ഹെലികോപ്റ്ററിന്റെ ചക്രം താഴ്ന്നുപോയിട്ടില്ല; H മാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് ഹെലികോപ്റ്റർ നീക്കിയിട്ടതാണ്: കെ.യു ജനീഷ്കുമാര്‍
Kerala
ഹെലികോപ്റ്ററിന്റെ ചക്രം താഴ്ന്നുപോയിട്ടില്ല; H മാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് ഹെലികോപ്റ്റർ നീക്കിയിട്ടതാണ്: കെ.യു ജനീഷ്കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd October 2025, 5:40 pm

പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനായി എത്തിയ ഹെലികോപ്റ്ററിന്റെ ചക്രം ലാൻഡിങ്ങിനിടെ കോൺക്രീറ്റിൽ താഴ്ന്ന് പോയതിൽ വിശദീകരണം നൽകി കോന്നി എം.എൽ.എ കെ.യു ജനീഷ്കുമാർ.

ഹെലിപാഡിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹെലിപാഡിന്റെ നടുവിലായി ‘H’ മാർക്ക് ചെയ്തിട്ടുണ്ടന്നും മാർക്ക് ചെയ്ത ഭാഗത്ത് നിന്നും അൽപ്പം പിറകിലോട്ടായാണ് ലാൻഡിങ് നടന്നതെന്നും എം.എൽ.എ പറഞ്ഞു.

ഈ സാഹചര്യത്തിൽ പൈലറ്റുമാരുടെ നിർദേശത്തോടെ ഹെലികോപ്റ്റർ H മാർക്കിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കിയിടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെലികോപ്റ്ററിന്റെ ചക്രം കോൺഗ്രീറ്റിൽ താഴ്ന്നുപോയില്ലെന്നും എൻ.എസ്. ജി അടക്കം പരിശോധിച്ച സ്ഥലമാണതെന്നും ജനീഷ്‌കുമാർ പറഞ്ഞു.

എല്ലാ കാര്യങ്ങളും രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമായ എൻ.എസ്. ജിയാണ് നിർദേശിക്കുന്നതെന്നും ഈ വാർത്ത സംസ്ഥാനത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്(ബുധൻ) രാവിലെയായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. രാഷ്ട്രപതിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും ഇരുമുടിക്കെട്ടുമേന്തി മല കയറി.

നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു.

പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. ആന്റോ ആന്റണി എം.പി, കെ.യു ജനീഷ് കുമാർ എം.എൽ.എ, പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.

Content Highlight: Draupadi Murmu Sabarimala Visit; The helicopter was moved to the place marked H: K.U. Janeeshkumar