കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം; പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന് യുവാവ്
Kerala News
കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം; പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന് യുവാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd March 2025, 6:53 am

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. പത്തനംതിട്ട കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ യുവാവ് തന്റെ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈജുവിന്റെ ഉറ്റ സുഹൃത്തും അയൽവാസിയുമായ വിഷ്ണുവിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം.

വൈഷ്ണവിക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന ബൈജുവിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൈഷ്ണവിയും ബൈജുവും ഇതേ സംബന്ധിച്ച് വഴക്കുണ്ടാവുകയും വൈഷ്ണവി വീട്ടിൽ നിന്ന് ഇറങ്ങി ഓടി അയൽവീട്ടിലേക്ക് കയറുകയായിരുന്നു. പിന്നാലെയെത്തിയ ബൈജു വൈഷ്ണവിയെയും വിഷ്ണുവിനെയും ആക്രമിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരണമടഞ്ഞു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആക്രമണം നടത്തിയ ശേഷം ബൈജു തന്നെ സുഹൃത്തുക്കളെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. വിഷ്ണുവും ബൈജുവും ചെറുപ്പം മുതലേ സുഹൃത്തുകളാണ്. ഇരുവരും മരപ്പണിക്കാരാണ്.

 

 

Content Highlight: Double murder shocks Kerala again; A young man hacked his wife and friend to death in Pathanamthitta