ഡോ. വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ
Kerala
ഡോ. വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ
അനിത സി
Saturday, 21st March 2026, 11:49 am

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ (23) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപിന് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മുപ്പത് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദാണ് കേസില്‍ വിധി പറഞ്ഞത്. പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതിയില്‍ പൊളിഞ്ഞിരുന്നു.

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും വധശ്രമത്തിന് 307ാം വകുപ്പും 326ാം വകുപ്പും അനുസരിച്ച് 10 വര്‍ഷം വീതം ശിക്ഷ അനുഭവിക്കണം. ആശുപത്രിയില്‍ അതിക്രമം കാണിച്ചെന്ന കുറ്റത്തിന് 5 വര്‍ഷം തടവും ശിക്ഷവിധിച്ചു. 323,324,332,33 വകുപ്പുകള്‍ പ്രകാരമുള്ള 30 വര്‍ഷം തടവിന് ശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കൂവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

കോടതി വിധിയില്‍ തൃപ്തരല്ലെന്ന് കുടുംബവും പ്രോസിക്യൂഷനും പ്രതികരിച്ചു.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിയുടെ ശിക്ഷ ജീവപര്യന്തത്തില്‍ ഒതുക്കിയത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

കോടതി വിധിയില്‍ പൂര്‍ണതൃപ്തരല്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും വന്ദന ദാസിന്റെ അമ്മ വസന്തകുമാരി പ്രതികരിച്ചു. നയമത്തിന് കൊടുക്കാന്‍ സാധിക്കുന്ന വിധി ഇതായിരിക്കും, പ്രോസിക്യൂട്ടറുമായി ആലോചിച്ച് മറ്റുകാര്യങ്ങള്‍ തീരുമാനിക്കും. വധശിക്ഷയാണ് നല്‍കേണ്ടത്, തന്റെ മകള്‍ അനുഭവിച്ച വേദനയും ഭയപ്പാടും പ്രതിയും അറിയണമെന്നും അവര്‍ പ്രതികരിച്ചു.

2023 മേയ് പത്തിന് പുലര്‍ച്ചെ ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതിയായിരുന്നു സന്ദീപ്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജജനായിരുന്ന വന്ദന ദാസ് ഉള്‍പ്പടെയുള്ളവരെ പ്രതി സര്‍ജിക്കല്‍ കത്തി കൈക്കലാക്കി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പൊലീസ് ഉള്‍പ്പടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ ഡോ. വന്ദന പ്രതിയുടെ കുത്തേറ്റ് വീഴുകയായിരുന്നു.

സംഭവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് വൈ. അലക്‌സ്‌കുട്ടി, പൊലീസ് ഓഫീസര്‍ മണിലാല്‍, ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്, അയല്‍ക്കാരായ രാജേന്ദ്രന്‍ പിള്ള, ബിനു എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

ഡോ. വന്ദന ദാസിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ശിബിനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ആകെ 70ലേറെ സാക്ഷികളും 207ലേറെ രേഖകളുമാണ് കേസിലുണ്ടായിരുന്നത്.

Content Highight: Dr . Vandana Das Case: Accused Sandeep gets life sentence

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.