പുതിയ വെളിപ്പെടുത്തലുകളുമായി ഐസ്‌ക്രീം കേസ് വീണ്ടും സജീവമായത് ഇക്കാലത്തു തന്നെയാണ്. ഇതേ കാലത്ത് തന്നെയാണ് സി.പി.ഐ.എം എന്ന പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെതിരെ പെരുമാറ്റ ദൂഷ്യ ആരോപണം ഉയര്‍ന്നു വന്നത്. പി.ശശിയില്‍ തുടങ്ങി കാസര്‍കോഡു വഴി എറണാകുളത്തെത്തി നില്‍ക്കുന്നു ഇപ്പോഴത്.
കണ്ണൂരില്‍ പി.ശശിയെന്ന പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ നേതാവിനെതിരെ ഉയര്‍ന്ന ആരോപണം അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാകുന്നതിലേക്കും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താകുന്നതിലേക്കുമെത്തി. എറണാകുളത്ത് ഗോപി കോട്ടമുറിക്കലിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കയാണ്.
കേരളത്തില്‍ മുമ്പൊരിക്കലും സി.പി.ഐ.എം ഇത്തരത്തില്‍ പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കില്ല. പക്ഷെ മറ്റുപാര്‍ട്ടികളില്‍ നിന്ന് വിഭിന്നമായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ് ആരോപണം ഉയര്‍ന്നുവരുന്നതെന്നതും അത് പരിശോധിച്ച് പാര്‍ട്ടി തന്നെ നടപടിയെടുക്കുന്നുവെന്നുള്ളതും എടുത്ത് പറയേണ്ടതാണ്. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു, ലൈംഗിക വിവാദങ്ങള്‍ സി.പി.ഐ.എമ്മിനെ വേട്ടയാടുകയാണോ?.
ഉപ്പുതിന്നവന്‍ ആരായാലും വെള്ളം കുടിക്കും. അതിന് മതമോ ജാതിയോ രാഷ്ട്രീയമോ രാഷ്ട്രമോ ഒന്നും ബാധകമല്ല. ഇവയെല്ലാം അപ്രസക്തമാണ്. ഉയര്‍ന്ന ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംഘടനയ്ക്കകത്ത് കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും എന്നതിന് തെളിവായിട്ടേ ഇതിനെ കാണാന്‍ കഴിയു. മറിച്ച് ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാത്ത ഒരു സംഘടനയില്‍ ഇത്തരം സംഭവങ്ങള്‍ പൂഴ്ത്തിവെയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നു എന്നതിന്റെ അര്‍ത്ഥം ഇത്തരത്തിലുള്ള പ്രവണതകള്‍ ഈ പാര്‍ട്ടിയില്‍മാത്രം പരിമിതപ്പെടുന്നു എന്നല്ല. മറിച്ച് ഇത്തരം സംഭവങ്ങളോട് ആ പാര്‍ട്ടി അതിവേഗത്തില്‍ പ്രതികരിക്കുന്നു എന്നാണ്.
ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള പീഡനങ്ങള്‍ വര്‍ധിക്കുകയാണ്. ജനാധിപത്യസംവിധാനം കുറയുന്ന സാഹചര്യത്തില്‍ ഇവയെല്ലാം പൂഴ്ത്തിവെക്കപ്പെടുകയാണ് ചെയ്യുന്നത്. ജനാധിപത്യത്തിന് പ്രാധാന്യം നല്‍കുന്ന സമൂഹത്തില്‍ പീഡനങ്ങള്‍ കുറയുകയും അതോടൊപ്പം കൃത്യമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
കൃത്യമായി അവതരിപ്പിക്കാതെ പോകുന്നവ പൂഴ്ത്തിവെയ്ക്കപ്പെടുന്നവയാണ്. ഇല വന്ന് മുള്ളില്‍വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്കുതന്നെ എന്നതുപോലെയായിരുന്നു മുമ്പുണ്ടായിരുന്നത്. ഇലയ്ക്ക് പ്രതികരണശേഷി ഇല്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ജനാധിപത്യസംവിധാനത്തില്‍ ഇല പ്രതികരിക്കുന്നത് കാണാന്‍ സാധിക്കുന്നു.
