നൃത്തമാണ് എന്റെ ഭാഷ: രാജശ്രീ വാര്യര്‍
ന്യൂസ് ഡെസ്‌ക്

ആണ്‍-പെണ്‍ ദ്വന്ദ സങ്കല്പങ്ങളെയെല്ലാം ഭേദിച്ച് എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങളെയും ചേര്‍ത്ത് പിടിക്കുന്ന ഒരു മെച്ചപ്പെട്ട സമൂഹമായി മാറിയിരിക്കുകയാണ് നമ്മള്‍. നമ്മുടെ നിയമവും ഭരണകൂടവും ഇത്തരം മാറ്റങ്ങള്‍ തുടങ്ങിവച്ചു കഴിഞ്ഞു. തന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഷയായ നൃത്തത്തിലൂടെ ലൈംഗീക ന്യൂനപക്ഷങ്ങളെയും കൂടി ചേര്‍ത്ത് പിടിക്കുകയാണ് നര്‍ത്തകി രാജശ്രീ വാര്യര്‍

ശിഖണ്ഡി കൗത്വം എന്ന പുതിയ പെര്‍ഫോമന്‍സ് എങ്ങനെയാണ് ട്രാന്‍സ് വിഭാഗത്തിന്റെ സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കുന്നത്?

കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ വിദ്യാര്‍ത്ഥികളിലൊരാള്‍ താന്‍ പുരുഷനായി ജനിച്ചുവെങ്കിലും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹം എന്നും വീട്ടില്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നതിനാല്‍ സമ്മര്‍ദ്ദത്തിലാണ് എന്നും എന്നോട് പറയുകയുണ്ടായി. അന്നുമുതല്‍ ഇത്തരമൊരു ആലോചന ഉള്ളില്‍ വന്നുതുടങ്ങി. ഈ അടുത്ത കാലത്ത് മാത്രമാണ് ട്രാന്‍സ് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. അങ്ങനെ ആലോചനയെ കൂടുതല്‍ വികസിപ്പിക്കുകയായിരുന്നു. എന്റെ നൃത്തം ഒരു ലൗഡ് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് അല്ല എന്നാല്‍ അതില്‍ ഒളിഞ്ഞു തെളിഞ്ഞുമെല്ലാം രാഷ്ട്രീയം അടങ്ങിയിട്ടുണ്ടാകും.

ട്രാന്‍സ് വിഭാഗത്തിന്റെ സംഘര്‍ഷം എങ്ങനെ അവതരിപ്പിക്കുമെന്നത് ഒരു നര്‍ത്തകി എന്ന നിലക്ക് എനിക്കൊരു പരീക്ഷണം കൂടിയാണ്. ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ എനിക്ക് കാണിക്കാം മറ്റൊരു വിഭാഗത്തിന്റെ എങ്ങനെ കാണിക്കും. ഇത് അറിയാനുള്ള ഒരു അവസരം കൂടിയായിരുന്നു. ഇതിനായി ഞാന്‍ അര്‍ജ്ജുനന്‍ ശിഖണ്ഡിയെ നിര്‍ത്തിയത് പോലെ തന്നെ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തുകയായിരുന്നു. ശിഖണ്ഡി ശിഖണ്ഡിനിയായി ജനിച്ചയാളാണ്. കൗത്വം എന്ന ഭരതനാട്യ രൂപത്തിലാണ് ശിഖണ്ഡികൗത്വം അവതരിപ്പിക്കുന്നത്. കൗത്വം എന്നാല്‍ പറഞ്ഞുപാടി ചെയ്യുന്ന രീതിയാണ്. തമിഴിലുള്ള വരികള്‍ ഞാന്‍ തന്നെ എഴുതി തിട്ടപ്പെടുത്തിയതാണ്. ഏതെങ്കിലുമൊരു പ്യൂവര്‍ ഫോമിലേക്ക് എത്തിക്കണമെന്ന കരുതിയതല്ല. അത് അങ്ങനെ സംഭവിക്കുകയായിരുന്നു.

ഇത് പോലെ മറ്റേതെങ്കിലും സാമൂഹ്യ വിഷയം ഏറ്റെടുക്കണമെന്ന് തോന്നിയിട്ടുണ്ടോ?

