ഹമാസ് നിരായുധരായില്ലെങ്കില്‍ അക്രമാസക്തമായ നടപടിയെടുക്കും; മുന്നറിയിപ്പുമായി ട്രംപ്
World
ഹമാസ് നിരായുധരായില്ലെങ്കില്‍ അക്രമാസക്തമായ നടപടിയെടുക്കും; മുന്നറിയിപ്പുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th October 2025, 8:16 am

വാഷിങ്ടണ്‍: ഹമാസിനോട് നിരായുധരാകണമെന്ന് മുന്നറിയിപ്പുമായി ട്രംപ്. ആയുധങ്ങള്‍ കൈമാറാന്‍ ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടുവെന്നും ഹമാസ് ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഹമാസ് നിരായുധരായില്ലെങ്കില്‍ അക്രമാസക്തമായ നടപടികളിലൂടെ അമേരിക്ക നടപടിയെടുക്കുമെന്നും ട്രംപ് താക്കീത് നല്‍കി.

അതേസമയം ഗസയില്‍ ക്രിമിനല്‍ സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്ന ഹമാസിന്റെ നടപടിയെ ട്രംപ് പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലേയുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

‘അവര്‍ നിരായുധരായില്ലെങ്കില്‍ ഞങ്ങള്‍ അവരെ നിരായുധരാക്കും. അക്രമാസക്തമായ നടപടികള്‍ സ്വീകരിക്കാനും മടിക്കില്ല. ഞാന്‍ ഹമാസുമായി സംസാരിച്ചു, അവര്‍ നിരായുധരാകുമെന്ന് എന്നോട് പറഞ്ഞു,’ ട്രംപ് പറഞ്ഞു.

ആദ്യഘട്ട കരാര്‍ വ്യവസ്ഥകള്‍ ഹമാസ് പാലിച്ചാല്‍ ഗസയില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്താനുള്ള നടപടികള്‍ സുഗമമായി നടക്കുമെന്നും യു.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ലോകരാജ്യങ്ങളുടെ ശ്രമമായ ഗസ സമാധാന പദ്ധതിയില്‍ തിങ്കളാഴ്ച യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഒപ്പുവെച്ചു. വെള്ളിയാഴ്ച മുതല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ കരാറും നിലവില്‍ വന്നിട്ടുണ്ട്. ഇതോടെ ഇരു കൂട്ടരും ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. കൂടാതെ മൃദദേഹങ്ങളും കൈമാറി.

എങ്കിലും ഇതിനെയെല്ലാം മറികടന്ന് ഇസ്രഈല്‍ ഗസയില്‍ ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം മാധ്യമപ്രവര്‍ത്തകനായ സാലിഹ് അല്‍ജഫറാവി ഗസ നഗരത്തില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

ഗസ സമാധാന പദ്ധതിയില്‍ ലോകനേതാക്കള്‍ ഒപ്പുവെച്ചതിന്റെ തൊട്ടടുത്ത ദിവസമായ ചൊവ്വാഴ്ച ഷുജയയില്‍ ഇസ്രഈല്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്തു. ഡ്രോണാക്രമണവും ഇസ്രഈല്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Donald Trump warns Hamas to disarm