സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ശരീരം
Opinion
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ശരീരം
ഡോ. ഷിജു സാം വറുഗീസ്
Friday, 16th March 2018, 1:18 pm

ഐന്‍സ്‌റ്റൈനു ശേഷം ശാസ്ത്രലോകം കണ്ട ഏറ്റവും വലിയ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സ്റ്റീഫന്‍ വില്യം ഹോക്കിങ്ങ് (1942-2018). തമോഗര്‍ത്തങ്ങളെക്കുറിച്ചും പ്രപഞ്ചത്തിന്റെ ഉല്‍പത്തി വികാസങ്ങളെക്കുറിച്ചും വിശദവും മൗലികവുമായ പഠനങ്ങള്‍ നടത്തിയ ഈ ഭൗതിക ശാസ്ത്രജ്ഞന്‍ അതിഗുരുതരവും വൈദ്യശാസ്ത്രത്തിന് ഇന്നും പ്രഹേളികയായി തുടരുന്നതുമായ Amyotrophic Lateral Sclerosis (ALS) അഥവാ Lou Gehrig”s disease ബാധിതനായിരുന്നു. തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് (1963ല്‍) ഈ അസുഖം അദ്ദേഹത്തെ ബാധിച്ചത്. അതിനു ശേഷമുള്ള ഹോക്കിങ്ങിന്റെ ജീവിതം നാഡീ-പേശി നിയന്ത്രണത്തെ തളര്‍ത്തുന്ന ഈ രോഗത്തോട് നിരന്തരം മല്ലിട്ടു കൊണ്ടായിരുന്നു.

ഈ രോഗം ഹോക്കിങ്ങിന്റെ ശരീരത്തെ പൂര്‍ണ്ണമായും കീഴ്‌പ്പെടുത്തിയത് 1985-ല്‍ നേരിട്ട ന്യുമോണിയ ബാധയെത്തുടര്‍ന്നായിരുന്നു. അദ്ദേഹം മരിച്ചെന്നുതന്നെ ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ ജീവിത പങ്കാളി ആയിരുന്ന ജെയ്‌നിന്റെ (Jane Wilde) നിര്‍ബ ന്ധപ്രകാരം നടത്തിയ tracheotomy ശസ്ത്രക്രിയ ജീവന്‍ രക്ഷിച്ചെങ്കിലും സംസാരശേഷി പൂര്‍ണമായും നഷ്ടമായി. അതിനു മുമ്പേ തന്നെ ശരീരം തളര്‍ന്നിരുന്നെങ്കിലും അല്‍പ സ്വല്‍പം സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഈ ശസ്ത്രക്രിയയെ തുടര്‍ന്ന് പൂര്‍ണമായും ചക്രക്കസേരയിലായി അദ്ദേഹത്തിന്റെ ജീവിതം. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ് എഴുതാനും സംസാരിക്കാനും സഹായിച്ചത്. ശേഷി തീര്‍ത്തും നശിച്ചിട്ടില്ലാത്ത തന്റെ വിരലുകള്‍ ഉപയോഗിച്ചാണ് ഇതു പ്രവര്‍ത്തിപ്പിച്ചിരുന്നത്. വിരലുകള്‍ പതിയെ നിര്‍ജ്ജീവമായപ്പോള്‍ കവിളിലെ പേശിയുടെ നേര്‍ത്ത ചലനത്താല്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഒരു നിയന്ത്രണ സംവിധാനം 2000-ന്റെ അവസാനം നിര്‍മ്മിക്കപ്പെടുകയുണ്ടായി.

 

ഹോക്കിങ്ങ് എന്ന ശാസ്ത്ര “പ്രതിഭ”യെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ അംഗപരിമിത ശരീരം എന്ത് പങ്കാണ് വഹിക്കുന്നത്? ആ ശരീരത്തിന്റെ ശേഷിയില്ലായ്മകളും അദ്ദേഹത്തിന്റെ ബൗദ്ധികാന്വേഷണങ്ങളും തമ്മിലുള്ള ബന്ധമെന്താണ്? ആധുനിക ഭൗതിക ശാസ്ത്രത്തിലെ അറിവുല്പാദന രീതികളെ സാമൂഹിക ശാസ്ത്രപരമായി മനസ്സിലാക്കാന്‍ ആ ശരീരം നമ്മെ സഹായിക്കുന്നതെങ്ങനെ? ജീവച്ഛവമായ ആ ശരീരം ലോകമെങ്ങുമുള്ള, അംഗപരിമിതരുള്‍പ്പടെയുള്ള ദുര്‍ബലരായ മനുഷ്യരുടെ അതിജീവന പ്രതീക്ഷകളുടെ ഉറവിടമായി മാറിയതിന്റെ പൊരുളെന്താണ്? ഹോക്കിങ്ങിന്റെ ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ പരിശോധിക്കുന്നതിനു പകരം ഇത്തരമൊരന്വേഷണത്തിനാണ് ഞാനിവിടെ മുതിരുന്നത്.

