ലൈംഗികത കാന്‍സര്‍ രോഗികളില്‍
Health
ലൈംഗികത കാന്‍സര്‍ രോഗികളില്‍
ഡോ. ഷൗഫീജ് പി.എം.
Wednesday, 8th March 2023, 5:01 pm

കാന്‍സര്‍ ബാധിച്ചവരിലും അതുപോലെ അതിനെ അതിജീവിച്ചവരിലും വളരെ സാധാരണ ആയി കണ്ടു വരുന്നതും, വളരെ കുറച്ചു മാത്രം ചര്‍ച്ച ചെയ്യ പ്പെടുന്ന ഒരു വിഷയമാണ് അവരുടെ തുടര്‍ന്നുള്ള ലൈംഗിക ജീവിതം. ഏതെങ്കിലും തരത്തിലുള്ള കാന്‍സര്‍ ചികിത്സയിലൂടെ കടന്ന് പോയ ആളുകളില്‍ 40% തൊട്ട് 100% വരെ ലൈംഗിക ജീവിതത്തിലെ അസംതൃപ്തി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ വളരെ കുറച്ചു മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ലൈംഗികത. പല സാമൂഹികപരമായ കാരണങ്ങളാലും കാന്‍സര്‍ ചികിത്സ നടക്കുന്ന രോഗികളിലും രോഗ ശാന്തി നേടിയവരിലും ഇത്തരം ചര്‍ച്ചകള്‍ നടക്കാറില്ല. ആരോഗ്യകരമായ ലൈംഗിക ജീവിതം പലപ്പോഴും നമ്മള്‍ സ്വകാര്യ ജീവിതത്തിലെ ഒരു ജീവിത നിലവാര സൂചിക ആയി കണക്കാറുണ്ട്. അതുകൊണ്ടു തന്നെ ആണ് ഈ ഒരു വിഷയവും പ്രാധാന്യം അര്‍ഹിക്കുന്നത്.

*എന്തൊക്ക ബുദ്ധിമുട്ടുകള്‍ ആണ് ലൈംഗിക ജീവിതത്തില്‍ ഒരു കാന്‍സര്‍ രോഗിക്ക് അനുഭവപ്പെടാറുള്ളത്?

മാനസികവും ശരീരികവും ആയ ഒരുപാട് അവശതകള്‍ ഇത്തരം രോഗികള്‍ക്ക് അനുഭവപ്പെടാം. അത് അവരുടെ ലൈംഗിക ജീവിതത്തെ മോശമായി ബാധിക്കാം. ക്ഷീണം, താല്പര്യക്കുറവ്, ലൈംഗിക ചേതന ഇല്ലാതിരിക്കുക, സ്വന്തം ശരീരത്തെ കുറിച്ചുണ്ടാകുന്ന അപകര്‍ഷത ബോധം, യോനി വരള്‍ച്ച ( dryness of vagina ), ഉദ്ധാരണക്കുറവ്, ലൈംഗികമായ ബലഹീനത, ഇനി കുട്ടികള്‍ ഉണ്ടാകുമോ എന്ന ഉത്കണ്ട ഇങ്ങനെ പോകുന്നു ആ ആധികളുടെ ലിസ്റ്റ്. മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവണം എന്നില്ല.

*എന്തൊക്കയാണ് കാന്‍സര്‍ ബാധിച്ചവരിലെ ലൈംഗികതയെ ബാധിക്കുന്ന ഘടകങ്ങള്‍?

