ജനങ്ങള്‍ ശാസ്ത്രത്തില്‍ ഇടപെടുമ്പോള്‍
Opinion
ജനങ്ങള്‍ ശാസ്ത്രത്തില്‍ ഇടപെടുമ്പോള്‍
ഡോ. ഷിജു സാം വറുഗീസ്
Wednesday, 11th April 2018, 6:00 pm

സയന്‍സും ജനങ്ങളും തമ്മിലുള്ള ബന്ധം പൊതുവേ സംഘര്‍ഷാത്മകമായ ഒരു കാലമാണിത്. ശാസ്ത്രീയ വിശദീകരണങ്ങള്‍ വിശ്വാസയോഗ്യമായി ജനങ്ങള്‍ക്ക് പലപ്പോഴും അനുഭവപ്പെടാത്തത് എന്തുകൊണ്ടായിരിക്കും? വികസന സംബന്ധിയായ പ്രശ്‌നങ്ങളിലും ശാസ്ത്രം പൊതുചര്‍ച്ചയില്‍ കടന്നുവരുന്നുണ്ടെങ്കിലും ഈ ലേഖനത്തില്‍ ഞാന്‍ ഊന്നുന്നത് ശാസ്ത്രജ്ഞരും ജനങ്ങളും തമ്മില്‍ സവിശേഷ സാഹചര്യങ്ങളില്‍ നടക്കുന്ന ജ്ഞാന സംഘര്‍ഷങ്ങള്‍ മാത്രമാണ്.

എന്‍ഡോസള്‍ഫാന്‍ ദുരന്തവും, കൂടങ്കുളം ആണവനിലയ പ്രശ്‌നവും മുല്ലപ്പെരിയാര്‍ വിവാദവും വാക്‌സിനേഷന്‍ പ്രതിസന്ധിയും പോലെയുള്ള, ശാസ്ത്രവിദഗ്ധരും ജനങ്ങളും പരസ്പരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യങ്ങളാണിവിടെ ചര്‍ച്ചാവിഷയം. ഇത്തരം സാഹചര്യങ്ങളില്‍ ശാസ്ത്രജ്ഞര്‍ എന്തുകൊണ്ടാണ് പ്രതിക്കൂട്ടിലാകുന്നത്? ശാസ്ത്രീയ വിശദീകരണങ്ങളോടുള്ള ജനങ്ങളുടെ വര്‍ധിച്ചു വരുന്ന ഈ എതിര്‍പ്പിന്റെ കാരണമെന്താവും?

സമൂഹത്തില്‍ മേല്‍ക്കൈ നേടുന്ന “ശാസ്ത്ര വിരുദ്ധത”, ജനങ്ങളുടെ അജ്ഞതയും ശാസ്ത്ര നിരക്ഷരതയും, അത് മുതലെടുത്തുള്ള മതങ്ങളുടെയും പരിസ്ഥിതിവാദികളുടെയും മാധ്യമങ്ങളുടെയും പ്രതിലോമകരമായ ഇടപെടലുകള്‍ തുടങ്ങിയ കാരണങ്ങളാണ് പൊതുവേ ഈ എതിര്‍പ്പിന്റെ കാരണമായി ഉന്നയിക്കപ്പെടാറ്. ഈ വിശകലനം നീങ്ങുന്നത് ശാസ്ത്രീയമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ജനങ്ങളെ പരിശീലിപ്പിക്കുക, ശാസ്ത്രത്തെ കൂടുതലായി ജനങ്ങളിലേക്കെത്തിക്കുക, അന്ധവിശ്വാസങ്ങളെ എതിര്‍ക്കുക തുടങ്ങിയ പ്രതിവിധികളിലേക്കാണ്.

 

1970-കള്‍ മുതലെങ്കിലും കേരളത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തും യുക്തിവാദ സംഘവും സജീവമായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇപ്പോഴാവാട്ടെ നവയുക്തിവാദികളും ഫ്രീതിങ്കേഴ്‌സും പോലെയുള്ള സംഘങ്ങളും സജീവമാണ്. ഇവരുടെയെല്ലാം സംഘടിതമായ ശ്രമങ്ങള്‍ ശാസ്ത്ര പ്രചാരണത്തിനായി ഉണ്ടായിട്ടും എന്ത് കൊണ്ടാണ് സയന്‍സിനോടുള്ള എതിര്‍പ്പ് സമൂഹത്തില്‍ കൂടിവരുന്നത്?