ശരീരവും മനസ്സും തമ്മിലുള്ള കാര്‍ട്ടീസിയന്‍ വിഭജനത്തിന്റെ മകുടോദാഹരണമായിട്ടായിരുന്നു ഹോക്കിങ്ങ് എന്ന ശാസ്ത്ര പ്രതിഭ എന്നും അവതരിപ്പിക്കപ്പെട്ടത്. ഏറെക്കുറെ നിഷ്പ്രയോജനമായിത്തീര്‍ന്ന തളര്‍ന്ന ശരീരത്തില്‍ പ്രപഞ്ച രഹസ്യങ്ങളുടെ പൊരുളഴിക്കാന്‍ സജ്ജമായ സജീവമായ ശാസ്ത്ര മനസും പേറി ഹോക്കിങ്ങ് പ്രത്യക്ഷപ്പെടുന്നു. അതായത്, ശാരീരിക വികാരങ്ങളോ, ശരീരത്തിന്റെ ദൈനംദിന ആവശ്യങ്ങളോ തീര്‍ത്തും അലട്ടാത്ത ഒരാള്‍. അതുകൊണ്ട് തന്നെ ആ മനസ്സിന് പ്രപഞ്ചത്തിന്റെ അതിരുകളിലേക്ക് ശരീരത്തിന്റെ തടസ്സങ്ങളൊന്നും തന്നെ കൂടാതെ യാത്രചെയ്യാം; സങ്കീര്‍ണമായ ശാസ്ത്ര സിദ്ധാന്തങ്ങള്‍ വിഭാവനം ചെയ്യാം.

ഹോക്കിങ്ങിന്റെ എല്ലാ പൊതുജന സമ്പര്‍ക്ക പരിപാടികളും അദ്ദേഹത്തിന്റെ ശരീരവും മനസ്സും തമ്മിലുള്ള ഈ വിചിത്രമായ ബന്ധത്തിലാണ് ഊന്നിയത്. അതായത്, ശാസ്ത്രീയ ജ്ഞാനമുല്പാദിപ്പിക്കുന്ന ബൗദ്ധിക മനസ്സിനെ ദൃശ്യമാക്കുകയും ശരീരത്തെ അദൃശ്യമാക്കുകയുമാണ് ഹോക്കിങ്ങ്. എന്നാല്‍ ഈ സാംസ്‌കാരിക പ്രതിനിധാനത്തില്‍ നിന്നും വിഭിന്നമായി ശാസ്ത്ര പ്രതിഭ എന്ന നിലയില്‍ ഹോക്കിങ്ങിന്റെ സാമൂഹിക സ്ഥാനം ഉറപ്പിക്കുന്നതില്‍ ഉപയോഗക്ഷമത തീര്‍ത്തും നശിച്ച തന്റെ ശരീരം നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട് എന്ന് കാണാം. A Brief History of Time ന്റെ പ്രസാധകര്‍ ക്ഷയോന്മുഖമായ ശരീരത്തിന്റെ ഈ സാധ്യതയെ എങ്ങിനെയാണ് പുസ്തക പ്രചാരണത്തിനായി ഉപയോഗിച്ചത് എന്ന് ഹോക്കിങ്ങ് ആത്മകഥയില്‍ (My Brief History, 2013) വിശദീകരിക്കുന്നുണ്ട്.

 

ദൈനംദിന ജീവിതത്തില്‍ ഒരു വലിയ സഹായക വൃന്ദത്തോടൊപ്പമാണ് ഹോക്കിങ്ങ് പ്രവര്‍ത്തിക്കുന്നത്. ഒരേ സമയം മാഞ്ഞുപോകുന്നതും തെളിഞ്ഞു വരുന്നതുമായ ഈ ശരീരം അദ്ദേഹത്തിന്റെ നിത്യജീവിതത്തിലും ബൗദ്ധിക വ്യാപാരങ്ങളിലും സജീവമായി ഇടപെടുന്നുണ്ട്; അവ ഒരിക്കലും ഹോക്കിങ്ങിനെക്കുറിച്ചുള്ള ജനപ്രിയ ചര്‍ച്ചകളില്‍ കടന്നു വരുന്നില്ലെങ്കിലും. ഹെലെന്‍ മിയാലെറ്റ് (Helene Mialet) എന്ന സാമൂഹ്യ ശാസ്ത്രജ്ഞയുടെ ഗവേഷണം ഊന്നുന്നത് ഹോക്കിങ്ങിന്റെ ഈ വിചിത്ര ശരീരത്തിലാണ്.