കേരളത്തെ അപേക്ഷിച്ച് മറ്റുസംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ പീഡനങ്ങളുണ്ട്. പക്ഷേ അവ പുറത്ത് പറയാനുള്ള ധൈര്യം ജനങ്ങള്‍ക്കില്ലാതെ പോകുന്നു. ഒരു ഗ്രാമമുഖ്യന്‍ ഒരു തെറ്റുചെയ്താല്‍ അതിനെ ചൂണ്ടിക്കാണിക്കാന്‍ ആരും തയ്യാറാവുന്നില്ല. അതിനുള്ള പ്രതികരണശേഷിയോ ആര്‍ജ്ജവമോ അവര്‍ക്കുണ്ടാകില്ല. മാത്രമല്ല, ജനാധിപത്യസംവിധാനം ഇല്ലെന്നിരിക്കെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് അവരുടെ ജീവനുതന്നെ ഭീഷണിയായിത്തീരുകയും ചെയ്യുന്നു.
ഇന്ന് കേരളത്തില്‍ ഒരു ജനാധിപത്യ അന്തരീക്ഷം വളര്‍ന്നിട്ടുണ്ട്. കാര്യങ്ങളെ അതിന്റെ സമഗ്രതയില്‍ സമീപിക്കാന്‍ എല്ലാവരും ശ്രമിക്കണം. പീഡനവാര്‍ത്തകള്‍ പെരുകുന്നു എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് മുമ്പ് പറയപ്പെടാതിരുന്നവ ഇന്ന് പറയപ്പെടുന്നു എന്നാണ്.
ഗോപി കോട്ടമുറിക്കല്‍ ഈ വിഷയത്തില്‍ കുറ്റക്കാരനാണോയെന്നറിയില്ല. ശശി വിഷയത്തില്‍ പീഡനത്തിനരയായ ആള്‍ തന്നെയാണ് പരാതി നല്‍കിയത്, എന്നാല്‍ ഇവിടെ അങ്ങനെയൊന്നുണ്ടായതായി എനിക്കറിയില്ല. പരസ്പരസമ്മതത്തോടുകൂടിയാണ് അങ്ങനെയൊന്നുണ്ടായതെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യം.
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ കാണിക്കേണ്ട സ്വഭാവശുദ്ധിയോ ധാര്‍മ്മിക ബോധമോ ഇന്നത്തെ ആളുകള്‍ കാണിക്കുന്നില്ല. മുപ്പത് വര്‍ഷം മുമ്പ് ഞനൊക്കെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല.
പ്രത്യയ ശാസ്ത്രപരമായ പ്രവര്‍ത്തനം പാര്‍ട്ടിയില്‍ നടക്കുന്നില്ല. അഴിമതിയിലും വിവാദങ്ങളിലും കമ്മ്യൂണിസ്റ്റകാരാണ് മുന്‍പന്തിയില്‍. ഇത്തരം വിവാദങ്ങള്‍ കക്ഷിരാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരുകാര്യം. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇന്ന് പാര്‍ട്ടിയില്‍ നടക്കുന്നത്.
മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ സാംസാകാരിക ജീര്‍ണ്ണതയാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത്. തങ്ങളുടെ കുറ്റങ്ങള്‍ മറച്ച് വച്ച് മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ചികഞ്ഞ് അതിന് പിന്നാലെ പായുകയാണ് പണ്ടേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി.
സുപ്രീം കോടതി പോലും എഴുതിതള്ളിയ കേസിന്റെ പേരുംപറഞ്ഞ് ഞങ്ങളുടെ നേതാവായ കുഞ്ഞാലി സാഹിബിനെ കുറെക്കാലം ക്രൂശിച്ചവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍. ക്രഡിബിലിറ്റി കുറഞ്ഞ വ്യക്തിയുടെ ആരോപണവും പൊക്കിപ്പിടിച്ച് കുറെക്കാലം ചികഞ്ഞുനോക്കിയരാണവര്‍.
ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്കെതിരെ ആരാ ആരോപണമുന്നയച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ് അത് ഉയര്‍ന്നത്. മറ്റുള്ളവരുടെ തെറ്റുകള്‍ ചികയുന്നതിന് പകരം സ്വന്തം പാര്‍ട്ടിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന ധാര്‍മ്മിക ജീര്‍ണത തിരുത്താനാണവര്‍ ശ്രമിക്കേണ്ടത്.
ലൈംഗിക വിവാദം സി.പി.ഐ.എമ്മിനെ വേട്ടയാടുകയാണ് എന്നതില്‍ ഒരു സംശയവുമില്ല. ഇപ്പോതന്നെ എത്രയെണ്ണമായി. ശശി, വരദരാജന്‍, ഗോപി കോട്ടമുറിക്കല്‍. എണ്ണം ഇവിടം കൊണ്ടൊന്നും നില്‍ക്കില്ല. തുടര്‍ന്നുകൊണ്ടേയിരിക്കും.