ശാസ്ത്ര വിദഗ്ദ്ധരും ജനങ്ങളും തമ്മില്‍ സവിശേഷ സാഹചര്യങ്ങളില്‍ നടക്കുന്ന ഇത്തരം ഇടപെടലുകള്‍ സാമൂഹ്യ ശാസ്ത്രപരമായി വിശകലനം ചെയ്യുന്നത് ഈ പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണതകളെ വെളിയില്‍ കൊണ്ടുവരുന്നതിന് സഹായിക്കും. ശാസ്ത്രീയ രീതിയുടെ അപ്രമാദിത്തം എന്ന നിലപാടില്‍ നിന്നുകൊണ്ട് ജനങ്ങളുടെ പ്രതികരണങ്ങളെ ശാസ്ത്രവിരുദ്ധതയും അജ്ഞതയുമായി തള്ളിക്കളയാനാവില്ല എന്നാണ് ഇത്തരം പഠനങ്ങള്‍ തുടങ്ങിവെച്ചവരില്‍ പ്രമുഖനായ ബ്രയാന്‍ വെയ്ന്‍ (Brian Wynne) എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ ശാസ്ത്രത്തെ മനസ്സിലാക്കുന്നത് അവരുടെ നിത്യജീവിത സാഹചര്യങ്ങളില്‍ നിന്നും രൂപീകരിക്കുന്ന അനുഭവങ്ങളുടെയും അറിവുകളുടെയും സഹായത്തോടെയാണ്; ശാസ്ത്രജ്ഞര്‍ സ്വയം വിചാരിക്കുന്നതില്‍ നിന്നും വിഭിന്നമായി തികച്ചും സാമൂഹികവും രാഷ്ട്രീയപരവുമായ ഒരു അറിവുല്‍പാദന പ്രക്രിയ ആയിട്ടാണ് സയന്‍സിനെ ജനങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ മനസ്സിലാക്കുന്നത് എന്നാണ് വെയ്ന്‍ വിശദീകരിക്കുന്നത്.

ബ്രയാന്‍ വെയ്ന്‍

 

വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കുമ്പ്രിയ (Lake District of Cumbria) എന്ന മലമ്പ്രദേശത്തെ ആട്ടിടയ സമൂഹവും ആണവ ശാസ്ത്രജ്ഞരും തമ്മിലുണ്ടായ ഒരു ഇടയലാണ് വെയ്ന്‍ പഠിക്കുന്നത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈനില്‍ 1986 നടന്ന ചെര്‍ണോബില്‍ ആണവനിലയ ദുരന്തത്തെ (ഏപ്രില്‍ 25-26) തുടര്‍ന്ന്, മെയ് മാസമായപ്പോഴേക്കും യൂറോപ്പിലാകെമാനം ആണവ മേഘങ്ങള്‍ പടര്‍ന്നു. ഈ മേഘങ്ങളില്‍ നിന്നും റേഡിയോ ആക്ടീവതയുള്ള സീഷിയം (Cesium) ഐസോടോപ്പുകള്‍ ബ്രിട്ടനിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം മഴവെള്ളത്തിലൂടെ മണ്ണില്‍ കലരുകയുണ്ടായി. ഇതിന്റെ ആണവ പ്രഭാവം അവഗണിക്കാവുന്നത്ര തോതിലേ ഉള്ളൂ എന്നായിരുന്നു ശാസ്ത്രജ്ഞരും സര്‍ക്കാരും തുടക്കത്തില്‍ ജനങ്ങളെ അറിയിച്ചത്.

എന്നാല്‍, ജൂണ്‍ ഇരുപതാം തീയതി മുന്നറിയിപ്പുകളൊന്നും കൂടാതെ സര്‍ക്കാര്‍ കുമ്പ്രിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ആടുകളുടെ വില്‍പ്പനയും ഇറച്ചിയുടെ ഉപയോഗവും നിരോധിച്ചു. ആടുകളുടെ ശരീരത്തില്‍ സീഷിയം ഐസോടോപ്പുകള്‍ എത്തിച്ചേര്‍ന്നതുമൂലം ഉള്ള അണുവികിരണം കുറയ്ക്കാനാണ് ഈ അസാധാരണ നടപടിയെന്നും വെറും മൂന്നാഴ്ചയ്ക്കുള്ളില്‍ വികിരണത്തോത് സാധാരണ നിലയില്‍ ആകുമെന്നും തുടര്‍ന്ന് നിരോധനം മാറ്റാനാകുമെന്നും പുതിയ ശാസ്ത്രീയ വിശദീകരണം ഉണ്ടായി. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞപ്പോളാവട്ടെ, നിരോധനം അനന്തമായി നീട്ടുകയാണുണ്ടായത്!

 

കുമ്പ്രിയയിലെ ആടുകര്‍ഷകരുടെ ഉപജീവന മാര്‍ഗത്തെയും അതുവഴി പ്രാദേശിക സാമ്പത്തിക വ്യവസ്ഥയെയും നിരോധനം സാരമായി ബാധിച്ചു. മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിരോധനം നാലായിരം ഫാമുകളില്‍ നിന്നും കുമ്പ്രിയയിലെ 150 ഫാമുകളിലേക്ക് വിദഗ്ധ നിര്‍ദേശത്തെ തുടര്‍ന്ന് ഗവണ്‍മെന്റ് പരിമിതപ്പെടുത്തി. വാസ്തവത്തില്‍ ഇത് കുമ്പ്രിയയിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു; നിരോധനം മൂലം ആടുകളെ മേയ്ക്കാന്‍ പറ്റുന്ന സ്ഥല വിസ്തൃതി കുറഞ്ഞത് അവയുടെ ഭക്ഷണ ലഭ്യതയെ ബാധിച്ചു.