അദ്ദേഹത്തിന്റെ ശരീര പരിപാലനം നിര്‍വഹിക്കുന്ന നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പൊതുപരിപാടികളും മറ്റ് ഓഫീസ് കാര്യങ്ങളും കൈകാര്യം ചെയ്യുന്ന സെക്രട്ടറി, പ്രഭാഷണങ്ങള്‍ തയ്യാറാക്കുകയും, നിത്യേനയുള്ള പൊതുപരിപാടികള്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന തുണയാള്‍ (graduate assistant), ഗവേഷണത്തിന് താങ്ങും തണലുമാകുന്ന വിദ്യാര്‍ഥികള്‍, യന്ത്രസംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരടങ്ങുന്നതാണ് ഈ സംഘം.ഹോക്കിങ്ങിന്റെ ശരീര പരിപാലകരായ ഇവര്‍ ആ ഉടലിന്റെ. ഭാഗവും തുടര്‍ച്ചയുമാണ് എന്ന് കാണാം. ആ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിമിഷംപ്രതി ഇവരിലൂടെയാണ് നിര്‍ഹിക്കപ്പെട്ടിരുന്നത്. ഹോക്കിങ്ങുമായുള്ള അവരുടെ ആശയ വിനിമയം അദ്ദേഹത്തിന്റെ കണ്ണിന്റെയും മുഖത്തെ ചില പേശികളുടെയും ചലനങ്ങള്‍ മാത്രം മനസ്സിലാക്കിയാണ് നടന്നത്. അപൂര്‍വ്വമായേ സ്പീച്ച് സിന്തസൈസ്സര്‍ അദ്ദേഹത്തിന് അവരുടെ അടുത്ത് ഉപയോഗിക്കേണ്ടി വരാറുണ്ടായിരുന്നുള്ളൂ.

അതായത് ആയമാരും സഹായികളും ഹോക്കിങ്ങിന്റെ ആവശ്യങ്ങള്‍ അദ്ദേഹത്തെക്കാളും മുമ്പേ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഉടല്‍ ഭാഗങ്ങള്‍ തന്നെയായിരുന്നു. സെക്രട്ടറിയും ഗ്രാജ്വേറ്റ് അസിസ്റ്റന്റുമാകട്ടെ, പുറം ലോകത്തെക്കുള്ള അദ്ദേഹത്തിന്റെ. കണ്ണുകളും കാതുകളുമാണ്. ഒരു പ്രഭാഷണം നടത്താമെന്ന് ഹോക്കിങ്ങ് ഏറ്റുകഴിഞ്ഞാല്‍ ഇവരുടെ നേതൃത്വത്തില്‍ ഒരു വലിയ പടയൊരുക്കം തന്നെയാണ് നടക്കുക. പ്രഭാഷണം നടത്തുന്ന സ്ഥലത്ത് എല്ലാം സുഗമമായി സംഭവിക്കുമെന്ന് അവര്‍ക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. ഹോക്കിങ്ങ് ആരെയൊക്കെ കാണും, എന്തൊക്കെ സംസാരിക്കും, ഏതൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയും, ചക്രക്കസേരയ്ക്ക് എല്ലായിടത്തും ഓടിയെത്താനാവുമോ തുടങ്ങി നൂറു കൂട്ടം കാര്യങ്ങള്‍ കാര്യക്ഷമമായി പ്ലാന്‍ ചെയ്യേണ്ടതുണ്ട്.