പ്രശ്‌നങ്ങളുടെ വ്യാപ്തി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ആദ്യമായി നാം പരിഗണിക്കേണ്ട ഘടകങ്ങള്‍ പ്രായവും, ജെന്‍ഡറും( ലിംഗ ഭേദം ) ആണ്. പ്രായ കൂടുതല്‍ ഉള്ള പുരുഷന്‍മാരില്‍ പലപ്പോഴും ഉദ്ധാരണക്കുറവ്, ലൈംഗികമായ ബലഹീനത എന്നിവ അനുഭവപ്പെടാറുണ്ട്. അതിന്റെ കൂടെ കാന്‍സര്‍ രോഗ ബാധിതന്‍ കൂടി ആകുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഒന്നുകൂടെ ആക്കം കൂട്ടുന്നു. അതിന്റെ കൂടെ കാന്‍സര്‍ ചികിത്സ എടുക്കുമ്പോള്‍ ഉണ്ടാവുന്ന ക്ഷീണം കൂടി ആകുമ്പോള്‍ പറയുകയും വേണ്ട. സ്ത്രീകളിലും ഒരു അമ്പതു വയസ് പ്രായമാകുമ്പോള്‍ സ്വഭാവികമായും ആര്‍ത്തവവിരാമം ഉണ്ടാകും. തുടര്‍ന്ന് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ലൈംഗിക താല്‍പര്യ കുറവിനു ആക്കാം കൂട്ടുന്നു. ഇതിന്റെ കൂടെ അര്‍ബുദം കാരണം ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍, ചികിത്സയുടെ ഭാഗമായി ഉണ്ടാവുന്ന ക്ഷീണം, യോനി വരള്‍ച്ച ഇവയെല്ലാം ലൈംഗികപരമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള ശ്രദ്ധ പിറകോട്ടു നയിക്കുന്നു.

പിന്നെ രോഗിയെ സംബന്ധിച്ച് ഏതു ഭാഗത്ത് ആണ് കാന്‍സര്‍ ബാധിച്ചത്, ഏത് സ്റ്റേജില്‍ ആണ് രോഗം കണ്ടു പിടിച്ചത്, എന്ത് ചികിത്സ ആണ് ചെയ്തത്, ഇവയെല്ലാം നിര്‍ണായക ഘടകങ്ങള്‍ ആണ്. ഉദാഹരണത്തിന് ഗര്‍ഭാശയ കാന്‍സര്‍, യോനിയിലെ കാന്‍സര്‍ എന്നീ ഭാഗങ്ങളില്‍ കാന്‍സര്‍ വന്നാല്‍ തുടര്‍ന്നുള്ള ലൈംഗിക ജീവിതം അത്ര എളുപ്പം ആവില്ല. കാരണം പ്രധാനപ്പെട്ട ഒരു ലൈംഗിക അവയവത്തിന് കാന്‍സര്‍ കാരണമായും ചികിത്സയുടെ പാര്‍ശ്വ ഫലങ്ങളാലും ഉണ്ടാവുന്ന പല കേടുപാടുകളും ജീവിത കാലം മുഴുവന്‍ നിലനില്‍ക്കുന്നതാണ്. പുരുഷന്‍മാരില്‍ ഉണ്ടാവുന്ന പ്രൊസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കാന്‍സര്‍ ഉദ്ധാരണക്കുറവ് (erectile dysfunction ), retrograde ejaculation എന്നീ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്.

മറ്റൊരു ഘടകം കാന്‍സര്‍ ചികിത്സയും അതുമൂലം രോഗിക്ക് ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ ആണ്. കീമോതെറാപ്പി ചികിത്സ എടുക്കുന്ന രോഗിക്ക് സ്വാഭാവികമായും ക്ഷീണം, മൊത്തം ജീവിതത്തോടുള്ള താല്പര്യ കുറവ്, ശര്‍ദി, മുടികൊഴിച്ചില്‍, നഖങ്ങളുടെയും തൊലിയുടെയും കളര്‍ വ്യത്യാസം, ശരീരത്തിന്റെ ആകാര വടിവില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ( ശരീര ഭാരം കൂടുന്നതും, ശരീര മെലിച്ചിലും ) ഇവയെല്ലാം ഉണ്ടാകാം. സ്വാഭാവികമായും ശരീരവും മനസും ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ ആസ്വാദ്യ പൂര്‍ണമായ ലൈംഗികത അതിന്റെ പൂര്‍ണതയില്‍ എത്തുകയുള്ളൂ. മുകളില്‍ പറഞ്ഞ പല കാര്യങ്ങളും ആ പൂര്‍ണതക്ക് വിഘ്‌നം വെക്കുന്നവ ആണ്. രോഗിയുടെ ആത്മവിശ്വാസം കുത്തനെ ഇടിയാനും കിടപ്പറയില്‍ ഒരു ജീവച്ചവം ആയി മാറാനും ഇതെല്ലാം ധാരാളം തന്നെ.