റേഡിയോ ആക്ടീവത കൂടിയ അളവിലുള്ള ആടുകളെ ഈ പ്രദേശത്തിന് പുറത്തുള്ള കര്‍ഷകര്‍ക്ക് വില്‍ക്കുന്നതിന് അനുവാദമുണ്ടായിരുന്നുവെങ്കിലും അവയെ ആണവ വികിരണത്തോത് കുറയുന്നതുവരെ ഇറച്ചിക്കുവേണ്ടി നിയമപ്രകാരം കൊല്ലാനാവാത്തതിനാല്‍ ആടുകളുടെ വില തീര്‍ത്തും ഇടിഞ്ഞു. വില്‍ക്കുന്നില്ല എന്ന് തീരുമാനിച്ചാലാവട്ടെ, ഭക്ഷണം ലഭിക്കാതെ ആടുകള്‍ ചാകുകയും ചെയ്യും. ഇത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാഴ്ത്തി. ശാസ്ത്രജ്ഞരാവട്ടെ, ഈ പ്രശ്‌നങ്ങളൊന്നും കണക്കിലെടുക്കാതെ വികിരണത്തോത് ഉടന്‍ കുറയുമെന്നു സമര്‍ഥിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ നിരോധനം ഒട്ടു മാറ്റിയതുമില്ല. ഇതിലെ വൈരുധ്യം മനസ്സിലാക്കിയ ആട് കര്‍ഷകര്‍, വിദഗ്ദ്ധരും ഗവണ്‍മെന്റും ഒത്തുചേര്‍ന്ന് തങ്ങളെ പറ്റിക്കുകയാണെന്ന് എന്ന് ആരോപിച്ചു.

കര്‍ഷകരുടെ ഈ ആരോപണത്തിന് ഉപോല്‍ബലകമായി ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം കുമ്പ്രിയയില്‍ വിദഗ്ധര്‍ നടത്തിയ ശാസ്ത്ര പരീക്ഷണങ്ങളെ അടുത്തു നിന്ന് വീക്ഷിച്ച അനുഭവവുമുണ്ടായിരുന്നു. ഫീല്‍ഡ് പരീക്ഷണങ്ങള്‍ക്കെത്തിയ ശാസ്ത്രജ്ഞര്‍ കര്‍ഷകരെ വിശ്വാസത്തിലെടുത്തതേയില്ല; ശാസ്ത്ര പരീക്ഷണങ്ങളില്‍ വിവരംകെട്ട നാട്ടുകാര്‍ക്കെന്തു കാര്യം എന്നായിരുന്നു അവരുടെ മനോഭാവം.

 

പ്രാദേശിക പരിസ്ഥിതിയെക്കുറിച്ചും കുമ്പ്രിയന്‍ മലമ്പ്രദേശത്തെ മണ്ണിന്റെ പ്രത്യേകതകളെക്കുറിച്ചും ആടുകളുടെ ജീവിതചര്യയെക്കുറിച്ചും ആടുവളര്‍ത്തലിന്റെ സാങ്കേതിക സങ്കീര്‍ണതകളെക്കുറിച്ചുമുള്ള കര്‍ഷകരുടെ അറിവുകളും അനുഭവ പരിചയവും തങ്ങളുടെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് ആവശ്യമുള്ളവയാണെന്ന് അവര്‍ കരുതിയില്ല. എന്നാല്‍ കര്‍ഷകരെ പരീക്ഷണ പങ്കാളികളായി കാണാനുള്ള ശാസ്ത്രജ്ഞരുടെ ഈ കഴിവില്ലായ്മ അവരുടെ പരീക്ഷണങ്ങളെ പരാജയപ്പെടുത്തുന്നതാണ് തുടര്‍ന്നു നമ്മള്‍ കാണുന്നത്.

