എഡിറ്റര്‍
എഡിറ്റര്‍
തന്നെ ആക്രമിക്കുന്നവര്‍ക്ക് മറുപടിയുമായി കഫീല്‍ഖാന്റെ വീഡിയോ; ഗോരഖ്പൂരില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്…
എഡിറ്റര്‍
Friday 25th August 2017 3:13pm

ലഖ്‌നൗ: ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 60 കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നെന്ന് ഡോ. കഫീല്‍ ഖാന്‍.

ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയ്ക്കും അനസ്‌തേഷ്യ വാര്‍ഡ് മേധാവിയും മെഡിക്കല്‍കോളേജിലെ ഓക്‌സിജന്‍ വിതരണത്തിന്റെ ചുമതലക്കാരനും കൂടിയായ കഫീല്‍ ഖാനെതിരെയും നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഇവരെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു യോഗി ആദിത്യനാഥിന്റെ നിര്‍ദേശം.

എന്നാല്‍ തനിക്കെതിരെ നടക്കുന്ന മാധ്യമവിചാരണകള്‍ക്കും സര്‍ക്കാര്‍ നടപടികള്‍ക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡോ. കഫീല്‍ ഖാന്‍. ഫേസ്ബുക്കില്‍ ഏറെ വിഷമത്തോടെയാണ് അദ്ദേഹം തന്റെ ദു:ഖം പങ്കുവെക്കുന്നത്. കഫീല്‍ഖാന്റെ വാക്കുകള്‍ ഇങ്ങനെ…

നിരവധി വാര്‍ത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നത്. ആശുപത്രിയില്‍ 52 സിലിണ്ടറുകള്‍ ഉണ്ടായിരുന്നെന്നും പിന്നെ എന്തിനാണ് കഫീല്‍ഖാന്‍ മൂന്ന് സിലിണ്ടറിന് വേണ്ടി അലഞ്ഞതെന്നും ഡി.ജി.എം.ഇ ( ഡയരക്ടര്‍ ജനറല്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍) ചോദിക്കുന്നത് കേട്ടു. മൂന്ന് സിലിണ്ടര്‍ കൂടി അധികം കിട്ടിയാല്‍ കഫീല്‍ എന്തുചെയ്യുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.


Dont Miss ബലാത്സംഗകേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരന്‍


സര്‍, ഞാന്‍ മൂന്ന് സിലിണ്ടര്‍ അല്ല അവിടെ എത്തിച്ചത്. 24 മണിക്കൂറില്‍ 250 സിലിണ്ടറുകളാണ് എത്തിച്ചത്. ആറ് മണിവരെ അവിടെ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. രാവും പകലും ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഓടുകയായിരുന്നു. എന്നാല്‍ ഒരാള്‍ പോലും അന്ന് സഹായത്തിനായി എത്തിയില്ല.

ഉച്ചവരെയേ സിലിണ്ടറുകള്‍ പ്രവര്‍ത്തിക്കൂവെന്ന് ഡി.എമ്മിന് അറിയാമായിരുന്നു. ഞാന്‍ സി.എം.ഒ യേയും എ.ഡിയേയും കൂടി ബന്ധപ്പെട്ടിരുന്നു. സര്‍, ഒരു അന്‍പത് സിലിണ്ടര്‍ കൂടി വേണമെന്ന് പറഞ്ഞ് അന്ന് ഞാന്‍ യാചിക്കുകയായിരുന്നു. കുട്ടികള്‍ മരണപ്പെടുന്നു എന്നത് വളരെ ഗുരുതരമായ അവസ്ഥയാണ്. അന്ന് ആരും സഹായത്തിനായി വന്നില്ല. എന്നാള്‍ ഇപ്പോള്‍ നിങ്ങള്‍ മൂന്ന് സിലിണ്ടറുകളെ കുറിച്ച് സംസാരിക്കുന്നു.

ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയം കാരണം എന്റെ കുടുംബത്തിന് വരെ ഒളിച്ചുകഴിയേണ്ടി വരുന്നു. എന്റെ കുടുംബം ഇപ്പോഴും ആര്‍ക്കും മുഖംകൊടുക്കാതെ കഴിയുകയാണ്. എന്റെ ഉമ്മ ഹജ്ജിന് പോയിരിക്കുന്നു. നാളെ എന്തുസംഭവിക്കുമെന്ന് ഓര്‍ത്ത് അവര്‍ ഭയത്തിലാണ്. അള്ളാഹു എന്നൊരു ശക്തി ഉണ്ടെങ്കില്‍ എല്ലാം നന്നായി തന്നെ അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആശുപത്രിയില്‍ അന്നുണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സംതൃപ്തനാണ്. ഏതാണ്ട് പത്ത് കുഞ്ഞുങ്ങളുടെ ജീവനെങ്കിലും എനിക്ക് രക്ഷിക്കാനായി. അവരുടെ കുടുംബത്തിന്റെ അനുഗ്രഹമെങ്കിലും എനിക്ക് ഉണ്ടാകുമെന്ന് ഉറപ്പാണ്.” – കഫീല്‍ ഖാന്‍ പറയുന്നു.

Advertisement