തകര്‍ന്ന കേരളത്തെ തിരിച്ചുപിടിക്കാനുള്ള ബജറ്റ്
Kerala Budget 2019
തകര്‍ന്ന കേരളത്തെ തിരിച്ചുപിടിക്കാനുള്ള ബജറ്റ്
ന്യൂസ് ഡെസ്‌ക്
Thursday, 31st January 2019, 8:32 pm

ഡോ. കെ.എന്‍ ഹരിലാല്‍

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കേരള സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ച ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മഹാപ്രളയമായിരുന്നു. അതിന് മുമ്പ് ഓഖി ദുരന്തം. അതുപോലെ തന്നെ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളായ നോട്ടുനിരോധനവും അശാസ്ത്രീയമായ ജി.എസ്.ടി നടപ്പാക്കലുമെല്ലാം സമ്പദ്ഘടനയുടെ പാളം തെറ്റിച്ച കാര്യങ്ങളാണ്.

ഇതിന്റെയെല്ലാം ഫലമായി കേരളം സാമ്പത്തികമായി മാന്ദ്യത്തിലേക്ക് പോകുമെന്ന നിലയുണ്ടായി. അങ്ങനെയൊരു കേരളത്തെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന ബജറ്റാണ് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് വഴികാട്ടിയാകുന്ന, ദിശാബോധം നല്‍കുന്ന, കേരളത്തിന് ആത്മവിശ്വാസം നല്‍കുന്ന ഒരു ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഒരുപാട് ധനകാര്യ വൈഷമ്യങ്ങള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് തോമസ് ഐസക് ഈ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തില്‍ തന്നെ ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചു കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സമീപനം ഒട്ടും അനുകൂലമല്ലായിരുന്നു. വിദേശരാജ്യങ്ങളിലെ സഹായം സ്വീകരിക്കാന്‍ അനുവദിച്ചില്ല. വായ്പയെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധിയാണ് ഈ ബജറ്റ്.

പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 1000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ലോകബാങ്കും എ.ഡി.ബിയും വായ്പ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ഏത് സര്‍ക്കാര്‍ വന്നാലും വായ്പാപരിധി 3 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താറുണ്ട്. അതുവഴി കൂടുതല്‍ വിഭവങ്ങള്‍ നവകേരളനിര്‍മ്മാണത്തിന് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതോടൊപ്പം ഹ്രസ്വകാലത്തേക്ക് പ്രളയബാധിത പ്രദേശങ്ങളിലെ ജീവനോപാധികള്‍ പുനസൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. 250 കോടി രൂപ ഈ പ്രളയമേഖലകളിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി അനുവദിച്ചിരിക്കുകയാണ്. ഓരോ പഞ്ചായത്തിലും ഏകദേശം 70-80 ലക്ഷം രൂപ അധികമായി പ്രളയബാധിതരെ സഹായിക്കുന്നതിനായി അനുവദിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ പണം അനുവദിക്കുന്നത് പോലുള്ള നടപടികള്‍ ഈ സര്‍ക്കാര്‍ പ്രളയമേഖലയെ പ്രത്യേകമായി സഹായിക്കുന്നു എന്നതിനുദാഹരണമാണ്. കുടുംബശ്രീയ്ക്ക് സാധാരണയില്‍ നിന്ന് അധികമായി തുക അനുവദിച്ചുകൊണ്ട് പ്രളയമേഖലയില്‍ പുനസ്ഥാപനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനൊക്കെ പുറമെയാണ് കേരളം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന 25 സമഗ്രപരിപാടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിന്റെ സമസ്തമേഖലയേയും സമഗ്രമായി കണക്കിലെടുക്കുന്ന 25 പരിപാടികളാണ് ഇത്. അതില്‍ സാമൂഹ്യ ക്ഷേമപരിപാടികള്‍, പശ്ചാത്തല സൗകര്യങ്ങളുടെ ദീര്‍ഘകാല കാഴ്ചപ്പാടോടെയുള്ള പദ്ധതികള്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സോഹനം നല്‍കുന്ന പദ്ധതി, റെയില്‍വേയുടെ സമാന്തര പദ്ധതി എന്നിവയെല്ലാം ഉണ്ട്.

സര്‍വ്വമേഖലയേയും പ്രത്യേകമായി കണ്ട് പരിഹാരനടപടികള്‍ നിര്‍ദ്ദേശിക്കുന്ന ബജറ്റാണ് ഐസക് അവതരിപ്പിച്ചത്.