റേഡിയോ ആക്ടീവതയുള്ള സീഷിയത്തെ ആഗിരണം ചെയ്യാനും (adsorption) അങ്ങിനെ മണ്ണിനെയും പുല്ലിനെയും ശുദ്ധീകരിക്കാനുമുള്ള ബെന്‍ടോണൈറ്റ് (Bentonite) എന്ന രാസഘടകത്തിന്റെ കുമ്പ്രിയയിലെ മണ്ണിലുള്ള ശേഷിയെ അളക്കാനുള്ളതായിരുന്നു ഒരു പ്രധാന പരീക്ഷണം. ഇതറിഞ്ഞാല്‍ ആടുകളിലെ വികിരണ ബാധ എത്ര സമയം കൊണ്ട് കുറയുമെന്ന് കണക്ക് കൂട്ടിയെടുക്കാനാവുമല്ലോ. ബെന്‍ടോണൈറ്റിന്റെ സാന്ദ്രത കുമ്പ്രിയയില്‍ തന്നെ പലയിടങ്ങളില്‍ പലതായിരുന്നതിനാല്‍ ഓരോ ഇടത്തില്‍ നിന്നുമുള്ള ആടുകളുടെ ശരീരത്തിലെ റേഡിയോ ആക്ടീവത കൃത്യമായ ഇടവേളകളില്‍ അളന്നു തിട്ടപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇതിനുവേണ്ടി ഓരോ ഫാമിലെയും ആടുകളുടെ മേച്ചില്‍ പ്രദേശം വേലികെട്ടി തിരിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കര്‍ഷകര്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. ആ പ്രദേശത്ത് ആടുകളെ അഴിച്ചു വിട്ടാണ് തീറ്റാറുള്ളതെന്നും വിവിധ ഫാമുകളിലെ ആട്ടിന്‍ പറ്റങ്ങള്‍ ഒരുമിച്ചാണ് മേയാറുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആടുകള്‍ ശീലിച്ചിരിക്കുന്ന ഈ സ്വാഭാവിക രീതിക്കു വിരുദ്ധമായി അവയെ കെട്ടിയിടാന്‍ ശ്രമിച്ചാല്‍ ഭക്ഷണം കഴിക്കുന്നത് കുറയുമെന്നും അത് പരീക്ഷണഫലത്തെ കാര്യമായി ബാധിക്കുമെന്നും വിശദീകരിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചെങ്കിലും ശാസ്ത്രജ്ഞര്‍ ഇത് തീരെ ഗൗനിച്ചില്ല. എന്നാല്‍ ഇതേ കാരണം കൊണ്ടുതന്നെ പിന്നീട് അവര്‍ക്ക് ആ പരീക്ഷണം ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ് തമാശ! ആട്ടിടയ സമൂഹത്തെ സവിശേഷമായ അറിവുകളും വൈദഗ്ധ്യങ്ങളുമുള്ള, യുക്തിസഹമായി ചിന്തിക്കാന്‍ ശേഷിയുള്ള അറിവുപങ്കാളികളായി കരുതാനുള്ള വിവേകം ഗവേഷകര്‍ക്കുണ്ടായില്ല എന്നതാണ് ഈ പരാജയത്തിന് പിന്നില്‍ എന്ന് വ്യക്തമാണല്ലോ.

ചെര്‍ണോബില്‍ ആണവനിലയം ദുരന്തത്തിന് ശേഷം

പ്രാദേശികമായ ഘടകങ്ങളെ പരീക്ഷണ മാതൃകയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഗവേഷകരുടെ ശേഷിക്കുറവും അവരുടെ ശാസ്ത്രീയ നിഗമനങ്ങളെ തെറ്റിച്ചു കളയുന്നുണ്ട്. സീഷിയം സാന്ദ്രത ഉടനെതന്നെ തീര്‍ത്തും കുറയും എന്നായിരുന്നല്ലോ ശാസ്ത്രീയ പ്രവചനം. കുമ്പ്രിയയില്‍ നിരന്തരം നടത്തിയ പരീക്ഷണങ്ങളില്‍ കൂടിയാണ് അവര്‍ ഈ ഉറച്ച നിഗമനത്തിലെത്തിയത്. എന്നാല്‍ അവര്‍ ഉപയോഗിച്ച പരീക്ഷണ മാതൃക ക്ഷാരസ്വഭാവമുള്ള എക്കല്‍ മണ്ണില്‍ മുമ്പ് നടന്ന പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ചതായിരുന്നു. കുമ്പ്രിയയിലേതാവട്ടെ അമ്ലസ്വഭാവമുള്ള പീറ്റ് മണ്ണും (Peat soil). ഈ പഠന മാതൃകയനുസരിച്ച് എക്കല്‍ മണ്ണ് അന്തരീക്ഷത്തില്‍ നിന്നും വെള്ളത്തില്‍ കലര്‍ന്ന് താഴെയെത്തുന്ന സീഷിയത്തെ രാസപരമായി പിടിച്ചു വെയ്ക്കുകയും അങ്ങിനെ അത് സസ്യങ്ങളാല്‍ ആഗിരണം ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്നു. ആദ്യത്തെ വികിരണബാധ കഴിഞ്ഞാല്‍ പിന്നെ ഭക്ഷണത്തിലൂടെ അത് വീണ്ടും ആടുകളുടെ ശരീരത്തില്‍ എത്തുകയില്ല എന്നര്‍ത്ഥം.