റേഡിയേഷന്‍ ചികിത്സ എടുത്താല്‍ തൊലിപ്പുറത്തു ഉണ്ടാവുന്ന നിറ വ്യത്യാസം, തൊലി പൊളിഞ്ഞു പോകല്‍, യോനി വരള്‍ച്ച, ഉള്ളില്‍ റേഡിയേഷന്റെ ഭാഗമായി ഉണ്ടാകുന്ന മുറിവ് ഉണങ്ങുമ്പോള്‍ ഉണ്ടാകുന്ന യോനി ചുരുക്കം ഇവയെല്ലാം പലപ്പോഴും സ്ത്രീകളില്‍ ഒരു അപകര്‍ഷത ബോധം സൃഷ്ടിക്കാനും പങ്കാളിയില്‍ നിന്നും മാനസികമായ ഒരകല്‍ച്ച ഉണ്ടാക്കാനും കാരണം ആകുന്നു. ഓപ്പറേഷന്‍ ആണെങ്കില്‍ മുറിവ് ഉണങ്ങുന്നത് വരെ പ്രശ്‌നങ്ങള്‍ ആണ്. ഹോര്‍മോണ്‍ ചികിത്സ എടുക്കുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, ഉദാഹരണത്തിന് സ്ത്രീകളിലെ ആര്‍ത്തവ വിരാമം ഉണ്ടായാല്‍ ഉണ്ടാകുന്ന ശരീരം ചുട്ടുപൊള്ളല്‍, പുരുഷന്‍മാരില്‍ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയില്‍ കാന്‍സര്‍ ഉണ്ടായാല്‍ കൊടുക്കുന്ന ഹോര്‍മോണ്‍ ചികിത്സ യുടെ ഫലമായി ഉണ്ടാകുന്ന Gynecomastia ( അഥവാ സ്തനങ്ങളുടെ അമിത വളര്‍ച്ച ) ഇവയെല്ലാം രോഗികളുടെ ആത്മ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കും.

പിന്നെ ചെറുപ്പക്കാര്‍ ആയ രോഗികളില്‍ ചികിത്സയുടെ ഭാഗമായി ഭാവിയില്‍ വന്നേക്കാവുന്ന infertility (വന്ധ്യത) ഒരു ശ്രദ്ധ അര്‍ഹിക്കേണ്ട വിഷയമാണ്. കീമോതെറാപ്പി അല്ലെങ്കില്‍ റേഡിയേഷന്‍ തെറാപ്പി കഴിഞ്ഞാല്‍ അണ്ഡശയത്തിലെയും വൃഷണത്തിലേയും കോശങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ ചിലപ്പോഴെങ്കിലും ഭാവിയിലെ വൈവാഹിക ലൈംഗിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

*ഇതിനെയൊക്കെ എങ്ങനെ നേരിടാം?

രോഗിയുടെയും കുടുംബത്തിന്റെയും ആത്മവിശ്വാസം മുകളില്‍ പറഞ്ഞവയെ എല്ലാം തരണം ചെയ്യാന്‍ അത്യന്തപേക്ഷികം ആണ്. ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യങ്ങള്‍ വിരളമാണല്ലോ. രോഗിക്ക് കുടുംബവും പങ്കാളിയും നല്‍കുന്ന മാനസികപിന്തുണ, സ്‌നേഹം ഇവയെല്ലാം ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായകം ആവാറുണ്ട്. പലപ്പോഴും ഒരു സ്‌നേഹ ചുംബനം, ഒരു ചേര്‍ത്തു പിടിക്കല്‍ ഇവയെല്ലാം രോഗിയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ സഹായിക്കും. ഇത്തരം കാര്യങ്ങളില്‍ ഒരു സൈക്കോളജിസ്റ്റിന്റെ സഹായവും തേടവുന്നതാണ്. രോഗിക്ക് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിമുഖത ഉണ്ടാകാം. പക്ഷെ ഞാനുള്‍പ്പെട്ട വൈദ്യസമൂഹം അതിനുള്ള ഒരു അവസരം അവര്‍ക്കും പങ്കാളിക്കും ഒരുക്കി കൊടുക്കണം. കാരണം തുറന്നു സംസാരിച്ചാലേ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയുള്ളൂ.