ഞാന്‍ എപ്പോഴും സ്ത്രീകളെ കുറിച്ച് ചിന്തിക്കാറുണ്ട്. എന്തൊക്കെ റോളുകളാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. ജോലി ചെയ്യുന്നകാര്യം മാത്രമല്ല പറയുന്നത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ സൗണ്ട് ബോര്‍ഡായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സമ്മര്‍ദ്ദവും അവര്‍ക്ക് കൈകാര്യം ചെയ്യേണ്ടതായിട്ട് വരും. അത് അവതരിപ്പിക്കാന്‍ എനിക്ക് മുമ്പില്‍ ഒരുപാട് കഥാപാത്രങ്ങളുണ്ട്. ദീര്‍ഘകാലത്തെ ഒരു മൗനമായിരിക്കും ഒടുവില്‍ ഒരു പെര്‍ഫോമന്‍സായി വരുന്നത്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ നൃത്തത്തിലൂടെ പറയുന്നത്. അത്തരത്തില്‍ ഞാന്‍ ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ അനുഗ്രഹീത ആണ്. എനിക്ക് ഒരു മീഡിയമുണ്ട്.

Also Read:  സമാധാന സൂചകമായി വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് ഇമ്രാന്‍ഖാന്‍

ഭാഷകളുടെ അതിര്‍ വരുമ്പുകളെ പരമാവധി ഭേദിച്ച ആളാണല്ലോ?

ഭരതനാട്യം എന്ന നൃത്തരൂപം തന്നെ ഒരു ഭാഷയാണല്ലോ. ഞാന്‍ ബോധപൂര്‍വ്വം മലയാളം കൃതികള്‍ നൃത്തത്തില്‍ ഉപയോഗിക്കാറുണ്ട്. എന്തിന് മലയാളം മാത്രം മാറി നില്‍ക്കണം. തമിഴിന്‍േറതാണ് എന്ന് പറയുമ്പോഴും തമിഴര്‍ തന്നെയാണ് തെലുങ്കിലെ അന്നമാചാര്യ കൃതികളും ക്ഷേത്രയ്യ കൃതികളും കന്നഡയിലെ പുരന്തരദാസ കൃതികളും പദങ്ങളും ജാവളികളും ഉപയോഗിച്ചത്. സ്വാതിതിരുനാളിന്റെ തന്നെ ഹിന്ദുസ്ഥാനി പദങ്ങള്‍ ഉപയോഗിക്കാറുണ്ട്. സുചേത ചപേകറിനെ പോലുള്ള നര്‍ത്തകികള്‍ മറാഠിയില്‍ അഭംഗുകള്‍ എടുത്തിട്ടുണ്ട്.

ഞാന്‍ ആദ്യമായി മലയാളം ഉപയോഗിച്ചപ്പോള്‍ പരസ്യമായി എന്നെ കുറ്റപ്പെടുത്തിയവരൊക്കെ ഇപ്പോള്‍ അവരുടെ നിലപാട് മാറ്റി. ഭാഷ മാറുമ്പോള്‍ ഭരതനാട്യത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
ഞാന്‍ ഇപ്പോള്‍ കഥകളി പദം ഉപയോഗിച്ച ഒരു രൂപം ചെയ്ത് വച്ചിട്ടുണ്ട്. അത് കൂടാതെ ബാവുല്‍ സംഗീതം ഉപയോഗിച്ച ഒരു നൃത്താവിഷ്‌കാരവും പണിപ്പുരയിലാണ്. ബാവുല്‍ ഗായിക പാര്‍വ്വതി ആണ് എനിക്ക് ഈ ഗാനങ്ങളെ പരിചയപ്പെടുത്തി തന്നത്.

ദേവദാസി സമ്പ്രദായത്തില്‍ നിന്നുമൊക്കെ ഉയര്‍ന്നു വന്നതായിട്ട് കൂടി ശാസ്ത്രീയ കലകളെ പ്രത്യേകിച്ചും നൃത്തത്തെ സവര്‍ണ്ണമാണ് എന്നുമുള്ള വാദം ഉയരുന്നുണ്ട്.