പക്ഷെ കുമ്പ്രിയയിലെ പീറ്റ് മണ്ണിന് സീഷിയം ആഗിരണ ശേഷി ഇല്ലാത്തതിനാല്‍ സസ്യവേരുകള്‍ സീഷിയം വലിച്ചെടുക്കുകയും ഈ ചെടികള്‍ തിന്നുന്ന ആടുകളുടെ ശരീരത്തിലേക്ക് അതിനെ തിരിച്ചെത്തിക്കുകയും ചെയ്യുന്നു എന്നതിനാലാണ് റേഡിയോ ആക്ടീവത ആടുകളില്‍ ദീര്‍ഘകാലം കുറയാതെ നിലനിന്നത് എന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞര്‍ രണ്ടു വര്‍ഷമെടുത്തു! കുമ്പ്രിയയിലെ മലമണ്ണിന്റെ സീഷിയം ആഗിരണ ശേഷിയിലുള്ള കാതലായ ഈ വ്യത്യാസം ഗവേഷകര്‍ തിരിച്ചറിയാതെ പോയത് തങ്ങള്‍ ഉപയോഗിച്ച പഠനമാതൃകയുടെ രീതിശാസ്ത്രപരമായ മുന്‍വിധികളെക്കുറിച്ചുള്ള വിമര്‍ശബോധം അവര്‍ക്ക് ഇല്ലാതെ പോയതിനാലാണെന്നു ചുരുക്കം. കഴിഞ്ഞ രണ്ടു വര്‍ഷം തങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്ന ശാസ്ത്രീയാഭിപ്രായങ്ങള്‍ തെറ്റായ പരീക്ഷണങ്ങളെ ആധാരമാക്കിയായിരുന്നുവെന്ന് തുറന്നു സമ്മതിക്കാന്‍ അതിനു ശേഷവും അവര്‍ തയ്യാറായില്ല എന്നത് കര്‍ഷകര്‍ക്ക് ശാസ്ത്രജ്ഞരിലുള്ള വിശ്വാസത്തെ പൂര്‍ണ്ണമായും തകര്‍ത്തു കളഞ്ഞു.

സെല്ലഫീല്‍ഡ്-വിന്‍ഡ്‌സ്‌കെയില്‍ ആണവ നിലയ സമുച്ചയം

 

ശാസ്ത്രജ്ഞരുടെ വിശ്വാസയോഗ്യത തീരെ നശിച്ച ഈ ഘട്ടത്തില്‍ കുമ്പ്രിയയിലെ ഇടയ സമൂഹം തങ്ങള്‍ക്കു ലഭ്യമായ ശാസ്ത്രീയ വിവരങ്ങളും സാമൂഹിക ഓര്‍മകളും ഉപയോഗിച്ച് ഞെട്ടിപ്പിക്കുന്ന ഒരു തിരിച്ചറിവിലെത്തി. ആ പ്രദേശത്തുള്ള ഒരു ആണവ നിലയ സമുച്ചയമാണ് റേഡിയോആക്ടീവത കുറയാതെ നില്‍ക്കുന്നതിന് കാരണമെന്നായിരുന്നു അവര്‍ കണ്ടെത്തിയത്. വികിരണബാധിതമായി പ്രഖ്യാപിക്കപ്പെട്ട കുമ്പ്രിയയിലെ ഭൂപ്രദേശം ഭൂപടത്തില്‍ ഒരു ചന്ദ്രക്കലയുടെ രൂപത്തിലായിരുന്നു കാണപ്പെട്ടത് (മാപ്പ് കാണുക). അതിന്റെ അകവളവിനോട് ചേര്‍ന്നാണ് സെല്ലഫീല്‍ഡ്-വിന്‍ഡ്‌സ്‌കെയില്‍ ആണവ നിലയ സമുച്ചയം (Sellafield-Windscale nuclear complex) നിലനിന്നിരുന്നത് എന്നത് ഈ സംശയത്തിന് ആക്കം കൂട്ടി.

 

1950-കളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിവിധോദ്ദേശ്യ ആണവ പദ്ധതി എക്കാലത്തും വിവാദങ്ങളെ ക്ഷണിച്ചു വരുത്തിയിരുന്നു. 1980-കളില്‍, കുമ്പ്രിയയില്‍ കുട്ടികളിലെ രക്താര്‍ബുദം വ്യാപകമായത് ഈ നിലയ സമുച്ചയം കാരണമാണെന്ന് ശക്തമായ പരാതിയുയര്‍ന്നു. എന്നുമാത്രമല്ല, ചെര്‍ണോബില്‍ ദുരന്തത്തിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തത്തിന് 1957-ല്‍ വേദിയായതും ഇവിടമായിരുന്നു. നിലയത്തിന്റെ ഇന്ധന സംഭരണ കേന്ദ്രത്തിലുണ്ടായ ഈ അപകടം കാരണം സീഷിയത്തിന്റെയും അയഡിന്റെയും ഐസോടോപ്പുകള്‍ ധാരാളമായി കുമ്പ്രിയയില്‍ വ്യാപിച്ചിരുന്നു. എന്നാല്‍ അധികാരികള്‍ ഇത് അങ്ങേയറ്റം രഹസ്യമായി വെയ്ക്കുകയാണുണ്ടായത്. പ്രാദേശികമായി ഇക്കാര്യം ജനങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും കാര്യമായ പ്രതിഷേധങ്ങളൊന്നും കൂടാതെ സ്ഥാപനം തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികാരികള്‍ വിജയിച്ചു.

