വാഷിങ്ടണ്‍: ഗസ സമാധാന കരാറുമായി ഹമാസും ഇസ്രഈലും പെട്ടെന്ന് മുന്നോട്ട് പോകണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും കരാറില്‍ ഒപ്പ് വെച്ചിട്ടില്ലെങ്കില്‍ വലിയ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇസ്രഈലും ഹമാസും ഇന്ന് ഈജിപ്തില്‍ സമാധാന പദ്ധതി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ചര്‍ച്ചയുടെ ആദ്യ ഘട്ടം ഈ ആഴ്ചയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും സംഘര്‍ഷങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.
സമാധാന കരാര്‍ ഭാഗികമായി ഹമാസ് നേരത്തെ അംഗീകരിച്ചിരുന്നു. ആദ്യ ഘട്ടം ബന്ദികളെ മോചിപ്പിക്കുന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗസയില്‍ ബോംബ് ആക്രമണം നിര്‍ത്തുന്നതിനും ഇസ്രഈലിന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കരാറുമായി ബന്ധപ്പെട്ട് ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു.
‘എന്റെ സഹോദരീ സഹോദരന്മാരേ, ഇസ്രഈല്‍ പൗരന്മാരേ, നമ്മള്‍ വളരെ വലിയ ഒരു നേട്ടത്തിന്റെ വക്കിലാണ്. ഇത് ഇപ്പോഴും അന്തിമമല്ല. ഞങ്ങള്‍ അതിനായി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നു, വരും ദിവസങ്ങളില്‍ നമ്മുടെ എല്ലാ ബന്ദികളുടെയും, ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും തിരിച്ചുവരവ് നിങ്ങളെ അറിയിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതേസമയം, ഗസ മുനമ്പില്‍ ഐ.ഡി.എഫ് തുടരും,’ നെതന്യാഹു പറഞ്ഞു.
ഹമാസ് പിന്‍വലിഞ്ഞാല്‍ ഗസയില്‍ ആക്രമണം കൂടുതല്‍ കടുപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സും മുന്നറിയിപ്പ് നല്‍കി. അതേസമയം ഗസയില്‍ ഇസ്രഈല്‍ വ്യാപക ആക്രമണം തുടരുകയാണ്. 24 പേരാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രഈല്‍ വെടിനിര്‍ത്തിയെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ വാദവും ഐ.ഡി.എഫ് സൈനികമേധാവി ഇയാല്‍ സാമിര്‍ തള്ളി.
സെപ്റ്റംബര്‍ 29നാണ് ട്രംപ് ഭരണകൂടം ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പദ്ധതി പുറത്തിറക്കിയത്. ഗസയെ ആയുധരഹിത മേഖലയാക്കി മാറ്റുകയാണ് പദ്ധതി മുന്നോട്ട് വെക്കുന്ന പ്രധാനലക്ഷ്യം. ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീന്റെ പ്രതിരോധ സംഘടനകളെ നിരായുധീകരിക്കുക, ഗസയില്‍ നിന്നും ഇസ്രഈല്‍ പതിയെ പിന്മാറുക, ബന്ദികളെ 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍.
Content Highlight: Donald Trump urges Hamas And Israel to move forward quickly with Gaza peace deal