നടപടി നേരിടാന്‍ തയ്യാര്‍; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡോ. ഹാരിസ്
Kerala
നടപടി നേരിടാന്‍ തയ്യാര്‍; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡോ. ഹാരിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st July 2025, 9:15 pm

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വകുപ്പ് മേധാവി ഡോക്ടര്‍ ഹാരിസ്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും മധ്യമങ്ങള്‍ക്ക് കൈമാറണമെന്നും അതില്‍ എന്തെങ്കിലും വിവാദമുണ്ടെങ്കില്‍ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികാരമാണെന്ന് തോന്നുന്നില്ലെന്നും എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഡോ. ഹാരിസ് പറഞ്ഞു. ഉപകരണങ്ങളുടെ ക്ഷാമമുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഇപ്പോഴും ആശുപത്രിയില്‍ വേണ്ടത്ര ഉപകരണങ്ങള്‍ ഇല്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. ഒളിച്ചോടിപ്പോകേണ്ടതില്ലെന്നും നടപടികള്‍ നേരിടുമെന്നും ഡോ. ഹാരിസ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന തുറന്ന് പറച്ചിലാണ് ു ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഡോ. ഹാരിസ് ചട്ടലംഘനം നടത്തിയെന്നാണ് സര്‍ക്കാര്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.

ശസ്ത്രക്രിയ മുടങ്ങിയ വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും ഡിപ്പാര്‍ട്മെന്റില്‍ ‘പ്രോബ്’ ഉണ്ടായിരുന്നിട്ടും പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ മുടക്കിയെന്നും ഹാരിസിനെതിരെയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ആരോഗ്യ വകുപ്പ് കൃത്യ സമയത്ത് ഉപകരണങ്ങള്‍ നല്‍കുന്നില്ലെന്നും ഇപ്പോള്‍ പ്രതി ചേര്‍ക്കുന്നത് അവഹേളിക്കുന്നതിന് തുല്യമാണെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ചട്ടങ്ങളുടെ ഗുരുതര ലംഘനവും, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് ഹാരിസിന്റെ പ്രവര്‍ത്തിയെന്നുമാണ് അന്വേഷണ സമിതി പറഞ്ഞത്.

സര്‍ക്കാര്‍ നടപടിക്രമങ്ങളനുസരിച്ച് ഒരു ഉദ്യോഗസ്ഥനെതിരെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചാല്‍ കാരണം കാണിക്കല്‍ തൃപ്തികരമാണെങ്കില്‍ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഡോക്ടര്‍ ഹാരിസിന് ലഭിച്ച സ്വീകാര്യത മുന്‍ നിര്‍ത്തിയാല്‍ നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഡോക്ടര്‍ ഹാരിസിനെതിരെ നടപടിയെടുത്താല്‍ ഡോക്ടര്‍മാര്‍ ഒന്നടങ്കം സമരത്തിനിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടേയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറക്കല്‍ പറഞ്ഞത്.

ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിന് മുമ്പില്‍ നില്‍ക്കുകയാണെന്നും ഡോ. ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നുമായിരുന്നു ഡി.എം.ഇ പ്രതികരിച്ചത്. എങ്കിലും ഡോ. ഹാരിസ് തന്റെ നിലപാടില്‍ തന്നെ ഉറച്ചുനിന്നിരുന്നു.

പിന്നാലെ ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കളങ്കമറ്റ ഡോക്ടറാണ് ഹാരിസ് ചിറയ്ക്കലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞിരുന്നു. എന്നാല്‍ ആരാഗ്യമന്ത്രി ഇപ്പോള്‍ കയ്യൊഴിയുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ഡോ. ഹാരിസ് പറഞ്ഞത്.

Content Highlight: Dr. Harris has responded to the show cause notice from the Health Department Secretary