നൃത്തത്തിലെ സവര്‍ണ്ണത എന്നത് അത് കൈകാര്യെ ചെയ്തവരിലൂടെ വന്നതാണ്. ദേവദാസി അബോളിഷന്‍ ആക്ടിന് ശേഷം നൃത്തം പരിപോഷിക്കപ്പെട്ടത് ആരുടെ അടുത്ത് നിന്നാണെന്നത് മനസ്സിലാക്കിയാല്‍ അത് വ്യക്തമാകും. നൃത്തത്തിന്റെ ഓരോ ഭാവത്തിലും സവര്‍ണ്ണത കടന്നുവരാം. ഓരോ വ്യക്തിയുടെയും ചുറ്റുവട്ടം അയാളുടെ ചലനങ്ങളെയും ഭാഷയെയും എല്ലാം സ്വാധീനിക്കും. ഒരു കര്‍ഷകനെ അവതരിപ്പിക്കുമ്പോള്‍ അയാളുടെ ചേഷ്ടകള്‍ വളരെ സത്യസന്ധമായിരിക്കും. ഇന്ന് അത് മാറി വളരെ സോഫിസ്ടിക്കേറ്റഡ് ആയ ഭാവങ്ങള്‍ മാത്രമായി. വളരെ റോബോട്ടിക് ആയ ചലനങ്ങളും ഭാവങ്ങളുമാണ് എല്ലാവരും ഉപയോഗിക്കുന്നത്. സോഫിയ നൃത്തമെന്നാണ് അതിനെ വിളിക്കാന്‍ തോന്നുന്നത്.

നീലവര്‍ണ്ണം പോലെ കൂടുതല്‍ വീഡിയോ ആല്‍ബം ചെയ്യുന്നതിനെകുറിച്ച് ആലോചിച്ചിട്ടുണ്ടോ?

സത്യത്തില്‍ നൃത്തത്തെ അതിന്റെ തനത് ശൈലിയില്‍ തന്നെ കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒരു ടിപ്പിക്കല്‍ വീഡിയോ ആല്‍ബമായി ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. ഇപ്പോള്‍ പലരുമത് ചെയ്യുന്നുണ്ട്. ലളിതഗാനത്തിനൊത്ത് ചുവട് വെക്കുന്ന രീതി എനിക്ക് താല്പര്യമില്ല. മാത്രമല്ല എനിക്ക് ആവശ്യമായ ശബ്ദങ്ങള്‍ മാത്രം കേട്ടാല്‍ മാത്രമേ എനിക്ക് നൃത്തം ചെയ്യാന്‍ സാധിക്കൂ. എന്റെ മിക്ക പരിപാടികളിലും സംഗീതം കൃത്യമായി ഞാന്‍ പറഞ്ഞ് കൊടുക്കാറുണ്ട്.

Also Read: പൈലറ്റിനെ വിട്ടുനല്‍കാന്‍ തയ്യാറാണ്; മോദിയുമായി സംസാരിക്കാന്‍ ഇമ്രാന്‍ ഖാന് താല്‍പര്യമുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി

നൃത്തം പോലെ തന്നെ സ്‌നേഹിക്കുന്ന സംഗീതത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല?

പ്രീഡിഗ്രി മുതല്‍ സംഗീതം ആയിരുന്നു വിഷയം. സംഗീതമില്ലാതെ ജീവിതം അസാധ്യമാണ് എന്നതാണ് സത്യം. അച്ഛനും അമ്മയും നല്ല ആസ്വാദകരായത് കൊണ്ട് അതിന്റെ ഭാഗമായി തന്നെ വന്നതാണ് ആ അഭിരുചി. എന്റെ വികാരങ്ങള്‍ക്കുമേല്‍ സംഗീതത്തിന് വലിയ സ്വാധീനമുണ്ട്. ചിലപ്പോള്‍ മനസ്സിനെ ശാന്തമാക്കാനാകാം മറ്റ് ചിലപ്പോള്‍ എന്നെ ഉണര്‍ത്താനാകാം. ഇന്ന സംഗീതമേ കേള്‍ക്കൂ എന്നൊന്നുമില്ല എല്ലാ സംഗീതവും കേള്‍ക്കും.

മാറ്റങ്ങള്‍ വരുമ്പോള്‍ പാരമ്പര്യവാദികളുടെയും മറ്റും ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ നേരിട്ടു കാണുമല്ലോ?