എന്നാല്‍ ചെര്‍ണോബില്‍ ദുരന്തം കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷവും ആണവ വികിരണ പ്രഭാവം ഈ പ്രദേശത്തു കുറയാതെ നിന്നതിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ശാസ്ത്രസമൂഹത്തിന് കഴിയാതെ വന്നത് ഈ പ്രശ്‌നത്തില്‍ സെല്ലഫീല്‍ഡ് സമുച്ചയത്തിന്റെ പങ്കിനെക്കുറിച്ച് സംശയം സൃഷ്ടിക്കാന്‍ കാരണമായി. ജനങ്ങളുടെ ഈ സംശയത്തെ അടിസ്ഥാനരഹിതമെന്ന് തള്ളിക്കളയുകയാണ് ആണവ വിദഗ്ധര്‍ ചെയ്തത്. 1957-ലെ ആണവസ്‌ഫോടനത്തിന്റെ ഫലമായി അന്തരീക്ഷത്തില്‍ കലര്‍ന്ന സീഷിയം ഐസോടോപ്പുകളുടെയും ചെര്‍ണോബില്‍ ദുരന്തത്തെ തുടര്‍ന്ന് ആണവ മേഘങ്ങളിലൂടെ കുമ്പ്രിയയിലെത്തിയ സീഷിയം ഐസോടോപ്പുകളുടെയും ഗാമാ വികിരണങ്ങളുടെ ആവൃത്തി അനുപാതങ്ങളിലുള്ള വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി (അവയുടെ അര്‍ദ്ധായുസ്സ് വ്യത്യസ്തമായതിനാല്‍ ആവൃത്തികളും വ്യത്യസ്തമായിരിക്കും) നടത്തിയ ശാസ്ത്രീയ പരിശോധനകളെ മുന്‍നിര്‍ത്തി ചെര്‍ണോബില്‍ ദുരന്തമാണ് ഇപ്പോഴുള്ള റേഡിയോ ആക്ടീവതയ്ക്ക് കാരണമെന്ന് ആണവശാസ്ത്രജ്ഞര്‍ ഉറപ്പിച്ചു പറഞ്ഞു. പക്ഷെ ശാസ്ത്രജ്ഞരുമായി നേരത്തെ നടന്ന ഇടപഴകലുകളിലുണ്ടായ ദുരനുഭവങ്ങള്‍ കാരണം കര്‍ഷക സമൂഹം ഇത് വിശ്വസിക്കാന്‍ തുനിഞ്ഞില്ല. വിദഗ്ധര്‍ക്കും കുമ്പ്രിയയിലെ ഇടയ സമൂഹത്തിനും ഇടയിലുള്ള പരസ്പര വിശ്വാസം അത്രയ്ക്ക് ഇടിഞ്ഞു പോയിരുന്നല്ലോ.

 

എന്നാല്‍ ഇക്കാര്യത്തിലും നാട്ടുകാരുടെ വാദമായിരുന്നു ശരിയെന്ന് പതിയെ തെളിയുന്ന കാഴ്ചയാണ് തുടര്‍ന്നു കാണുന്നത്! റേഡിയോ അക്ടീവതയുള്ള സീഷിയത്തില്‍ അമ്പത് ശതമാനം മാത്രമേ ചെര്‍ണോബില്‍ ദുരന്തത്തില്‍ നിന്നുമുള്ളതായുള്ളൂ എന്ന് വിദഗ്ധര്‍ക്ക് പിന്നീട് സമ്മതിക്കേണ്ടി വന്നു. ആണവ സമുച്ചയത്തിലെ ശാസ്ത്രജ്ഞര്‍ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് പഴയ ദുരന്തത്തെ മൂടി വെയ്ക്കാന്‍ നടത്തിവന്ന കളികളും അതിനായി “ശാസ്ത്രീയത”യെ കൂട്ടുപിടിച്ചതുമെല്ലാം തദ്ദേശവാസികള്‍ക്ക് ആണവ ശാസ്ത്രജ്ഞരിലും നിലയാധികാരികളിലുമുള്ള വിശ്വാസവും ആശ്രയത്വവും തീര്‍ത്തും ഇല്ലാതാക്കിയിരുന്നു. തങ്ങളുടെ അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ട പ്രാദേശിക ജ്ഞാനത്തെ (local knowledge) ആധാരമാക്കി ശാസ്ത്രീയ വിവരങ്ങളെ സ്വന്തമായി അപഗ്രഥിക്കുന്നതിനും അങ്ങിനെ ശരിയായ നിഗമനങ്ങളിലും വിശകലനങ്ങളിലും എത്തുന്നതിനും ഇത് കര്‍ഷകരെ പ്രേരിപ്പിച്ചു.

