നോളന്റെ ഒഡീസി പോലെയാകാന്‍ ഡൂംസ്‌ഡേയും, ടീസര്‍ ഈ വര്‍ഷം തന്നെ?
Trending
നോളന്റെ ഒഡീസി പോലെയാകാന്‍ ഡൂംസ്‌ഡേയും, ടീസര്‍ ഈ വര്‍ഷം തന്നെ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th October 2025, 7:19 am

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രങ്ങളാണ് ഒഡീസിയും അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയും. ഓരോ സിനിമയും വ്യത്യസ്ത കാഴ്ചാനുഭവമാക്കാന്‍ ശ്രമിക്കുന്ന ക്രിസ്റ്റഫര്‍ നോളനാണ് ഒഡീസിയുടെ സംവിധായകന്‍. പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് ഒഡീസി.

ലോകമെമ്പാടും ആരാധകരുള്ള മാര്‍വല്‍ ഫ്രാഞ്ചൈസിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. നിലവില്‍ മാര്‍വലിലുള്ള സകല സൂപ്പര്‍ഹീറോകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗ്ലാസ്‌ഗോയിലും ലണ്ടനിലുമായി ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2026 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

ഇപ്പോഴിതാ ഡൂംസ്‌ഡേയുടെ ടീസര്‍ ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒഡീസി ചെയ്ത അതേ പ്രൊമോഷന്‍ രീതികള്‍ തന്നെ മാര്‍വലും പിന്തുടര്‍ന്നേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. 2026 ജൂലൈ 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ ഈ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയിരുന്നു. റിലീസിന് കൃത്യം ഒരുവര്‍ഷം ബാക്കിയുള്ളപ്പോഴായിരുന്നു നോളന്‍ ടീസര്‍ പുറത്തുവിട്ടത്.

അതേ പാത പിന്തുടരാന്‍ ശ്രമിക്കുന്ന മാര്‍വല്‍ ഈ വര്‍ഷം ക്രിസ്മസിന് ഡൂംസ്‌ഡേയുടെ ആദ്യ ടീസര്‍ പുറത്തുവിട്ടേക്കും. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്ന അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിനൊപ്പം ഡൂംസ്‌ഡേയുടെ ടീസറുമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാപ്രേമികള്‍ക്ക് ഡബിള്‍ ബോണസാണ് ഇതോടെ ലഭിക്കുക.

മാര്‍വലിന്റെ ഫേസ് സെവനിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. എന്‍ഡ് ഗെയിമിന് ശേഷം റോബര്‍ട്ട് ഡൗണി ജൂനിയര്‍ മാര്‍വലിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഡൂംസ്‌ഡേയ്ക്കുണ്ട്. ഇത്തവണ വില്ലനായാണ് ആര്‍.ഡി.ജെ പ്രത്യക്ഷപ്പെടുന്നത്. മാര്‍വല്‍ കോമിക്‌സിലെ എക്കാലത്തെയും ശക്തനായ വില്ലനായ ഡോക്ടര്‍ ഡൂമിനെയാണ് ആര്‍.ഡി.ജെ അവതരിപ്പിക്കുന്നത്.

ക്രിസ് ഹെംസ്‌വര്‍ത്ത്, മാര്‍ക്ക് റുഫല്ലോ, ഫ്‌ളോറന്‍സ് പ്യൂ, പെഡ്രോ പാസ്‌കല്‍, വനേസ കിര്‍ബി, ടോം ഹിഡിള്‍സ്റ്റണ്‍, ആന്തണി മക്കേയ്, പോള്‍ റുഡ്, സെബാസ്റ്റിയന്‍ സ്റ്റാന്‍, സിമു ല്യൂ തുടങ്ങി വന്‍ താരനിര ഡൂംസ്‌ഡേയില്‍ അണിനിരക്കുന്നുണ്ട്. 2026 മെയില്‍ റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം പിന്നീട് മാറ്റിവെക്കുകയായിരുന്നു.

Content Highlight: Doomsday movie teaser will release this year along with Avatar Fire and Ash