എന്നാല്‍ ഹോക്കിങ്ങ് പൊതുവേദിയില്‍ പ്രത്യക്ഷമാവുമ്പോള്‍ ഈ ഉടല്‍പരപ്പ് മുഴുവനും അദൃശ്യമാവുന്നു. ഹോക്കിങ്ങിന്റെ ദുര്‍ബല ശരീരവും അതിലൊതുങ്ങാത്ത പ്രജ്ഞാശേഷിയും വേദിയില്‍ നിറയുന്നു. ഗ്രാജ്വേറ്റ് അസിസ്റ്റന്റ് മാത്രമാണ് അദ്ദേഹത്തെ വേദിയിലെത്തിക്കാനും പവര്‍പോയിന്റ് അവതരണം നടത്താനും മറ്റുമായി ഇടയ്ക്ക് പ്രത്യക്ഷപ്പെടുക. ചിന്താമഗ്‌നനായ ഏകാകിയായാണ് ഹോക്കിങ്ങ് എന്ന പ്രതിഭ വേദിയില്‍ അവതരിക്കുന്നത്.

സങ്കീര്‍ണമായ യന്ത്രസംവിധാനങ്ങളും പരിചാരകരെന്നപോലെ തന്നെ ഹോക്കിങ്ങിന്റെ ഉടലിന്റെ അനിവാര്യഘടകങ്ങളാണ്. വീടും ഓഫീസും അദ്ദേഹത്തിന് അനായാസം പ്രവര്‍ത്തിക്കാന്‍ സഹായകരമായ വിധത്തില്‍ സാങ്കേതികമായി സജ്ജീകരിക്കപ്പെട്ടതാണ്. ഒരു വിരല്‍ ചലനത്തിലൂടെ തന്റെ സഹായക സംഘത്തെയും സാങ്കേതിക സംവിധാനത്തെയും മുഴുവന്‍ വിളിപ്പുറത്ത് നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഹോക്കിങ്ങ് പോകുന്നിടത്തൊക്കെ ഈ സാങ്കേതിക വ്യൂഹം അദ്ദേഹത്തെ പിന്തുടര്‍ന്നു; ആ പ്രതിഭയെ സാധ്യമാക്കി.

 

തുടക്കത്തില്‍ പരാമര്‍ശിച്ചത് പോലെ ഈ യന്ത്ര സംവിധാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഈക്വലൈസ്സര്‍ (Equalizer) എന്ന പ്രോഗ്രാമും (വേര്‍ഡ്‌സ് പ്ലസ് എന്ന കമ്പനിയാണിത് നിര്‍മ്മിച്ചത്) ഭാഷണ യന്ത്രവും (Speech Synthesizer) (സ്പീച്ച് പ്ലസ് കമ്പനി രൂപകല്പ്പന ചെയ്തത്). ഒറ്റ വിരല്‍ ചലനത്തിലൂടെയാണ് ഹോക്കിങ്ങ് ഇവ ഉപയോഗിച്ചിരുന്നത്. ഒപ്പം ഒരു കംപ്യൂട്ടറും (ഐ.ബി.എം) ചക്രക്കസേരയില്‍ ഘടിപ്പിച്ചിരുന്നു.

തന്റെ മുന്‍പിലുള്ള സ്‌ക്രീനില്‍ അണിനിരക്കുന്ന അക്ഷരങ്ങളില്‍ നിന്നും കേഴ്സ്സര്‍ ഉപയോഗിച്ച് വേണ്ടത് തിരഞ്ഞെടുത്ത് വാക്കുകളുണ്ടാക്കി അടുക്കിയാണ് അദ്ദേഹം എഴുതിയത്. ഇത് സ്പീച്ച് സിന്തസൈസ്സറിലേക്കയച്ചാല്‍ ശബ്ദമായി പുറത്തു വരികയും ചെയ്യും. ഒരു അക്ഷരത്തില്‍ അമര്‍ത്തുമ്പോള്‍ തന്നെ അതില്‍ തുടങ്ങുന്ന വാക്കുകള്‍ സ്‌ക്രീനില്‍ തെളിയുമെന്നതിനാല്‍ അവയില്‍ നിന്നും ഉചിതമായത് തിരഞ്ഞെടുക്കാനും കഴിയുമായിരുന്നു.

പൊതു പ്രഭാഷണങ്ങളുടെ അവസാനം ചോദ്യോത്തരവേളയില്‍ മിക്കപ്പോഴും മുന്‍പ്് എപ്പോഴെങ്കിലും തയ്യാറാക്കി (ഇത് ചെയ്യുന്നത് സഹായികളുമാകാം) കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്നതും, മറ്റവസരങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതുമായ അതേ മറുപടികളായിരുന്നു ഹോക്കിങ്ങ് തപ്പിയെടുത്ത് ഭാഷണ യന്ത്രത്തിലേക്കയയ്ക്കുക! ഹോക്കിങ്ങിന്റെ “പറച്ചില്‍” തന്നെ അങ്ങിനെ തന്റെ ബൃഹത്തായ ഉടല്‍ ശൃംഖലയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്നതാണ് എന്ന് ചുരുക്കം.

