നാഷണല്‍ ലോ സ്‌കൂള്‍ സ്ഥാപക ഡയക്ടര്‍ ഡോ. എന്‍.ആര്‍. മാധവമേനോന്‍ അന്തരിച്ചു
Cricket
നാഷണല്‍ ലോ സ്‌കൂള്‍ സ്ഥാപക ഡയക്ടര്‍ ഡോ. എന്‍.ആര്‍. മാധവമേനോന്‍ അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2019, 7:30 am

തിരുവനന്തപുരം: നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറും നിയമപണ്ഡിതനുമായ ഡോ. എന്‍.ആര്‍. മാധവമേനോന്‍ (84) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അന്തരിച്ചത്.

കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും ഭോപ്പാലിലെ നാഷണല്‍ ജുഡീഷല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2003-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. നിയമവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

1935 മേയ് നാലിന് രാമകൃഷ്ണ മേനോന്റെയും ഭവാനി അമ്മയുടെയും മകനായി തിരുവനന്തപുരത്താണ് മാധവമേനോന്‍ ജനിച്ചത്. കേരള സര്‍വകലാശാലയില്‍നിന്ന് ബിരുദവും പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം അലിഗഢ് സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍.എം., പിഎച്ച്.ഡി. ബിരുദവും നേടി. 1956-ലാണ് കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്.