Administrator
Administrator
ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ ധാര്‍മ്മിക അവകാശമുണ്ടോ?
Administrator
Monday 8th August 2011 4:57pm

കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരിക്കയാണ്. കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയും ടി.എച്ച്. മുസ്തഫ ഭക്ഷ്യമന്ത്രിയുമായിരുന്ന കാലത്ത് 1992 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ സംസ്ഥാനത്തിനു 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണു കേസ്. കേസില്‍ മുന്‍ മുഖ്യമന്ത്രി കരുണാകരനായിരുന്നു ഒന്നാം പ്രതി. ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി.

വിജിലന്‍സ് അന്വേഷണത്തെ നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടരുന്നത് ധാര്‍മ്മികമായി ശരിയാണോ? ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു.

അഡ്വ. ജയശങ്കര്‍, മാധ്യമ നിരൂപകന്‍

ധാര്‍മ്മികമായി ചിന്തിച്ചാല്‍ മുഖ്യമന്ത്രിക്കസേരയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടരുന്നത് ശരിയല്ല. ഫയലുകള്‍ വ്യക്തമായി പരിശോധിച്ചിട്ടാണല്ലോ കോടതി ഇങ്ങിനെയൊരു വിധി പ്രസ്താവിക്കുക. എല്ലാത്തിനുമപ്പുറം തുടരന്വേഷണത്തിനുള്ള ഉത്തരവിലൂടെ ഉമ്മന്‍ ചാണ്ടിക്കെതിരായിട്ടുള്ള ഒരു ധ്വനി വന്നിട്ടുണ്ട്.

മാണിയും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ചര്‍ച്ച ചെയ്ത് ഉമ്മന്‍ ചാണ്ടിയെ കടുത്ത തീരുമാനത്തില്‍ നിന്ന് തടഞ്ഞു; അല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കുമായിരുന്നു എന്നാകും നാളത്തെ മനോരമയെപ്പോലോത്ത പത്രങ്ങളെല്ലാം കൊട്ടിപ്പാടുക. ഇതെല്ലാം വെറും നാടകങ്ങള്‍ മാത്രമാണ്. ഉമ്മന്‍ ചാണ്ടിയെ നിങ്ങള്‍ക്കറിയുന്നതിനേക്കാള്‍ നന്നായി എനിക്കറിയാം. അധികാര മോഹമുള്ളയാളാണ് ഉമ്മന്‍ ചാണ്ടി.

വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്തു കൊണ്ട് അന്വേഷണത്തെ നേരിട്ടാല്‍ അന്വേഷണം അട്ടിമറിക്കപ്പെടില്ലേ എന്ന ആശങ്ക വേണ്ട. എന്തായാലും അന്വേഷണം അട്ടിമറിക്കപ്പെടും. ഐസ്‌ക്രീം കേസുപോലെ ഇങ്ങിനെ എത്രയോ കേസുകള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത് നാം കണ്ടതാണ്. അതുകൊണ്ട്, വിജിലന്‍സ് വകുപ്പ് വിട്ട് പോയിട്ട് കേസ് അട്ടിമറിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ആ വകുപ്പില്‍ തന്നെ ഇരുന്ന് കൊണ്ട് കേസന്വേഷണം അട്ടിമറിക്കുന്നത്…?

ബി.ആര്‍.പി ഭാസ്‌കര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് തെളിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണമെന്ന വി.എസിന്റെ പ്രസ്താവനയെ ന്യായീകരിക്കാനാവില്ല. കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്നല്ല കോടതി ഉത്തരവിലുള്ളത് മറിച്ച് തുടരന്വേഷണത്തിന് ഉത്തരവിടുക മാത്രമാണ് ചെയ്തത്. ഒരാള്‍ക്ക് ആ കേസുമായി ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞാല്‍ രാജി വെച്ചൊഴിയുക എന്ന ആവശ്യം ന്യായമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ട് തള്ളുകയും അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അതിനര്‍ത്ഥം അദ്ദേഹത്തിന് കേസുമായി ബന്ധമുണ്ട് എന്നല്ല.

മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിയണമെന്ന കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം ന്യായമാണ്. വിജിലന്‍സ് വകുപ്പിന്റെ ചുമതല വഹിക്കുകയും അതോടൊപ്പംതന്നെ തനിക്കെതിരായ അന്വേഷണത്തിന്റെ ചുമതല വഹിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് കോടിയേരിയുടെ ന്യായം. അദ്ദേഹം രാജിവെയ്‌ക്കേണ്ടിവരുമോയെന്നല്ല പ്രധാന ചോദ്യം. തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ അന്വേഷണ ചുമതലയുള്ള വകുപ്പില്‍ തുടരുന്നത് ശരിയായ നടപടിയാണോ എന്നതാണ്.

ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ല. മറ്റൊന്ന് തുടരന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നുള്ളതുകൊണ്ടാണ് വിജിലന്‍സ് വകുപ്പിന്റെ ചുമതലയില്‍നിന്നും ഒഴിവാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടത്. ഇവിടെ ധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. സംസ്ഥാനത്തെ അന്വേഷണ സംവിധാനം ദുഷിച്ചിരിക്കുകയാണ്. ഈ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പലരും നിയമം കൈയിലെടുക്കുന്നത് ഇതിന്റെ തെളിവാണ്. ഈ ദുഷിച്ച അന്വേഷണ സംവിധാനത്തില്‍ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. എല്ലാ വാര്‍ത്തകളെയുംപോലെ ഈ വാര്‍ത്തയും കേരളം ആഘോഷിക്കും, അതുപോലെത്തന്നെ വിസ്മരിക്കുകയും ചെയ്യും.

1991 മുതലുള്ളതാണ് പാമൊലിന്‍ കേസ്. കഴിഞ്ഞ 20 വര്‍ഷമായി നടന്നുവരുന്ന കേസാണിത്. ഈ 20 കൊല്ലത്തില്‍ 10 കൊല്ലം എല്‍.ഡി.എഫ് ഭരണമായിരുന്നു കേരളത്തില്‍. എല്‍.ഡി.എഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ത്തിരുന്നില്ല. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്താണ് കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. കോടതി അന്വേഷണത്തിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഭരണമാറ്റമുണ്ടായത്. പിന്നീട് ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കേണ്ടെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കുകയായിരുന്നു.

വി.എസ് അച്ച്യുതാനന്ദന്‍,പ്രതിപക്ഷ നേതാവ്

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അധികാരത്തില്‍ തുടരണോയെന്ന് ഉമ്മന്‍ചാണ്ടി നിശ്ചയിക്കണം. കോടതിയുടെ നിരീക്ഷണത്തില്‍ ഒരു വിധിയുടെ സ്വഭാവമുണ്ട്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിയല്ലാതെ മറ്റൊരു പോംവഴിയുമില്ല. അതുണ്ടാകുമെന്നാണ് താന്‍ ആശിക്കുന്നത്.

കേസില്‍ കോടതിവിധി പ്രതികൂലമാകുമെങ്കില്‍ താന്‍ സ്വീകരിക്കുന്ന നിലപാട് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ നേരത്തെ അറിയിച്ചതാണ് ഈ വാക്ക് പാലിക്കണം.

രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ്

ഇടത് ഭരണകാലത്താണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല വ്യക്തമാക്കി. 11.05.2011ല്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അന്നത്തെ ധനകാര്യമന്ത്രിയുടെ ഓഫീസിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പങ്കില്ലെന്ന് റിപ്പോര്‍ട്ട് കിട്ടിയ സാഹചര്യത്തില്‍ അത് അംഗീകരിക്കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ യാതൊരു തെളിവും കൊണ്ടുവരാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. നിഷ്‌കളങ്കനും നിരപരാധിയുമായ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ അനുവദിക്കില്ല. കേസുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. രണ്ട് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കണ്ടെത്തിയിട്ടില്ല. മൂന്നാമതൊരു അന്വേഷണം കൂടി ആയിക്കോട്ടെ. കോടതി വിധി മാനിക്കുന്നു. അന്വേഷണത്തെ നേരിടും

കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ

അതേസമയം പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയരക്ടറുടെ റിപ്പോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തില്‍ ഡയരക്ടറെ തല്‍സ്ഥാനത്തു നിന്നു നീക്കണമെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം അദ്ദേഹം തന്നെ വഹിക്കുന്നത് ശരിയല്ല. യു.ഡി.എഫ് സര്‍ക്കാരിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഡെസ്മണ്ട് നെറ്റോ തട്ടിക്കൂട്ടി തയാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

പ്രോസിക്യൂട്ടറുടെ അനുമതിയോ അഭിപ്രായമോ വിജിലന്‍സ് ഡയറക്ടര്‍ തേടിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന നിയമോപദേശം പ്രോസിക്യൂട്ടര്‍ നല്‍കിയ കാര്യവും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുക പോലും ചെയ്തിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

കോടതി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം. മുമ്പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചതാണ്. കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ താന്‍ കൂടി പ്രതിയാകേണ്ടി വരുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി അന്ന് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടിയേരി ആരോപിച്ചു.

Advertisement