കൂടുതല്‍ കാര്യക്ഷമമായ EZ എന്ന പ്രോഗ്രാം ഉപയോഗിക്കാനും അറിയാമായിരുന്നുവെങ്കിലും ആദ്യം മുതലേ ഉപയോഗിച്ചിരുന്ന പഴഞ്ചനും വേഗത വളരെ കുറഞ്ഞതുമായ ഈക്വലൈസ്സര്‍ തന്നെയായിരുന്നു ഹോക്കിങ്ങിന് ഏറെ പ്രിയം. ഈ കടുംപിടുത്തം കാരണം ഇതിനെ DOS സിസ്റ്റത്തില്‍ നിന്നും Windows-ലേക്ക് മാറ്റാന്‍ എന്‍ജിനീയര്‍മാര്‍ക്ക് പില്‍ക്കാലത്ത് ഏറെ കഷ്ടപ്പെടേണ്ടതായി വന്നു. തന്റെ ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറില്‍ ഗവേഷണാവശ്യങ്ങള്‍ക്ക് മാത്രമാണ് EZ അദ്ദേഹം ഉപയോഗിച്ചിരുന്നത്.

ഇതേ പ്രശ്‌നം തന്നെ ഹോക്കിങ്ങിന്റെ ശബ്ദത്തിനും ഉണ്ടായിരുന്നു. 1986-ല്‍ ആദ്യമായി ഭാഷണയന്ത്രത്തില്‍ ഉപയോഗിച്ച കൃത്രിമ ശബ്ദം തന്നെ പിന്നീട് സിന്തസൈസര്‍ പരിഷ്‌കരിച്ചപ്പോഴും ഉപയോഗിക്കേണ്ടി വന്നു; അദ്ദേഹത്തിനായി കമ്പനികള്‍ വികസിപ്പിച്ച പുതിയ ശബ്ദ മാതൃകകള്‍ സ്വീകരിക്കാന്‍ ഹോക്കിംഗ് വിസമ്മതിച്ചു. അല്‍പ്പം അമേരിക്കന്‍ ചുവ കലര്‍ന്ന ആദ്യകാല ശബ്ദ മാതൃകയെയാണ് തന്റെ “സ്വന്തം ശബ്ദ”മായി ബ്രിട്ടീഷുകാരനായ ഹോക്കിങ്ങ് അംഗീകരിച്ചിരുന്നത്! വിന്‍ഡോസ് സിസ്റ്റത്തിലേക്ക് ഈ ശബ്ദത്തെ വ്യതിയാനങ്ങളില്ലാതെ മാറ്റി സ്ഥാപിക്കുവാനും കാലാകാലങ്ങളില്‍ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്‌തെടുക്കുവാനും സാങ്കേതിക വിദഗ്ധര്‍ നന്നേ പണിപ്പെട്ടു.

സ്വന്തം ശരീരത്തിന്റെ ജൈവഭാഗമായി ഈക്വലൈസ്സര്‍, ആദ്യകാല ശബ്ദ മാതൃക എന്നിവയെ ഹോക്കിങ്ങ് മനസ്സാല്‍ സ്വീകരിച്ചിരുന്നു എന്നാണല്ലോ ഇതിനര്‍ത്ഥം. തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി “യാന്ത്രികത”യെ സ്വീകരിക്കുക വഴി ഹോക്കിങ്ങിന്റെ ഉടല്‍ ഒരു ജൈവ-യന്ത്ര സംയുക്തമായി (Cyborg) മാറുന്നു. അതായത്, ഹോക്കിങ്ങിന്റെ ശരീരമായി നമ്മള്‍ തിരിച്ചറിയുന്നത് ഈ യന്ത്രസംവിധാനത്തെക്കൂടിയാണ്!