എതിര്‍പ്പുകള്‍ തീര്‍ച്ചയായും ഉണ്ട്. പക്ഷേ അത് നേരിടാന്‍ ഞാന്‍ നിന്ന് കൊടുക്കാറില്ല എന്നതാണ് സത്യം.. “കലയുടെ പാരമ്പര്യം” ആരാണ് നിശ്ചയിക്കുന്നത്. ഭരതനാട്യത്തിന്റെ തന്നെ എഴുപത് വര്‍ഷം മുമ്പുള്ള രൂപവും തമ്മില്‍ യാതൊരു സാമ്യവും ഉണ്ടാകില്ല അപ്പോള്‍ എന്താണതിന്റെ പാരമ്പര്യം.

അലാരിപ്പില്‍ തുടങ്ങി ജതിസ്വരം, ശബ്ദം, വര്‍ണ്ണം, പദം, ജാവളി, തില്ലാന, ശ്ലോകം എന്നിങ്ങനെയാണ് ഭരതനാട്യത്തിലെ മാര്‍ഗ്ഗം. ഇപ്പോള്‍ വളരെ ജനശ്രദ്ധ നേടിയ ഇനമാണ് മല്ലാരി. മല്ലാരി ദേവന്മാര്‍ക്കായി നടത്തുന്ന നൃത്താര്‍ച്ചനയാണ്. മല്ലാരി ഭരതനാട്യത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത് ചിത്ര വിശ്വേശരനാണ്. പക്ഷേ അതിനു മുന്‍പും മല്ലാരി ഉണ്ടായിരുന്നിരിക്കണമല്ലോ അപ്പോള്‍ എത്രയാണ് അതിന്റെ പഴക്കം എങ്ങനെയാണ് അത് കണ്ടെത്തുക. അതുകൊണ്ട് തന്നെ ഇന്നതാണ് പരമ്പരാഗതം ഇന്നതാണ് പുതുമ എന്ന വേര്‍തിരിക്കാനാകില്ല.

ശാസ്ത്രീയത നിലനിര്‍ത്തിക്കൊണ്ട് പല അവതരണത്തില്‍ പല സമീപനങ്ങള്‍ സ്വീകരിക്കുന്നത് കലയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. അത് കലയുടെ വളര്‍ച്ചയാണ്. ഒരിക്കല്‍ എന്നെ എതിര്‍ത്തവര്‍ തന്നെ പിന്നീട് അതേ രീതികളെ പുകഴ്ത്തി പറയുമ്പോള്‍ ഞാന്‍ തെരഞ്ഞെടുത്ത വഴി ശരിയായിരുന്നു എന്നതിന്റെ ഒരു തെളിവ് കൂടിയാണല്ലോ. അതിന്റെ ശരിയും തെറ്റും പിന്നീടല്ലേ മനസ്സിലാവു.

ഉത്തരിക പോലുള്ള സ്ഥാപനങ്ങള്‍ നടത്തിയതിലൂടെ നൃത്തത്തിലേക്ക് പുതുതായി കടന്നുവരുന്നവരുടെ സമീപനത്തില്‍ എന്തെങ്കിലും മാറ്റം അനുഭവപ്പെട്ടിട്ടുണ്ടൊ?

പഠിക്കണം എന്നും നൃത്തം വേദിയില്‍ അവതരിപ്പിക്കണമെന്നും എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ കുട്ടികളുടെ കാഴ്ചാനുഭവങ്ങള്‍ വല്ലാതെ കുറഞ്ഞു. കൂടുതല്‍ കാര്യങ്ങളിലേക്ക് ശ്രദ്ധ ചെന്നാല്‍ മാത്രമാണ് നമ്മുടെ ആലോചനകളും വികസിക്കുകയുള്ളു. മാസിനെ ആകര്‍ഷിക്കുന്ന ചില പ്രത്യേക കാര്യങ്ങളില്‍ മാത്രമാണ് പലരുടേയും ശ്രദ്ധ. അത് സങ്കടമാണ്. അത് മാറാന്‍ നമ്മുടെ ഭാഗത്ത് നിന്നും ഒരു സ്ട്രഗ്ഗിള്‍ ഉണ്ടാവേണ്ടതുണ്ട്. ആരുടെയും ശ്രദ്ധ ചെല്ലാത്തിടങ്ങളിലേക്ക് നമ്മള്‍ മനപൂര്‍വ്വം അന്വേഷിച്ച് ചെല്ലേണ്ടതുണ്ട്. അതാണ് ഒരു കലാകാരന്റെ മികവ്. ഇത് ഞാന്‍ എപ്പോഴും എന്റെ ക്ലാസ്സുകളില്‍ പറയാറുണ്ട്. മാസിനെ ഒരു കാര്യം ആകര്‍ഷിച്ചോട്ടെ. പക്ഷേ നൃത്തം പഠിക്കുന്നവരേയും അത് മാത്രം ആകര്‍ഷിച്ചാല്‍ മതിയോ. ഒന്ന് മാത്രമല്ലല്ലോ പലതല്ലേ കല, പലതുണ്ടാവണ്ടെ.

