ബാര്‍ബര്‍, ചെത്ത്, തോട്ടി പണികളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പിണറായിയെ ലക്ഷ്യം വെച്ച് ജാതിവെറിയുമായി ഗോപാലകൃഷ്ണന്‍
Kerala News
ബാര്‍ബര്‍, ചെത്ത്, തോട്ടി പണികളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പിണറായിയെ ലക്ഷ്യം വെച്ച് ജാതിവെറിയുമായി ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th November 2022, 5:24 pm

തിരുവനന്തപുരം: ഹിന്ദുത്വ പ്രഭാഷകനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റഫിക് ഹെറിറ്റേജ് എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ ഡയറക്ടറുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്റെ വാക്കുകള്‍ വിവാദത്തില്‍. വിവിധ തൊഴില്‍ മേഖലകളെ അപമാനിച്ചുകൊണ്ടുള്ള ജാതീയ പ്രയോഗങ്ങളുമായെത്തിയ പോസ്റ്റുമാണ് വിവാദമായിരിക്കുന്നത്.

‘അച്ഛന്‍ ചെത്തുകാരനോ ബാര്‍ബറോ പൂജാരിയോ തന്ത്രിയോ തോട്ടിയോ എന്നതല്ല പ്രശ്‌നം. മന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ ചെത്തുകാരനെപ്പോലെ ബാര്‍ബറെ പോലെ തോട്ടിയെപ്പോലെ നിങ്ങള്‍ പെരുമാറുന്നു/സംസാരിക്കുന്നു അതാ പ്രശ്‌നം,’ എന്നാണ് ഡോ. ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ പോസ്റ്റ് വ്യാപക വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. പിണറായി വിജയന്റെ അച്ഛന്‍ ചെത്തുത്തൊഴിലാളിയായിരുന്നു എന്നതിനെ മോശമാക്കി ചിത്രീകരിച്ചുകൊണ്ട് നേരത്തെയും പലരും സംസാരിച്ചിട്ടുണ്ട്. അത്തരം പ്രസ്താവനകളുടെ കൂട്ടത്തിലെ ഏറ്റവും ജാതീയമായ രൂപമാണ് ഗോപാലകൃഷ്ണന്റെ വാക്കുകളെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.

ചെത്തുകാരുടെയും ബാര്‍ബറുടെയും പെരുമാറ്റത്തില്‍ എന്താണ് പ്രശ്‌നമെന്നും അവരും ജോലി ചെയ്ത് ജീവിക്കുന്നവരല്ലേയെന്നുമാണ് പ്രതികരണങ്ങള്‍ ഉയരുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ ശക്തമായതിന് പിന്നാലെ ന്യായീകരണവുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

എല്ലാ ജോലിക്കും മാന്യതയുണ്ട് ‘ഉത്തമം ച അധമം ചാ എത ത് കര്‍മ്മ ന വിദ്യതേ’ എന്ന് വ്യാസന്‍ പറയുന്നു ഓരോ കര്‍മം ചെയ്യുമ്പോഴും അതിന്റെ രീതികളുണ്ടെന്ന് പറഞ്ഞുള്ളു. ഒന്ന് ശ്രേഷ്ഠമാണെന്നോ മറ്റൊന്ന് മോശമെന്നോ അല്ല എഴുതിയത്, എന്നായിരുന്നു ഗോപാലകൃഷ്ണന്‍ തന്റെ തന്നെ പോസ്റ്റില്‍ കമന്റായി ചേര്‍ത്തത്.

‘അച്ഛനാരായാലും അമ്മ ആരായാലും ജാതി മത ഇസ വര്‍ഗ വര്‍ണ ദേശ ഭാഷകളേതായാലും വഹിക്കുന്ന പദവിക്കും ഇരിക്കുന്ന കസേരയുടെ മഹത്വത്തിനുമനുസരിച്ചു പെരുമാറണം/സംസാരിക്കണം,’ എന്നും മറ്റൊരു പോസ്റ്റില്‍ ഇയാള്‍ പറഞ്ഞിരുന്നു.

ഈ വിശദീകരണ പോസ്റ്റുകള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. തന്ത്രിമാരോടും പൂജാരിയോടും താരതമ്യം ചെയ്തു കൊണ്ട് ബാര്‍ബറും തോട്ടിയും ചെത്തുത്തൊഴിലാളിയും മോശക്കാരണെന്ന് പറയുന്നതിലൂടെ തന്നെ താങ്കളുടെ ജാതീയത പ്രകടനമാണെന്നും ന്യായീകരിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നുമാണ് വിവിധ പ്രൊഫൈലുകള്‍ കമന്റുകളില്‍ കുറിക്കുന്നത്.

അതേസമയം ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടും തന്റെ പോസ്റ്റ് പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ ഗോപാലകൃഷ്ണന്‍ തയ്യാറായിട്ടില്ല.

Content Highlight: Dr. N Gopalakrishnan humiliates barbers, tapping workers and cleaners in a racist comment pointing Pinarayi Vijayan