ബ്രയാന്‍ വെയ്ന്‍ നടത്തിയ ഈ പഠനം മുന്‍പോട്ടു വെയ്ക്കുന്ന തിരിച്ചറിവുകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം

പൊതുജനം ശാസ്ത്ര നിരക്ഷരരോ ശാസ്ത്ര വിരുദ്ധരോ അല്ല. തങ്ങളുടേതായ അറിവുകളും യുക്തികളും അവര്‍ക്കുണ്ട്. തങ്ങളുടെ ഉപജീവന മാര്‍ഗങ്ങളുടെയും സാമൂഹിക/പാരിസ്ഥിതിക സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ സവിശേഷമായ ജ്ഞാനവും വൈദഗ്ധ്യവും അവര്‍ ആര്‍ജ്ജിച്ചിട്ടുണ്ട്. സയന്‍സുമായുള്ള ഇടപഴകല്‍ അവര്‍ നടത്തുന്നത് നിത്യജീവിതത്തിന്റെ ഭാഗമായാണ്. അത്തരം സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ ശാസ്ത്രജ്ഞര്‍ എങ്ങിനെയാണ് അവരോട് ഇടപെടുന്നത് എന്നും ശാസ്ത്രം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയാണ് സയന്‍സിനോടുള്ള അവരുടെ സമീപനം രൂപപ്പെടുന്നത്. തങ്ങളുടെ സവിശേഷ ജ്ഞാനവും വൈദഗ്ധ്യവും (lay-knowledge / lay-expertise) സാംസ്‌കാരിക പരിപ്രേക്ഷ്യങ്ങളും അവര്‍ ഇതിനായി ഉപയോഗിക്കുന്നു.

ജനങ്ങളെ സംബന്ധിച്ചിടത്തോളം അറിവ് എന്നത് (സയന്‍സ് ഉള്‍പ്പടെയുള്ള ജ്ഞാനരൂപങ്ങള്‍) വിവിധ സാമൂഹിക സ്ഥാപനങ്ങളുമായും രാഷ്ട്രീയ പ്രക്രിയകളുമായും ഇഴചേര്‍ന്നു രൂപപ്പെടുന്ന ഒന്നാണ്. എന്നാല്‍ ശാസ്ത്രം സാമൂഹികേതരമായ ഒരു ബൗദ്ധിക പ്രക്രിയയാണ് എന്ന കേവല ശാസ്ത്ര വാദം മുറുകെപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ തന്നെ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.

ഔദ്യോഗിക ശാസ്ത്ര വിശദീകരണങ്ങളെ ഭരണകൂട വ്യവഹാരങ്ങളുടെ ഭാഗമായിട്ട് തന്നെയാണ് ജനങ്ങള്‍ തിരിച്ചറിയുന്നത്. അതാത് ഗവണ്‍മെന്റുകളോടുള്ള ജനങ്ങളുടെ സമീപനം ശാസ്ത്രജ്ഞരോടുള്ള അവരുടെ മനോഭാവ രൂപീകരണത്തിലും ശക്തമായി പ്രതിഫലിക്കും. സമാനമായ മുന്‍സാഹചര്യങ്ങളില്‍ ശാസ്ത്രസമൂഹവും ഭരണകൂടവും എങ്ങിനെയാണ് പ്രതികരിച്ചത് എന്നതു സംബന്ധിച്ച സാമൂഹിക ഓര്‍മ്മകളും ഒരു പ്രത്യേക പ്രശ്‌ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ പ്രതികരണത്തെ രൂപപ്പെടുത്തുന്നു.

ജനങ്ങളെ വിശ്വാസത്തിലെടുക്കാനും, അവരുടെ പ്രാദേശിക അറിവുകളെയും അനുഭവങ്ങളെയും അറിവിന്റെയും ശാസ്ത്രീയ വിശദീകരണങ്ങളുടെയും രൂപീകരണ പ്രക്രിയയില്‍ സജീവമായി ഉള്‍പ്പെടുത്താനും ശാസ്ത്രജ്ഞര്‍ പൊതുവേ പരാജയപ്പെടുന്നു. സയന്‍സിന്റെ അപ്രമാദിത്തത്തിലും തീര്‍ച്ചകളിലും ഉള്ള അതിരുകടന്ന വിശ്വാസം അത്തരം ഒരു സാമൂഹിക ഇടപഴകലിന് വിഘാതമാകുന്നു. അറിവന്വേഷകര്‍ എന്ന നിലയില്‍ ഉണ്ടാകേണ്ട ആത്മവിമര്‍ശന സന്നദ്ധതയും തങ്ങള്‍ നിര്‍മ്മിക്കുന്ന അറിവിന്റെ ജ്ഞാനസിദ്ധാന്തപരമായ പശ്ചാത്തലം, മുന്‍വിധികള്‍ എന്നിവയെക്കുറിച്ചുള്ള തിരിച്ചറിവുകളും ശാസ്ത്ര വിദഗ്ധര്‍ക്ക് പൊതുവേ കമ്മിയാണ്. അവര്‍ നിര്‍മ്മിക്കുന്ന അറിവിന്റെ ഗുണത്തെ ഇത് സാരമായി ബാധിക്കുന്നു എന്ന് വ്യക്തമാണല്ലോ.