ഞങ്ങള്‍ സിനിമകളും പുസ്തകങ്ങളുമെല്ലാം ചര്‍ച്ച ചെയ്യാറുണ്ട്. ഞാന്‍ എല്ലാ സിനിമകളും തിയ്യേറ്ററില്‍പോയി കാണുന്നയാളാണ്. അതില്‍ നിന്നുമൊക്കെയാണ് ഞാന്‍ എന്റെ ആശയങ്ങള്‍ കണ്ടെത്തുന്നത്. നേരത്തെയുള്ള ഒരു കാര്യം എടുത്ത് ചെയ്യുകയല്ലല്ലോ ചിലതൊക്കെ നമ്മള്‍ അതില്‍ നിന്നും കണ്ടെത്തി ചെയ്യേണ്ടതുണ്ട്.

Also Read: “നിങ്ങളെന്താ ഇതുവരെ ഉറങ്ങുകയായിരുന്നോ” കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി; ആദിവാസികളെ വനത്തില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള ഉത്തരവിന് സ്‌റ്റേ

മറ്റ് ശാസ്ത്രീയ നൃത്തങ്ങളെ അപേക്ഷിച്ച് ഭരതനാട്യത്തില്‍ പ്രാദേശിക വാദങ്ങള്‍ കുറവാണോ?

നിരന്തരം എല്ലാ തരം ആളുകളും അതിനെ ഏറ്റെടുത്തതോടെ അങ്ങനെ ആയി മാറിയതാണ്. ഇപ്പോഴും അങ്ങനെയൊരു വിഭാഗം നിലനില്‍ക്കുന്നുണ്ട്. ദേവദാസി സമ്പ്രദായത്തിന് ശേഷം അത് ആര് ഏറ്റെടുത്തു എന്നത് ഒരു വലിയ ഘടകമാണ്. പക്ഷെ അതിനെ മറികടക്കാന്‍ പറ്റുന്നവണ്ണം ഭരതനാട്യം അവതരിപ്പിക്കാന്‍ ആളുകള്‍ കടന്നു വരുന്നതോടെ അത് കുറഞ്ഞ് വരുന്നു എന്നതാണ് സത്യം.

നൃത്തം ചെയ്യുമ്പോള്‍ ഒരു നര്‍ത്തകിക്ക് ഉണ്ടാവുന്ന അനുഭൂതിയെ കുറിച്ച് സംസാരിക്കാമൊ ?

ആ നിമിഷത്തെ കുറിച്ച് പറയാന്‍ സാധ്യമല്ല. അതിന്റെ തുടര്‍ച്ചയെ കുറിച്ച് പറയാം. എല്ലാത്തിനോടും ഒരു സ്‌നേഹം തോന്നുന്ന എല്ലാത്തിനെയും ചേര്‍ത്ത് പിടിക്കാന്‍ തോന്നുന്ന ഒരു അവസ്ഥയാണത്. ഞാന്‍ നൃത്തം ചെയ്യുമ്പോള്‍ പ്രത്യേക അനുഭവമാണെങ്കിലും പലപ്പോഴും പലരുടെയും വര്‍ക്കുകള്‍ കാണുമ്പോഴും ഞാന്‍ അവസ്ഥയില്‍ എത്താറുണ്ട്. അതല്ലാതെ ആ പ്രത്യേക നിമിഷത്തെ നിര്‍വ്വചിക്കാന്‍ കഴിയില്ല. അനുഭവങ്ങള്‍ അങ്ങനെയാണല്ലോ… അനുഭവിച്ച് തന്നെയാകണമല്ലോ.

ചിത്രങ്ങള്‍ക്ക് കടപ്പാട് : ശ്രീകുമാര്‍