മദ്യം ഒഴിവാക്കൂ, പാല്‍ കുടിക്കൂ...; മദ്യശാലക്ക് മുമ്പില്‍ പശുക്കളെ കെട്ടിയിട്ട് ഉമാ ഭാരതിയുടെ പ്രതിഷേധം
national news
മദ്യം ഒഴിവാക്കൂ, പാല്‍ കുടിക്കൂ...; മദ്യശാലക്ക് മുമ്പില്‍ പശുക്കളെ കെട്ടിയിട്ട് ഉമാ ഭാരതിയുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2023, 9:14 am

ഭോപ്പാല്‍: മദ്യശാലക്ക് മുമ്പില്‍ പശുക്കളെ കെട്ടിയിട്ട് പാല്‍ കുടിക്കാനും മദ്യം ഒഴിവാക്കാനും ആഹ്വാനം ചെയ്ത് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നോതാവുമായ ഉമാ ഭാരതി.

ക്ഷേത്രങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിലെ നിവാര ജില്ലയിലെ ഓര്‍ക്കയിലുള്ള വിദേശ മദ്യശാലക്ക് മുമ്പിലാണ് അലഞ്ഞുതിരിഞ്ഞ് നടന്ന പഴുക്കളെ കെട്ടിയിട്ടുകൊണ്ട് ഉമാ ഭാരതി സംസ്ഥാന സര്‍ക്കാര്‍ മദ്യ നയങ്ങള്‍ക്കെതിരെ വ്യത്യസ്ത പ്രതിഷേധം നടത്തിയത്.

മദ്യശാലക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ ഉമാഭാരതി ‘ശരാബ് നഹി, ധൂത് പിയോ (മദ്യം ഒഴിവാക്കൂ, പാല്‍ കുടിക്കൂ)’ എന്ന മുദ്രാവാക്യവും മുഴക്കി.

ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും ഓരോ തവണയും ശ്രീരാമന്റെ പേര് പറയുന്നവരും സനാതന ധര്‍മം പിന്തുടരുന്നവരുമാണ്. ജനങ്ങള്‍ക്ക് പാലാണോ മദ്യമാണോ നല്‍കേണ്ടതെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും ഉമാ ഭാരതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതേ മദ്യശാലയിലേക്ക് ഉമാഭാരതി ചാണകം എറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. 2022 മാര്‍ച്ചില്‍ ഭോപ്പാലിലെ ഒരു മദ്യശാലയ്ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തോടുള്ള പ്രതിഷേധ സൂചകമായി പുതിയ മദ്യനയം എന്ന ആവശ്യവുമായി അയോധ്യ നഗറില്‍ മദ്യശാലക്ക് സമീപത്തായുള്ള ക്ഷേത്രത്തില്‍ തങ്ങുമെന്നും ഉമാ ഭാരതി കഴിഞ്ഞ ആഴ്ച പ്രഖ്യപിച്ചിരുന്നു.

തുടര്‍ന്ന്, സര്‍ക്കാര്‌ന്റെ മദ്യനയത്തിനായി ഇനി കാത്തുനില്‍ക്കുന്നില്ലെന്നും, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ പശുത്തൊഴുത്തുക്കളാക്കി മാറ്റുമെന്നും ഉമാ ഭാരതി പ്രഖ്യാപനം നടത്തുകയും ചെയ്തു.

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാണ് ബി.ജെ.പി മുന്‍ മുഖ്യമന്ത്രിയായായ ഉമാ ഭാരതിയുടെ ആവശ്യം.

Content Highlight: drink milk, not liquor; BJP Leader Uma Bharti Ties Stray Cows In Front Of Liquor Shops