32 വര്‍ഷമായി പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് ഗോപി. സമുഹത്തിലെ തിന്മകളുടെ പര്യായമായ ആളുകള്‍ കേന്ദ്രനേതൃത്വത്തിലും, സംസ്ഥാന നേതൃത്വത്തിലും പിടിമുറുക്കുകയാണ്. സമ്പന്നര്‍ക്ക് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വം. പാവങ്ങളുടെ പാര്‍ട്ടിയെന്ന പേരും പറഞ്ഞ് ലോകത്തിലെ സകലസുഖസൗകര്യങ്ങളിലും അഭിരമിച്ച് സുഖിക്കുകയാണ് നേതൃത്വം. പാര്‍ട്ടി സംസ്ഥാനസെക്രട്ടറിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നടക്കുന്നത് തന്നെ പാര്‍ട്ടിയുടെ ജീര്‍ണ്ണത വ്യക്തമാക്കുന്നു.
ഇത്തരം പ്രവണതകളില്‍ നിന്നും പാര്‍ട്ടിയെ മോചിപ്പിക്കണമെങ്കില്‍ കറതീര്‍ന്ന നിശ്ചയദാര്‍ഢ്യമുള്ള പ്രവര്‍ത്തന നിരതരായ, ആദര്‍ശധീരരായ ചെറുപ്പക്കാര്‍ നേതൃത്വത്തിലെത്തിച്ചേരണം. അല്ലെങ്കില്‍ ഏറെതാമസിയാതെ സി.പി.ഐ.എമ്മിന്റെ അന്ത്യം നമുക്കെല്ലാവര്‍ക്കും കാണാം.
സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിനുള്ള ഒരു പ്രധാനകാരണം കേരളത്തിലെ പുരുഷന്‍മാരെല്ലാം ഞരമ്പുരോഗികളായി മാറുന്നു എന്നതാണ്. ഇവരുടെ ഈ അസുഖം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയല്ലാതെ കുറയുന്നില്ല. ഇതിന്റെ കാരണം അന്വേഷിച്ചുചെന്നെത്തുന്നത് മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും അമിതോപയോഗത്തിലേക്കാണ്. ഇവയുടെ ആസക്തിയില്‍ അയാള്‍ അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും തിരിച്ചറിയാതെ പോകുന്നു. ഇതു മാത്രമല്ല, നീലച്ചിത്രങ്ങള്‍ കാണുന്നത്, മൊബൈല്‍ഫോണിലൂടെയുള്ള സല്ലാപം, ലൈംഗികാസക്തി വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ഇവയൊക്കെ മനുഷ്യനെ മൃഗതുല്യനാക്കി മാറ്റുന്നതിന് കാരണമാകുന്നു.
രാഷ്ട്രീയക്കാര്‍ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും ഇതില്‍ ഉള്‍പ്പെട്ടവരാണ്. എല്ലാ വിഭാഗങ്ങളില്‍പെട്ടവരും ഉണ്ടെന്നിരിക്കെ ഒരു കൂട്ടരെ മാത്രം എടുത്തുപറയുന്നത് ശരിയല്ല. ആരോപണം ഉയര്‍ന്നു എന്നതുകൊണ്ടുമാത്രം അതും മാധ്യമങ്ങളില്‍വന്ന വാര്‍ത്തയെ മാത്രം അടിസ്ഥാനമാക്കി ഒരാള്‍ക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ല. പലപ്പോഴും മാധ്യമധര്‍മ്മം മറന്നാണ് ഇത്തരം വാര്‍ത്തകള്‍ ജനങ്ങളിലേക്ക് വരുന്നത്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ അടിസ്ഥാനം പലതായിരിക്കും. ഒരിക്കലും വാര്‍ത്തയുടെ സത്യാവസ്ഥയെ മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല.