 അറിവുല്പാദനവുമായി ബന്ധപ്പെട്ട് സവിശേഷ സാമൂഹിക സാഹചര്യങ്ങളില്‍ ഇടപെടേണ്ടി വരുമ്പോള്‍ പ്രാദേശിക സമൂഹത്തെ അറിവുപങ്കാളികളായി അംഗീകരിക്കുന്നതിനുള്ള വിനയം ഗവേഷകര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. പ്രാദേശിക ജനതയുടെ സാമൂഹിക തന്മയെ (social identity) ബഹുമാനിക്കുക, അവരെ കേള്‍ക്കുക എന്നിവ വളരെ പ്രധാനമാണ്. ശാസ്ത്രജ്ഞര്‍ അവരുടെ ജ്ഞാന വൈദഗ്ധ്യത്തെക്കുറിച്ചും ശാസ്ത്രീയതയെക്കുറിച്ചുമുള്ള പ്രത്യയശാസ്ത്രപരമായ കേവല വാദങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ജനാധിപത്യപരമായ അറിവു നിര്‍മ്മാണവും, അതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ശാസ്ത്രവും രൂപപ്പെടുകയുള്ളൂ.

ശാസ്ത്രജ്ഞരുടെ സാമൂഹിക നിരക്ഷരത അടിയന്തിരമായി അഭിസംബോധന ചെയ്യേണ്ട പ്രശ്‌നമാണ്. ഒപ്പം അറിവിന്റെ ഉല്പാദനം ജനാധിപത്യപരമാകേണ്ടതെങ്ങനെ എന്ന ചര്‍ച്ചകളും നടക്കണം. ജനങ്ങള്‍ ശാസ്ത്ര നിരക്ഷരരാണ് എന്ന മുന്‍വിധി ശാസ്ത്രജ്ഞരും ശാസ്ത്രപ്രചാരകരും ഉപേക്ഷിക്കണം. കേവല ശാസ്ത്രവാദപരമായ പ്രചാരണ പരിപാടികള്‍ സയന്‍സിന്റെ സാമൂഹികത, ജനാധിപത്യവല്‍ക്കരണം എന്നിവയില്‍ ഊന്നുന്നവയല്ല എന്നതിനാല്‍തന്നെ സാമൂഹികമായി പരാജയപ്പെടുന്നു. അറിവുപങ്കാളിത്തത്തിന്റെ സാമൂഹിക-രാഷ്ട്രീയ പ്രാധാന്യത്തിലൂന്നുന്ന അവബോധന പരിപാടികളാണ് പകരം ഉണ്ടാവേണ്ടത്.

* * * * *

ശാസ്ത്ര-സാങ്കേതികവിദ്യകളുമായുള്ള ജനങ്ങളുടെ ഇടപെടലുകള്‍ (Public Engagement with Science and Technology – PEST) ഇന്ന് വിശാലമായ ഒരു സാമൂഹികശാസ്ത്ര പഠനമേഖലയാണ്. ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ സമീപകാലത്ത് ഉണ്ടായിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശാവഹമാണ്. ശാസ്ത്ര വിമര്‍ശനത്തെ ശാസ്ത്ര വിരുദ്ധതയായി ചാപ്പയടിക്കാനുള്ള കേവല ശാസ്ത്രവാദികളുടെ ശ്രമങ്ങളെ മറികടന്ന് ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നുന്ന ഒരു പുത്തന്‍ ശാസ്ത്രത്തെക്കുറിച്ചുള്ള സാമൂഹികഭാവന രൂപപ്പെടുത്തുന്നതിന് ഇത്തരം പഠനങ്ങള്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

തുടര്‍ വായനയ്ക്ക്

Brian Wynne 1996. “Misunderstood Misunderstandings: Social Identities and Public Uptake of Science”, Chapter 1 in Alan Irwin and Brian Wynne (eds.). 1996. Misunderstanding Science? The Public Reconstruction of Science and Technology. Cambridge: Cambridge University Press, pp. 19-46. (ഇതേ പുസ്തകത്തിലെ മറ്റു അധ്യായങ്ങളും കാണുക)

ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള പഠനങ്ങളില്‍ ചിലത് സെമിനാര്‍ മാസികയുടെ താഴെപ്പറയുന്ന ലക്കത്തില്‍ ലഭ്യമാണ്;

Seminar 654 (State of Science: A Symposium on the Relationship between Science, Knowledge and Democracy), February, 2014.

ഡോ. ഷിജു സാം വറുഗീസ്
ഗുജറാത്ത് കേന്ദ്രീയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017-ല്‍ പ്രസിദ്ധീകരിച്ച Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.