ഹോക്കിങ്ങിന്റെ ഗവേഷണ രീതിയിലും ഈ ഉടല്‍ സന്നാഹങ്ങള്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. നാല് ഗവേഷണ വിദ്യാര്‍ഥികള്‍ എപ്പോഴും അദ്ദേഹത്തോടോപ്പമുണ്ടായിരുന്നു. ഓരോ വര്‍ഷവും ഇതില്‍ മുതിര്‍ന്നയാള്‍ പി.എച്ച്.ഡി ഡിഗ്രി നേടി പോകുകയും പുതിയ ഒരാള്‍ ഗവേഷണത്തിന് ചേരുകയും ചെയ്യും. ഹോക്കിങ്ങായിരുന്നു അവരുടെ ഗവേഷണ വിഷയങ്ങള്‍ നിശ്ചയിച്ചിരുന്നത്. ഹോക്കിങ്ങുമായുള്ള പരിമിതമായ സംഭാഷണത്തില്‍ കൈ മാറപ്പെടുന്ന ആശയങ്ങളെ ഗണിതശാസ്ത്ര നിര്‍ധാരണങ്ങളിലൂടെ വികസിപ്പിച്ച് സമര്‍ത്ഥിക്കുക എന്നതായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ജോലി.

 

ഹോക്കിങ്ങിന് തന്റെ ശാരീരിക പരിമിതികള്‍ മൂലം അതിനു കഴിയുമായിരുന്നില്ലല്ലോ. എല്ലാ മാസവും ഗവേഷക വിദ്യാര്‍ത്ഥി അവരുടെ പുരോഗതി ഹോക്കിങ്ങിന്റെ മുന്നില്‍ അവതരിപ്പിക്കുകയും അദ്ദേഹം പച്ചക്കൊടി കാട്ടിയാല്‍ പ്രബന്ധ രചന ആരംഭിക്കുകയും ചെയ്യുമായിരുന്നു. അവസാനം പ്രസിദ്ധീകരണ ഘട്ടത്തോടടുക്കുമ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥിയുടെ പേര് ഹോക്കിങ്ങിനോടൊപ്പം രചയിതാവെന്ന നിലയില്‍ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുക.

ഗണിതഭാഷ ഉപയോഗിച്ചു ചിന്തിക്കാനുള്ള ശാരീരിക പരിമിതി (കണക്കുകൂട്ടലെന്നാല്‍ പത്തു വിരലുകളും കമ്പ്യൂട്ടറും ആവശ്യമുള്ള ഒരു എഴുത്ത് പരിപാടിയാണ്) ഹോക്കിങ്ങിന്റെ ബൗദ്ധിക പ്രവൃത്തിയുടെ സ്വഭാവത്തെ മൌലികമായിത്തന്നെ സ്വാധീനിക്കുന്നുണ്ട് എന്ന് ഹെലെന്‍ മിയാലെറ്റ് തന്റെ പുസ്തകത്തില്‍ (Hawking Incorporated, 2012) വിശദീകരിക്കുന്നു. ജ്യാമിതീയ രൂപങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഭൗതിക ശാസ്ത്ര ചിന്ത നടത്തിയിരുന്നത്. സൈദ്ധാന്തിക ഭൗതികത്തിലെ ദര്‍ഗ്രഹമായ പ്രശ്‌നങ്ങളെ ദൃശ്യരൂപത്തില്‍ ഡയഗ്രങ്ങളായി മനസ്സില്‍ സങ്കല്‍്പ്പിക്കുകയാണ് ഹോക്കിങ്ങ് വികസിപ്പിച്ചെടുത്ത രീതി. അതിനുശേഷം മനസ്സില്‍ ആ ഡയഗ്രങ്ങളില്‍ അഴിച്ചു പണികള്‍ നടത്തും.

പ്രധാനമായും പെന്റോസ്-കാര്‍ട്ടര്‍ ഡയഗ്രമാണ് (Brandon Carter, Roger Penrose എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചതിനാലാണ് ഈ പേര്) ഇതിനായി ഉപയോഗിക്കപ്പെട്ടത്. വളരെ സങ്കീര്‍ണ്ണമായ കലനത്തിലൂടെയാണ് ഈ ഡയഗ്രം രൂപപ്പെടുത്തിയിട്ടുള്ളത്. അനന്തമായ പ്രപഞ്ചത്തെ രൂപഭദ്രതയുള്ള ഒരു ചിത്രമായി വരച്ചിരിക്കുകയാണിതില്‍. അടിസ്ഥാന ഡയഗ്രത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അദ്ദേഹം തന്റെ ഗവേഷക വിദ്യാര്‍ഥികളോട് പങ്കു വെയ്ക്കുകയും അവര്‍ അത് ഗണിതഭാഷയിലേക്ക് മാറ്റിയെഴുതുകയും ചെയ്യുന്നു. ഈ ബൗദ്ധിക പ്രക്രിയയുടെ ഓരോ നിമിഷത്തിലും അവരുടെ സഹായം ഹോക്കിങ്ങിന് ആവശ്യമുണ്ട്; അദ്ദേഹത്തിന്റെ മനസ്സിലെന്താണ് ഉള്ളതെന്ന് പരിമിതമായ ശരീര ഭാഷയിലൂടെയും വാചകങ്ങളിലൂടെയും ഊഹിച്ചെടുത്ത് വരച്ചുകാട്ടിയും മാറ്റി വരച്ചും അവര്‍ അദ്ദേഹത്തോടൊപ്പം ചിന്തയില്‍ കൈകോര്‍ക്കുന്നു (ചിത്രം കാണുക). പിന്നീട് മാസങ്ങള്‍ നീളുന്ന കലന പ്രക്രിയയിലൂടെ ആ സിദ്ധാന്തത്തിന്/ആശയത്തിന് രൂപം നല്‍കുന്നു.