പലപ്പോഴും കാന്‍സറിനോട് പോരാടുന്ന രോഗിക്ക് തന്റെ ശരീരത്തെ പറ്റി അപകര്‍ഷത ബോധം ഉണ്ടാകാം. കൊഴിഞ്ഞു പോയ മുടിയും, മെലിഞ്ഞ ശരീരവും, ചുക്കിച്ചുളിഞ്ഞ തൊലിയും രോഗിയെ സംബന്ധിച്ച് ഓര്‍ക്കാന്‍ തന്നെ പറ്റാത്ത ഭീകര കാഴ്ച്ചകള്‍ ആയിരിക്കും. കൊഴിഞ്ഞു പോയ മുടി മുതല്‍ ആറ് മാസം കഴിയുമ്പോള്‍ വീണ്ടും കിളിര്‍ത്തു വരും. അതിനെ വേഗത്തിലാക്കാനുള്ള മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. മുടി കൊഴിച്ചില്‍ തടയാന്‍ അല്ലെങ്കില്‍ കുറക്കാന്‍ scalp cooling machine എന്ന പുതു സാങ്കേതിക വിദ്യയും ലഭ്യമാണ്. ഇനി ചികിത്സ സമയത്തു മുടി മൊട്ട അടിച്ചു ഭംഗിയുള്ള വിഗ് വച്ചു നടക്കുന്ന ഇഷ്ടം പോലെ രോഗികളെ കാണാന്‍ പറ്റും. ചികിത്സ നടക്കുമ്പോള്‍ തന്നെ പോഷക സമൃദ്ധമായ ഭക്ഷണവും വെള്ളവും നമ്മളുടെ ശരീരത്തെ കാന്‍സറുമായി ബന്ധപ്പെട്ട അകാല വാര്‍ദ്ധക്യം തടയാന്‍ സഹായിക്കും.

ഇനി സ്തന അര്‍ബുദം ബാധിച്ചു ഓപ്പറേഷന്‍ ചെയ്ത് സ്തനം മുഴുവനായി ഒഴിവാക്കിയ രോഗികളില്‍ breast reconstruction സാധ്യമാണ്. അതുപോലെ തന്നെ breast implants, breast conservation surgery ഇവയെല്ലാം ഈ ആധുനിക യുഗത്തില്‍ സാധ്യമാണ്. ഇനി യോനി വരള്‍ച്ച അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാന്‍ vaginal lubricant മാര്‍ക്കറ്റില്‍ ലഭ്യമാണ്.

പുരുഷന്‍മാരില്‍ കാണുന്ന ഉദ്ധാരണക്കുറവ്, ലൈംഗികമായ ബലഹീനത, എന്നീ പ്രശ്‌നങ്ങള്‍ക്ക് ഒരു വിദഗ്ദ്ധനായ ആന്‍ഡ്രോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്. സൈക്കോതെറാപ്പി, കൗണ്‍സിലിങ്, മരുന്ന് ചികിത്സ ഇവ വഴി എല്ലാം നമുക്ക് ഇതിനെ കൂട്ടായി നേരിടാം

കാന്‍സര്‍ ചികിത്സ കാരണം വന്ധ്യത വരാവുന്ന ചെറുപ്പക്കാരില്‍ ട്രീറ്റ്‌മെന്റ് തുടങ്ങുന്നതിനു മുമ്പ് sperm cryopreservation, ovarian cryopreservation ഇവയെല്ലാം വഴി ആരോഗ്യകരമായ കേടുപാടുകള്‍ ഇല്ലാത്ത അണ്ഡം അല്ലെങ്കില്‍ ബീജം മുന്നേ ശേഖരിച്ച് വെക്കാം. ഇതുവഴി അഥവാ അവര്‍ക്ക് ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകാത്ത ഒരു അവസ്ഥ വന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ ഒരു കുഞ്ഞ് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാം.

ഇത്തരത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും ജീവിതത്തില്‍ പരിഹാരമുണ്ട്. അവനവന്റെ ജീവിതത്തില്‍ അത് തുറന്നു പറയാനും അതിന്റെ പരിഹാര മാര്‍ഗങ്ങള്‍ ചോദിച്ചറിയാനും ധൈര്യം വേണമെന്ന് മാത്രം, സ്വന്തം പങ്കാളിയോടായാലും ചികിത്സിക്കുന്ന ഡോക്ടറോടായാലും.

Dr Shoufeej P M
Consultant Medical Oncologist
AOI-BMH, Calicut

Content Highlight: dr shoufeef write up about cancer

ഡോ. ഷൗഫീജ് പി.എം.
കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് അമേരിക്കന്‍ ഓങ്കോളജി