പുതിയ പദ്ധതികളെ സംബന്ധിച്ച് വലിയ തര്‍ക്കമൊന്നുമില്ല. ഇത് നടപ്പിലാക്കാനാവശ്യമായ വിഭവങ്ങളുണ്ടോ നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യം സര്‍ക്കാര്‍ കാണിക്കുമോയെന്ന കാര്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. നിശ്ചയദാര്‍ഢ്യത്തോട് കൂടി പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇത്. വിമര്‍ശകര്‍ പോലും ചില കാര്യങ്ങളില്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കുന്നു- അത് നടപ്പിലാക്കുന്നു -അതിനുള്ള റിസള്‍ട്ടുണ്ടാക്കുന്നു. ഗെയ്ല്‍, ദേശീയപാത തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്.

വിദ്യാഭ്യാസ രംഗത്തും ഈ മാറ്റം പ്രകടമാണ്. പൊതുവിദ്യാലയങ്ങളിലേക്ക് ലക്ഷക്കണക്കിന് കുട്ടികളെത്തുന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം വര്‍ധിക്കുന്നു. ലാഭം ഉണ്ടാക്കുന്ന യൂണിറ്റുകളുടെ എണ്ണം വര്‍ധിക്കുന്നു ഇവയെല്ലാം നമ്മള്‍ ശ്രദ്ധിക്കണം.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന തുകയില്‍ 60 ശതമാനം ഈ ജനുവരി വരെ ചെലവഴിച്ചു എന്നതും പോസറ്റീവായി കാണണം. സാധാരണ ഈ കാലയളവില്‍ 40 ശതമാനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചിട്ടില്ല. പദ്ധതി നടപ്പിലാക്കുന്നതിലുള്ള ജാഗ്രതയ്ക്കുള്ള ഉദാഹരണമാണിത്.

പദ്ധതി ചെലവിന്റെ കാര്യത്തില്‍ പ്രത്യേക ജാഗ്രതയും നിശ്ചയദാര്‍ഢ്യവും ഈ സര്‍ക്കാര്‍ കാണിക്കുന്നുണ്ട്. അതുവെച്ച് പരിശോധിച്ചാല്‍ ആ ബജറ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം നടപ്പിലാക്കാന്‍ കഴിയും. സമ്പദ്ഘടനയെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നതിന് വേറൊരു കാരണം കൂടിയുണ്ട്. ജനങ്ങളുടെ കൈയിലേക്ക് പണമെത്തുന്ന ഒരുപാട് കാര്യങ്ങള്‍ നടക്കാന്‍ പോകുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ പണം ചെലവായില്ലെന്നുള്ള ഒരു വിമര്‍ശനം ഉണ്ട്. അതില്‍ കാലതാമസം ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. കാരണം ഗുണഭോക്താക്കളെ കൃത്യമായി കണ്ടെത്തുകയും നിര്‍വ്വചിക്കുകയും ചെയ്യുക എന്ന വലിയ നടപടി നടക്കേണ്ടതുണ്ട്. എപ്പോഴും ഒരുപാട് പരാതികളുണ്ടാകുന്ന കാര്യമാണ് അത്. ആ പ്രക്രിയ പൂര്‍ത്തിയായി. പണം കൊടുത്തു തുടങ്ങിയെന്നാണ് മനസിലാക്കുന്നത്.

ലൈഫ് പദ്ധതിയിലെ പണം മിക്കവാറും ആളുകള്‍ക്ക് കൊടുത്തുതുടങ്ങി. വരുന്ന മാസങ്ങളിലായിട്ട് നല്ലൊരു തുക ജനങ്ങളുടെ കൈയിലേക്ക് ദുരന്തനിവാരണത്തിന്റെ ഭാഗമായി എത്തും.

ഒട്ടേറെ വികസനപദ്ധതികള്‍ നടപ്പിലാക്കുന്ന ഒരു ഘട്ടമാണിത്. സമ്പദ്ഘടനയില്‍ നല്ലൊരു ഉത്തേജനം ഈ പദ്ധതികളിലൂടെ നടക്കും. ബാക്കി 25 സമഗ്രപരിപാടികളില്‍ ചിലത് ഉടനെ ആരംഭിക്കാവുന്നതാണ്. ചിലതിന് കുറച്ച് കാലതാമസമുണ്ടാകും. 48000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിയില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. അതില്‍ പകുതിയോളം പദ്ധതികള്‍ വലിയ താമസമില്ലാതെ തുടങ്ങും.