[Jean Pierre Luminet എന്ന ഗവേഷക വിദ്യാര്‍ഥി വരച്ച Penrose-Carter diagram for Schwarzschild Space-time]

തന്റെ ശരീരവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന യന്ത്രങ്ങളിലൂടെയും മനുഷ്യരിലൂടെയുമായിരുന്നു ഹോക്കിങ്ങിന്റെ ബുദ്ധി പ്രവര്‍ത്തനക്ഷമമായിരുന്നതെന്ന വസ്തുതയാണിവിടെ തെളിയുന്നത്. അതായത്, ആ ശാസ്ത്ര പ്രതിഭയുടെ തീഷ്ണമായ മനസ്സ് അദ്ദേഹത്തിന്റെ വമ്പിച്ച ഉടല്‍ സന്നാഹത്തിന്റെ ഭാഗമായിരുന്നു. തന്റെ ശരീരത്തില്‍ നിന്നും വേറിട്ട് നിലനില്‍ക്കുന്ന ഒന്നായിരുന്നില്ല അദ്ദേഹത്തിന്റെ ബൗദ്ധികാന്വേഷണങ്ങള്‍.

എന്നാല്‍ പൊതുവേ ശാസ്ത്രത്തില്‍ അറിവ് നിര്‍മ്മാണം ഇങ്ങനെയാണ് നടക്കാറ് എന്നതാണ് സത്യം. ഗണിത നിര്‍ധാരണം പോലുള്ള, ഗവേഷണത്തിന്റെ സങ്കേതികമായ പണികള്‍ മുഴുവനും തന്നെ ലാബിലെ ഗവേഷണ വിദ്യാര്‍ഥികളാണ് പൊതുവേ ചെയ്യുക. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ ഹോക്കിങ്ങിനെ പോലെ തന്നെ ബൗദ്ധികപ്രവൃത്തിയുടെ സംഘാടകരും മേല്‍നോട്ടക്കാരുമാണ്. അതായത്, ശാസ്ത്രജ്ഞനായ ഹോക്കിങ്ങിന്റെ അംഗപരിമിത ശരീരം അറിവിന്റെ സാമൂഹിക രൂപീകരണത്തിന്റെ വിവിധ വശങ്ങളെ കൂടുതല്‍ തുറന്നു കാട്ടുന്നു എന്നു മാത്രം.

മനുഷ്യരും യന്ത്രങ്ങളും ഉള്‍പ്പെടെയുള്ള കണ്ണികള്‍ രൂപപ്പെടുത്തിയ ഒരു വിശാലമായ ഉടല്‍ ശൃംഖലയായിരുന്നു ഹോക്കിങ്ങ് എന്ന ശാസ്ത്ര പ്രതിഭയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത് എന്നാണല്ലോ ഇതുവരെ വിശദീകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഈ ശൃംഖലയുടെ ആകെത്തുക മാത്രമാണോ ഹോക്കിങ്ങെന്ന ശാസ്ത്ര പ്രതിഭ? അങ്ങിനെയല്ല എന്നുതന്നെയാണ് ഉത്തരം.

