജ്യത്തെ നടുക്കിയ കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തത്തിന് കാരണമായത് സംഘാടകരുടെയും നടനും ടി.വി.കെ നേതാവുമായ വിജയ്‌യുടെയും അനാസ്ഥയെന്ന് വിമര്‍ശനം. ദുരന്തത്തില്‍ മുപ്പതിലേറെ പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയിരക്കണക്കിന് ആളുകള്‍ ചികിത്സയില്‍. 50ലേറെ പേരുടെ നില ഗുരുതരമെന്നും തമിഴ് മാധ്യമങ്ങള്‍. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള സാധാരണക്കാരായ ജനങ്ങളുടെ ജീവനെടുത്തത് കൃത്യ സമയത്ത് റാലി ആരംഭിക്കാതെ ജനങ്ങളെ കൂടിനില്‍ക്കാന്‍ അനുവദിച്ചതാണെന്ന് സൂചന.

ആറ് മണിക്കൂര്‍ വൈകി വേദിയിലെത്തിയ വിജയ് ക്ഷീണത്തോടെ കാത്തിരുന്ന ജനങ്ങള്‍ക്ക് നേരെ കുടിവെള്ള കുപ്പി എറിഞ്ഞിരുന്നു. ഇത് കൈക്കലാക്കാനായി ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്.
ഉച്ചയ്ക്ക് ഒരു മണിക്ക് എത്തുമെന്ന് അറിയിച്ച വിജയ് വേദിയിലേക്ക് എത്തിയപ്പോള്‍ വൈകുന്നേരം ഏഴുമണിയായിരുന്നു.
സൂപ്പര്‍ താരം കൂടിയായ വിജയ് എത്താന്‍ മണിക്കൂറുകള്‍ വൈകിയിട്ടും കാത്തിരുന്ന ജനങ്ങള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല. ക്ഷീണിച്ച് തളര്‍ന്നിട്ടും താരത്തിനായി ജനങ്ങള്‍ കാത്തിരുന്നു. ഈ സമയത്ത് കൂടുതല്‍ പേര്‍ സ്ഥലത്തേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നു.
പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് ആളുകള്‍ എത്തിയതോടെ പൊലീസിനും ടി.വി.കെ പ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാനും സാധിച്ചിരുന്നില്ല.



