' അയോധ്യാ വിധിയില്‍ ഞാന്‍ സന്തുഷ്ടനാണ് 'തര്‍ക്ക ഭൂമിയില്‍ പള്ളിപണിയണമെന്ന നിര്‍ബന്ധബുദ്ധി അര്‍ത്ഥശൂന്യമെന്നും ശ്രീശ്രീ രവിശങ്കര്‍
Ayodhya Verdict
' അയോധ്യാ വിധിയില്‍ ഞാന്‍ സന്തുഷ്ടനാണ് 'തര്‍ക്ക ഭൂമിയില്‍ പള്ളിപണിയണമെന്ന നിര്‍ബന്ധബുദ്ധി അര്‍ത്ഥശൂന്യമെന്നും ശ്രീശ്രീ രവിശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2019, 7:40 pm

ന്യൂദല്‍ഹി: അയോധ്യാ വിധിയില്‍ പുനഃപരിശോധനാ ഹരജി നല്‍കാനുള്ള മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും ജാമിയത്ത്-ഉലമ-ഇ-ഹിന്ദിന്റെയും തീരുമാനം ഇരട്ട നിലപാടാണെന്ന് ശ്രീശ്രീ രവിശങ്കര്‍.

ഹിന്ദുക്കളും മുസ്‌ലിങ്ങളും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തപ്പെടുത്തുന്നതിനായി മുന്നോട്ടു പോവുകയാണ് ചെയ്യണ്ടതെന്നും രവിശങ്കര്‍ പറഞ്ഞു.

തര്‍ക്കഭൂമിയില്‍ പള്ളി പണിയാന്‍ ഒരു ഭാഗം ശഠിച്ചില്ലായിരുന്നെങ്കില്‍ അയോധ്യാ കേസ് വളരെ മുന്‍പ് തന്നെ പരിഹരിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയോധ്യാ കേസില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കറുമുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” അതെ, അയോധ്യ വിധിയില്‍ ഞാന്‍ സന്തുഷ്ടനാണ്. 2003 മുതല്‍ പ്രശ്‌നപരിഹാരമുണ്ടാകണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരുവശത്ത് പള്ളിയും മറുവശത്ത് ക്ഷേത്രവും പണിയുക.

പക്ഷേ, തര്‍ക്ക ഭൂമിയില്‍ തന്നെ പള്ളിപണിയണമെന്ന നിര്‍ബന്ധബുദ്ധി അര്‍ത്ഥശൂന്യമാണ്.” പി.ടി.ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദീര്‍ഘകാലമായുള്ള തര്‍ക്കം പരിഹരിക്കാനുള്ള നല്ല തീരുമാനം എന്നാണ് അദ്ദേഹം അയോധ്യ വിധിയെക്കുറിച്ച് പറഞ്ഞത്.

പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കാനുള്ള എ.ഐ.എം.പി.എല്‍.ബിയുടെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും ഒരു തീരുമാനത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല എന്നാണ് രവിശങ്കര്‍ പറഞ്ഞത്.

” സ്വാഭാവികമായും, എല്ലാവര്‍ക്കും ഒരു തീരുമാനത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല; വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. പുനഃപരിശോധനക്ക് പോകാന്‍ ആഗ്രഹിക്കുന്ന അതേ ആളുകള്‍ തന്നെ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ അവര്‍ നിലപാട് മാറ്റി.”- അദ്ദേഹം പറഞ്ഞു.

അയോധ്യ തര്‍ക്കത്തില്‍ രാജ്യത്തെ 99% മുസ്‌ലിങ്ങള്‍ക്കും റിവ്യൂ ഹര്‍ജി കൊടുക്കണമെന്നാണ് നിലപാടെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 9ന് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നു.

മുസ്‌ലിങ്ങള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് റിവ്യൂ ഹര്‍ജി നല്‍കുന്നത്. അയോധ്യ തര്‍ക്കത്തിലെ സുപ്രീം കോടതി വിധി ആ വിശ്വാസത്തെ ക്ഷയിപ്പിച്ചിട്ടുണ്ടെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാന്‍ പറഞ്ഞു.

രാജ്യത്തെ 99% മുസ്‌ലിങ്ങള്‍ക്കും റിവ്യൂ ഹര്‍ജി കൊടുക്കണമെന്നാണ് നിലപാട്. ചിലര്‍ മനസിലാക്കിയിട്ടുള്ളത് വലിയ വിഭാഗം റിവ്യൂ ഹര്‍ജിക്കെതിരാണെന്നാണ്. അത് തെറ്റാണെന്നും മൗലാന വാലി റഹ്മാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുനഃപരിശോധനാ ഹരജി നല്‍കേണ്ടെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ തീരുമാനം തങ്ങളെ ബാധിക്കില്ലെന്നും സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്നും ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് മുസ്‌ലിം കക്ഷികളാണ് പുനഃപരിശോധനാ ഹരജി നല്‍കുന്നത്.