ഹോക്കിങ്ങിന്റെ വ്യക്തിപരമായ പങ്കാളിത്തവും (?) ഇടപെടലുകളും ഈ പ്രക്രിയയില്‍ സജീവമായി ഉണ്ടായിരുന്നു; അത് പക്ഷെ വ്യക്തമായി പ്രത്യക്ഷപ്പെട്ടിരുന്നത് അദ്ദേഹം തന്റെ ഉടല്‍ സന്നാഹത്തോട് വിയോജിക്കുമ്പോഴായിരുന്നു. ആദ്യകാല ശബ്ദമാതൃക മാറ്റാന്‍ അദ്ദേഹം സമ്മതിക്കാതിരുന്നതും ഈക്വലൈസ്സര്‍ ഉപേക്ഷിക്കാതിരുന്നതും ഇത്തരം സന്ദര്‍ഭങ്ങളാണ്. തന്റെ മനസ്സിലെ ആശയങ്ങള്‍ ഗവേഷക സഹായികളുമായി പങ്കു വെയ്ക്കുന്ന നിമിഷങ്ങളും അങ്ങിനെയുള്ളവയാണ്. ഹോക്കിങ്ങ് രണ്ടു വ്യത്യസ്ത ശരീരങ്ങളായി പിരിയുന്ന അനര്‍ഘ നിമിഷങ്ങള്‍!

 

തന്റെ ശാരീരിക പരിമിതികളെ മറികടന്ന് ലോകമറിയുന്ന പ്രതിഭയായി തീരാന്‍ ഹോക്കിങ്ങിനെ സഹായിച്ചത് ഈ ഉടലൊരുക്കങ്ങളായിരുന്നു. ഇതേ ഉടല്‍ സന്നാഹംതന്നെ സ്വയം മറഞ്ഞു നിന്ന് അദ്ദേഹത്തെ ഒരു സാധാരണ മനുഷ്യനാക്കി അവതരിപ്പിക്കുകയും ചെയ്തു. രണ്ടു പ്രാവശ്യം അദ്ദേഹം വിവാഹിതനായി. മൂന്നു കുട്ടികളുടെ അച്ഛനായിരുന്നു. അതേസമയം തന്നെ, ആരോഗ്യമുള്ള ഒരു ശരീരത്തിനു സാധാരണഗതിയില്‍ അനുഭവിക്കാന്‍ കഴിയാത്ത പലതും ഹോക്കിങ്ങ് ആ ഉടലുകൊണ്ട് അറിഞ്ഞു ഗുരുത്വാകര്‍ഷകണ ബലമില്ലാത്ത അന്തരീക്ഷത്തില്‍ ഒഴുകി നടന്നു (2007) ; ദക്ഷിണധ്രുവത്തിലേക്ക് യാത്രപോയി (1997); ഖനിയുടെ ആഴത്തിലേക്കിറങ്ങി (2012). അദ്ദേഹം സിനിമകളില്‍ അഭിനയിച്ചു; ലോകമെങ്ങും സഞ്ചരിച്ചു.

അങ്ങനെ ഒരേ സമയം തന്നെ സാധാരണവും അസാധാരണവുമായ ഉടലായിരുന്നു ഹോക്കിങ്ങിന്റേത്. ALS എന്ന അപൂര്‍വ്വ രോഗവുമായി പൊരുതുന്നതില്‍ പോലും ആ ശരീരം വ്യത്യസ്തത പുലര്‍ത്തി ; വൈദ്യശാസ്ത്ര പ്രവചനങ്ങളെ തകര്‍ത്തു കൊണ്ട് ഹോക്കിങ്ങ് പലപ്രാവശ്യം മരണത്തെ അതിജീവിച്ചു. ഒരു മനുഷ്യായുസ്സ് ജ്ഞാനനിരതനായി ജീവിച്ചു. ഒരേ സമയം തന്നെ ആ ഉടല്‍ ഉലഞ്ഞഴിഞ്ഞു പരക്കുകയും ഏകാഗ്രമായി ഹോക്കിങ്ങ് എന്ന ശാസ്ത്ര പ്രതിഭയെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്തു.

പൂതലിച്ചു പോയ തന്റെ ഉടലിലേറി പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് കപ്പലോട്ടിയവനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങ് എന്ന പ്രതിഭ.

തുടര്‍ വായനയ്ക്ക്

Helene Mialet. 2012. Hawking Incorporated: Stephen Hawking and the Anthropology of the Knowing Subject. The University of Chicago Press, 2012.
Michael Lynch. 2014. “Genius, Hawking, and Expertise”, Social Studies of Science 44(5): 793-8.
Roger Penrose. 2018. “Mind Over Matter: Stephen Hawking: Obituary”, The Guardian, Wednesday, 14 March.
Stephen Hawking. 2013. My Brief History. Bantham Press, London.

 

ഡോ. ഷിജു സാം വറുഗീസ്
ഗുജറാത്ത് കേന്ദ്രീയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017-ല്‍ പ്രസിദ്ധീകരിച്ച Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.