എങ്ങനെയെങ്കിലും കുറച്ച് വോട്ടുകള്‍ കണ്ടെത്തിയേ മതിയാകൂ; ജോര്‍ജിയ ഇലക്ഷന്‍ ഓഫീസറുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
World News
എങ്ങനെയെങ്കിലും കുറച്ച് വോട്ടുകള്‍ കണ്ടെത്തിയേ മതിയാകൂ; ജോര്‍ജിയ ഇലക്ഷന്‍ ഓഫീസറുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
ന്യൂസ് ഡെസ്‌ക്
Monday, 4th January 2021, 10:10 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡാണ് പുറത്തുവന്നത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് റെക്കോര്‍ഡ് പുറത്തുവിട്ടത്.

‘11,780 വോട്ട്, എനിക്ക് അത്രയും മാത്രം മതി.’ എന്ന് ട്രംപ് ആവശ്യപ്പെടുന്നത് ഈ റെക്കോര്‍ഡില്‍ വ്യക്തമായി കേള്‍ക്കാം. ജോര്‍ജിയയുടെ സെക്രട്ടറിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ബ്രാഡ് റാഫന്‍സ്‌പെര്‍ജറോടാണ് ട്രംപ് വോട്ടിനായി സംസാരിക്കുന്നത്.

‘ജോര്‍ജിയയിലെ ജനങ്ങള്‍ രോഷത്തിലാണ്. രാജ്യത്തെ ജനങ്ങള്‍ രോഷത്തിലാണ്. നിങ്ങള്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തിയെന്ന് പറയുന്നത് ശരിയാണ്.’ ട്രംപ് പറയുന്നു

‘പക്ഷെ പ്രസിഡന്റ്, പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ കയ്യിലുള്ള കണക്കുകള്‍ തെറ്റാണ്’ റാഫന്‍സ്‌പെര്‍ജര്‍ മറുപടി പറയുന്നു.

‘എനിക്ക് 11,780 വോട്ടുകള്‍ കിട്ടിയാല്‍ മതി. നമ്മളാണ് ആ സംസ്ഥാനത്തില്‍ ജയിച്ചത്. ‘ ട്രംപ് വീണ്ടും ആവശ്യപ്പെടുന്നു. ഇങ്ങനെയാണ് ഫോണ്‍ സംഭാഷണം മുന്നോട്ടുപോകുന്നത്.

ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഫലം ശരിയാണെന്ന് റാഫന്‍സ്‌പെര്‍ജര്‍ പല തവണ ആവര്‍ത്തിക്കുന്നതും ഈ ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാം.

നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്നാരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹരജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.ഇതിനോടകം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആരോപണം ഉയര്‍ത്തിയ ട്രംപിന്റെ 60 ഓളം ഹരജികള്‍ യു.എസ് കോടതികള്‍ തള്ളിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനെതിരെ നിരന്തരം ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന ട്രംപിന്റെ പല ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്യുകയും തെറ്റായ വിവരങ്ങളാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

50 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എല്ലാ വോട്ടുകളും ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ഡിസംബര്‍ 14ന് ജോ ബൈഡനെ വിജയിയായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചിരുന്നു. ബൈഡന് 303 ഇലക്ട്രല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇതിന് ശേഷവും പരാജയം സമ്മതിക്കാതിരുന്ന ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ തീരുമാനത്തിന് പിന്തുണ നല്‍കി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് രംഗത്തെത്തിയിരുന്നു. ഇലക്ട്രല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ ആരോപണങ്ങള്‍ക്ക് അടുത്തിടെയായി മൈക്ക് പെന്‍സ് വലിയ രീതിയില്‍ പിന്തുണ നല്‍കുന്നില്ലായിരുന്നു. എന്നാല്‍ ഇലക്ട്രല്‍ വോട്ടുകള്‍ക്ക് പിന്തുണ നല്‍കില്ലെന്ന പതിനൊന്ന് സെനറ്റര്‍മാരുടെ തീരുമാനത്തിന് പിന്നാലെ അമേരിക്കയിലെ ദശലക്ഷക്കണക്കിന് വോട്ടര്‍മാരുടെ ആശങ്കയൊടൊപ്പം നില്‍ക്കുന്നുവെന്ന് മൈക്ക് പെന്‍സും പറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫ് മാക്ക് ഷോര്‍ട്ട് പറഞ്ഞു.

ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ തള്ളിയ സെനറ്റര്‍മാരുടെ നിലപാട് അംഗീകരിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് മാക്ക് ഷോര്‍ട്ട് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ട്രംപ് ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് മൈക്ക് പെന്‍സും സെനറ്റര്‍മാരുടെ തീരുമാനത്തിന് പിന്തുണ നല്‍കുന്നുവെന്ന റിപ്പോര്‍ട്ട്.

അതേസമയം ഇലക്ട്രല്‍ കോളേജില്‍ ബൈഡന്‍ ഭൂരിപക്ഷം ഉറപ്പിച്ചതുകൊണ്ട് തന്നെ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ തീരുമാനം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിക്കില്ല.

എന്നാല്‍ 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന നിലപാടെടുത്തതിന് പിന്നാലെ വന്‍ പ്രതിഷേധസമരത്തിന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു.

മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ മാര്‍ച്ചിനായി അണിനിരക്കണമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍ ഡി.സി ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിക്കായി ഒത്തുചേരൂ, ചരിത്രത്തിന്റെ ഭാഗമാകൂ എന്നാണ് വീഡിയോയില്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുക, അന്തസത്ത സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് സമരമെന്നും വീഡിയോയില്‍ പറയുന്നു.

‘കോണ്‍ഗ്രസ് എത്രയും വേഗം ഇലക്ട്രല്‍ കോളേജ് കമ്മീഷനെ പ്രഖ്യാപിക്കണം. അവര്‍ക്ക് അന്വേഷണത്തിനും വിവരങ്ങള്‍ പുറത്തുകൊണ്ടു വരുന്നതിനുമുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കണം.’ എന്നാണ് സെനറ്റര്‍മാര്‍ സംയുക്തമായി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഢാലോചനയ്ക്ക് പേരുകേട്ട അഭിഭാഷക സിഡ്‌നി പവല്‍, പുറത്താക്കപ്പെട്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനന്‍ എന്നിവര്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെത്തിയതിന് പിന്നാലെ ട്രംപ് അട്ടിമറി നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടോ എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സെനറ്റര്‍മാരെയും മാര്‍ച്ചിനെയും കൂട്ടിപ്പിടിച്ചുകൊണ്ട് അവസാന അങ്കത്തിന് ട്രംപ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump tells Georgia election official to find votes to overturn Biden win