സര്‍ക്കാര്‍ ആശുപത്രി സെക്കുലര്‍ വേദി; മെഡിക്കല്‍ സയന്‍സ് തെളിവുകളുടെ ശാസ്ത്രശാഖ; എന്തിനാണ് മെഡിക്കള്‍ കോളേജില്‍ പൂജ നടത്തുന്നത്: ഡോ. ജിനേഷ്
Kerala News
സര്‍ക്കാര്‍ ആശുപത്രി സെക്കുലര്‍ വേദി; മെഡിക്കല്‍ സയന്‍സ് തെളിവുകളുടെ ശാസ്ത്രശാഖ; എന്തിനാണ് മെഡിക്കള്‍ കോളേജില്‍ പൂജ നടത്തുന്നത്: ഡോ. ജിനേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th October 2022, 4:42 pm

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ചില വിഭാഗങ്ങളില്‍ എന്തിനാണ് പൂജവെക്കുന്നതെന്ന് ഡോ. ജിനേഷ് പി.എസ്. മെഡിക്കല്‍ സയന്‍സ് പ്രാക്ടീസ് ചെയ്യുന്ന ഇടങ്ങളില്‍ അന്ധവിശ്വാസത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആചാരങ്ങള്‍ ഒരു സ്ഥലത്ത് മാത്രം നടക്കുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തെ മാത്രം എടുത്ത് കുറ്റപ്പെടുത്തുന്നില്ലെന്നും ആശുപത്രിയിലെ പൂജവെപ്പുമായി ബന്ധപ്പെട്ട ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് ജിനേഷ് പി.എസ് എഴുതി.

സയന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കേണ്ട ഒരു സെക്കുലര്‍ സ്ഥാപനത്തില്‍ ഇത്തരം പ്രവണതകള്‍ അനുവദിച്ചുകൂടാ. തെളിവുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ വളര്‍ന്ന് വികസിച്ച ശാസ്ത്രശാഖയാണ് മെഡിക്കല്‍ സയന്‍സ്. അവിടെ യാതൊരു തെളിവും അടിസ്ഥാനവുമില്ലാത്ത വിശ്വാസങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ഒരു സെക്കുലര്‍ വേദി കൂടിയാണ്. അവിടെ ഏതെങ്കിലും ഒരു മതത്തിന്റേതായ വിശ്വാസങ്ങള്‍ക്കോ പൂജകള്‍ക്കോ സ്ഥാനം ഉണ്ടാവരുത്.

എന്തിനാണ് ഹിന്ദുമതവിശ്വാസപ്രകാരമുള്ള ഒരു ആചാരം ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നടത്തുന്നത്? ഇതൊക്കെ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.

വ്യക്തികള്‍ക്ക് ഏത് മതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട്. അതിലൊന്നും കൈകടത്താന്‍ ഒരു താല്‍പര്യവും ഇല്ല. പക്ഷേ വ്യക്തിപരമായ വിശ്വാസങ്ങളില്‍ പെടുന്ന പൂജകള്‍ ഒക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത് ഒരു രീതിയിലും യോജിക്കാവുന്ന കാര്യമല്ല.

അവരവരുടെ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ചുള്ള പൂജകളും പൂജവെപ്പും ഒക്കെ സ്വന്തം വീട്ടില്‍ ആവട്ടെ. ഒരു കാര്യം കൂടി, ഇന്നീ ലഭിക്കുന്ന വിദ്യാഭ്യാസം പൂജവെച്ച് നേടിയതല്ല. നിരവധിയായ പോരാട്ടങ്ങളിലൂടെയും ജനകീയമായ ഇടപെടലുകളിലൂടെയും നേടിയെടുത്തതാണ്. സാമൂഹ്യ അസമത്വങ്ങള്‍ തരണം ചെയ്ത് നേടിയെടുത്തതാണ്. സയന്‍സിന്റെ വളര്‍ച്ചയിലൂടെ കൈവരിച്ചതാണ്,’ ജിനേഷ് പി.എസ്. എഴുതി.

പൊലീസ് സ്റ്റേഷനുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹൈന്ദവ ആരാധനപ്രകാരമുള്ള ഇത്തരം അനുഷ്ടാനങ്ങള്‍ നടത്തുന്നതിനെതിരെ ഇതിന് മുമ്പും വിമര്‍ശനമുയര്‍ന്നിരുന്നു.

‘ഇന്നലെ പത്തനംതിട്ട ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ തോക്കുകള്‍ പൂജവെച്ചിരിക്കുന്ന ഫോട്ടോ കണ്ട് കിളി പോയി,’ എന്നാണ് ജിനേഷ് പി.എസിന്റെ പോസ്റ്റിന് താഴെ കെ.വി. പ്രസന്നന്‍ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ്.