ഒരാള്‍ക്കെതിരെ മാത്രമല്ല ആരോപണങ്ങളുയരുന്നത്. പലര്‍ക്കെതിരെയും ആരോപണങ്ങളുയരുന്നുണ്ട്. പണക്കൊഴുപ്പില്‍ പലരും ഇത് കാണാതെ പോകുന്നു. പാര്‍ട്ടിക്കുള്ളിലുള്ള ഭിന്നതകള്‍ ആരോപണങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഒരു പ്രത്യേക പാര്‍ട്ടിയുടെ പേര് പറയുന്നതിലര്‍ത്ഥമില്ല. രാഷ്ട്രീയക്കാരെ മൊത്തത്തിലേ പറയാന്‍ സാധിക്കൂ. എന്നുവെച്ച് എല്ലാ രാഷ്ട്രീയക്കാരും അങ്ങനെയാണെന്നല്ല. എല്ലാത്തിലും നല്ലതും ചീത്തയുമുണ്ടെന്നതുപോലെ രാഷ്ട്രീയക്കാരിലുമുണ്ട് നല്ലവരും ചീത്തവരും. എന്നാലും സത്യസന്ധരായ രാഷ്ട്രീയക്കാര്‍ കുറവാണ് എന്നുതന്ന പറയേണ്ടിവരും. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നമ്മുടെ സമൂഹത്തിനോ ഭരണകൂടത്തിനോ സാധിക്കില്ല. അതിനാല്‍ സ്ത്രീസമൂഹത്തെ ഇത്തരം പീഡനങ്ങളില്‍നിന്നു രക്ഷിക്കാന്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം കുറക്കുകയും ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്യണം.
കേരളത്തില്‍ ഇത്തരം സംഭവങ്ങളും ആരോപണങ്ങളും ദിനേനെയെന്നോണം വര്‍ദ്ധിച്ച് വരികയാണ്. പിഞ്ചുകുഞ് മുതല്‍ വൃദ്ധകള്‍ വരെ അക്രമങ്ങള്‍ക്കിരയാകുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ശബ്ദമാകേണ്ടവര്‍ തന്നെ ഇത്തരം ആരാപണങ്ങള്‍ക്ക് വിധേയമാകുമ്പേള്‍ തീര്‍ത്തും വേദനാജനകമാണ് ഇത്തരം വാര്‍ത്തകള്‍.
സ്വഭാവദൂഷ്യം തീര്‍ച്ചയായും പരിഹരിക്കപ്പെടേണ്ടതാണ്. സി.പി.ഐ.എം ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുജന സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം ജാഗ്രത പാലിക്കണം.
ഇതൊരു പാര്‍ട്ടിയില്‍ മാത്രം ഒതുക്കി ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമല്ല. എല്ലാ പാര്‍ട്ടിയിലും ഇത്തരം സംഭവങ്ങള്‍ ഇഷ്ടം പോലെയുണ്ടല്ലോ. നേരത്തേ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലൈഗിംകവിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നല്ലോ. അപ്പോളിതൊരു പാര്‍ട്ടിയുടെയും മതത്തിന്റെയും പരിധിയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ല. ശബരിമല മേല്‍ശാന്തി, അഭയകേസില്‍ പള്ളീലച്ചന്‍മാര്‍ എന്നിവരും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടതിന് കേരളസമൂഹം സാക്ഷിയായതാണ്.
പിന്നെ ഒരു പാര്‍ട്ടിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ എതിര്‍ ചേരിക്കാര്‍ ഏറ്റ് പിടിക്കുന്നത് സാധാരണയാണ്. ഇങ്ങിനെയൊക്കെയാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സി.പി.ഐ.എം നേതാവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ നടപടി അഭിനന്ദനാര്‍ഹമാണ്.
ലൈംഗിക പീഢനമെന്ന വാക്കില്‍ നിന്ന് പീഢനമെന്നത് എടുത്ത് കളയണമെന്നാണ് എന്റെ അഭിപ്രായം. എല്ലാത്തിനും വഴങ്ങിക്കൊടുത്തതിന് ശേഷം പുറംലോകമറിയുമ്പോള്‍ അതിനെ പിന്നീട് പീഢനമായി ചിത്രീകരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ചെറിയ കുട്ടികളെയൊക്കെ തട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയാണെങ്കില്‍ നമുക്ക് പീഢിപ്പിച്ചു എന്ന് പറയാം. അല്ലാതെ എല്ലാത്തിനെയും പീഢനമെന്ന് ഗണത്തില്‍പ്പെടുത്തിപറയുന്നത് ശരിയല്ല.
ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം അറിയുന്നത് ഇപ്പൊഴാണ്. ദല്‍ഹിയില്‍ സ്ഥിരമാക്കിയതിന് ശേഷം ഈവകകാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല.
മറ്റ് ലഞ്ച് ബ്രേക്കുകള്‍