തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് നടക്കുന്ന പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയ്‌സ്‌നോണ്‍ പ്രഖ്യാപിച്ചത് നന്നായിയെന്ന് സാമൂഹിക നിരീക്ഷകന്‍ ഡോ. ആസാദ്. തൊഴിലാളികളെ രണ്ട് വിഭാഗമായി തിരിക്കുന്ന ഒരു വിവേചനത്തെ അത് ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് പണിമുടക്ക് ദിവസം അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാല്‍ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കുകയായിരുന്നു.
പിന്നാലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ. ആസാദ് ഇതിനെ അനുകൂലിച്ചത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ ഒരു പ്രിവിലേജ്ഡ് വിഭാഗമായി സമരം ആസ്വദിക്കുകയും ഇതര തൊഴിലാളികള്‍ കൂലിയില്ലാദിനമായി സമരം സഹിക്കുകയും ചെയ്യുന്നത് ശരിയല്ലല്ലോ എന്നാണ് ഡോ. ആസാദ് ചോദിക്കുന്നത്.
‘സാധാരണ തൊഴിലാളികള്‍ക്ക് സമരം ത്യാഗമാണ്. ജീവനക്കാരാകട്ടെ, ഡയ്‌സ്‌നോണ്‍ ഉണ്ടാവില്ല എന്ന ഉറപ്പിലേ സമരത്തിന് സന്നദ്ധരാവൂ എന്നായിട്ടുണ്ട്. അവര്‍ക്ക് അനേകം ലോണുകളും കടപ്പാടുകളും ഉണ്ടെന്നും അത് അടച്ചു തീര്‍ക്കാന്‍ ശമ്പളം കൂടിയേ കഴിയൂയെന്നും ശഠിക്കും.
പാവപ്പെട്ട കൂലിവേലക്കാര്‍ക്ക് എത്ര കടഭാരമുണ്ടെങ്കിലും ആരും അതറിഞ്ഞ് കൂലി കൊടുക്കാറില്ല. അവര്‍ സമരവിമുഖരാവാറുമില്ല. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ സമരദിനങ്ങളില്‍ വേതനം വാങ്ങിയില്ലെങ്കില്‍ സര്‍വ്വീസ് ബ്രേക്ക് വരും എന്ന അവസ്ഥയുണ്ടാവരുത്. സമരം ജനാധിപത്യ അവകാശമായതിനാല്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കണം,’ ഡോ. ആസാദ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.
തൊഴിലാളിപക്ഷ സര്‍ക്കാറുകള്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാദ്ധ്യതയുണ്ടെന്നും പണിമുടക്ക് പണിമുടക്കാവുന്നത് വേല ചെയ്യാതെ കൂലി വാങ്ങുമ്പോഴല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ എഴുതുമ്പോഴും സര്‍വ്വീസ് ജീവിതത്തില്‍ ഒരൊറ്റ സമരവും ഒഴിവാക്കിയിട്ടില്ലാത്ത താന്‍ അന്നൊക്കെയും വേതനം പറ്റിയിട്ടുണ്ടെന്നും ഡോ. ആസാദ് പറയുന്നു.
‘ഇങ്ങനെ എഴുതുമ്പോള്‍ സര്‍വ്വീസ് ജീവിതത്തില്‍ ഒരൊറ്റ സമരവും ഒഴിവാക്കിയിട്ടില്ലാത്ത ഞാന്‍ അന്നൊക്കെയും വേതനം പറ്റിയിട്ടുണ്ട് എന്ന വാസ്തവവും പറയേണ്ടതുണ്ട്. അക്കാലത്തും ഇതേ അഭിപ്രായമുണ്ടായിരുന്നെങ്കിലും ഒറ്റയ്ക്ക് ഒരു സാഹസത്തിന് മുതിരാന്‍ കഴിയുമായിരുന്നില്ല. ഇപ്പോഴും അത് വ്യക്തികള്‍ക്ക് കൈക്കൊള്ളാവുന്ന തീരുമാനമായല്ല ഞാന്‍ കരുതുന്നത്. സംഘടനകള്‍ പൊതുവായി സ്വീകരിക്കേണ്ടതാണ്,’ ഡോ. ആസാദ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 മണിക്കായിരുന്നു ആരംഭിച്ചത്. ഇന്ന് രാത്രി 12 മണി വരെയാകും പണിമുടക്ക്.
Content Highlight: Dr Azad says strike should not be a sacrifice for the common worker and an opportunity for the government employee to collect wages without working