വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും പവര്‍ പ്ലാന്റുകളും ആക്രമിക്കുമെന്ന അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ‘പുതിയതും കൂടുതല്‍ വിവേകപൂര്‍ണവുമായ ഒരു ഭരണകൂടവുമായി’ തങ്ങള്‍ ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ട്രംപ് ഡപറഞ്ഞു.
ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.
‘ഇറാനിലെ ഞങ്ങളുടെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനായി അമേരിക്ക പുതിയതും കൂടുതല്‍ വിവേകപൂര്‍ണവുമായ ഒരു ഭരണകൂടവുമായി ഗൗരവകരമായ ചര്‍ച്ചകളിലാണ്. അത് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്,
എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഉടന്‍ തന്നെ ഒരു കരാറില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍, അതിന് സാധ്യതയുണ്ട്, ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍ ഇറാനിലെ എല്ലാ വൈദ്യുതോദ്പാദന പ്ലാന്റുകളും എണ്ണക്കിണറുകളും ഖാര്‍ഖ് ദ്വീപും ഒരുപക്ഷേ എല്ലാ ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകളും എല്ലാം ബോംബിട്ട് തകര്‍ത്തുകൊണ്ട് ഞങ്ങള്‍ ഇവിടുത്തെ സുന്ദരമായ താമസം അവസാനിപ്പിക്കും. മനപ്പൂര്‍വം ഇവയൊന്നും തന്നെ ഞങ്ങള്‍ ഇതുവരെ തൊട്ടിട്ടില്ല,’ ട്രംപ് കുറിച്ചു.
യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, മേഖലയിലെ യു.എസ് സൈനിക വിന്യാസം തുടരുകയാണ്.
അമേരിക്ക ഒരു കരയുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുന്ന കാര്യം ഇറാനിയന്‍ നേതാക്കള്‍ നിഷേധിച്ചു.
ഇറാനിലെ എണ്ണ ഏറ്റെടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ എണ്ണ ഇറക്കുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാര്‍ഖ് ദ്വീപ് സൈനിക നടപടിയിലൂടെ പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ട്രംപ് സൂചന നല്‍കി.
ഖാര്‍ഖ് ദ്വീപ് പിടിച്ചെടുക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അങ്ങനെ ആവശ്യം വന്നാല്‍ യു.എസിന്റെ മുന്നില്‍ ധാരാളം മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഒരുപക്ഷേ നമ്മള്‍ ഖാര്‍ഖ് ദ്വീപ് പിടിച്ചെടുത്തേക്കാം ചിലപ്പോള്‍ ഇല്ല. നമുക്ക് ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. ദ്വീപ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചാല്‍ കുറച്ച് കാലം നമ്മളവിടെ തുടരേണ്ടി വന്നേക്കാം,’ ട്രംപ് ഫിനാഷ്യല്‍ ടൈംസിനോട് പറഞ്ഞു.
ഖാര്‍ഖ് ദ്വീപിലെ ഇറാന്റെ സൈനിക പ്രതിരോധ ശേഷിയെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ക്ക് പ്രതിരോധശേഷിയുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. അതുകൊണ്ട് തന്നെ ഖാര്‍ഖ് ദ്വീപ് യു.എസിന് പെട്ടെന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Donald Trump threatens to attack Iran’s oil wells and power plants if the Strait of Hormuz is not opened immediately.