ട്രംപിന്റെ അധിക തീരുവ സാമ്പത്തിക ഭീഷണി; മുട്ടുമടക്കരുതെന്ന് മോദിയോട് രാഹുല്‍ ഗാന്ധി
India
ട്രംപിന്റെ അധിക തീരുവ സാമ്പത്തിക ഭീഷണി; മുട്ടുമടക്കരുതെന്ന് മോദിയോട് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th August 2025, 9:55 pm

ന്യൂദല്‍ഹി: ഇന്ത്യക്ക് മേലുള്ള തീരുവ 50 ശതമാനമായി ഉയര്‍ത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി. ട്രംപിന്റെ 50 ശതമാനം താരിഫ് ഒരു സാമ്പത്തിക ഭീഷണിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഇത് ഇന്ത്യയെ ഭീഷണിപ്പെടുത്തി ഒരു അന്യായമായ വ്യാപാര കരാറിലേക്ക് എത്തിക്കാനുള്ള യു.എസിന്റെ ശ്രമമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. യു.എസിന്റെ ഭീഷണിയില്‍ ഭയന്ന് പ്രധാനമന്ത്രി മോദി തന്റെ ബലഹീനതയാല്‍ ഇന്ത്യന്‍ ജനതയുടെ താത്പര്യങ്ങളെ മറികടക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിലവില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ് 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇത് ഓഗസ്റ്റ് ഒമ്പതിന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് 25 ശതമാനം അധിക തീരുവ ചുമത്തിയുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്.

ഇതോടെ ഇന്ത്യക്ക് മേലുള്ള യു.എസിന്റെ തീരുവ 50 ശതമാനമാകും. പുതിയ ചുങ്കം മൂന്ന് ആഴ്ചക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

ഇന്നലെ (ചൊവ്വ) വൈകുന്നേരത്തോടെ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യക്ക് മേലുള്ള തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ട്രംപ് സമാനമായി ഭീഷണി ഉയര്‍ത്തിയിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ ഇനിയും എണ്ണ വാങ്ങിയാല്‍ തീരുവ വര്‍ധിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്.

ഇതിനിടെ ഇന്ത്യയെ പരിഹസിച്ചും ട്രംപ് സംസാരിച്ചിരുന്നു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് കേട്ടല്ലോ എന്നായിരുന്നു ട്രംപിന്റെ പരിഹാസം. എന്നാല്‍ ട്രംപിന്റെ ഭീഷണി നിര്‍ഭാഗ്യകരമെന്നും റഷ്യയുമായി ഇന്ത്യക്കുള്ളത് കാലങ്ങളായുള്ള ബന്ധമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നിലവില്‍ ട്രംപിന്റെ 50 ശതമാനം തീരുവയിലും വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് ലക്ഷ്യം വെച്ചിരിക്കുന്നത് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെയാണെന്നും ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് എണ്ണ ഇറക്കുമതിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്താന്‍ തീരുമാനിച്ച യു.എസ് നടപടി നിര്‍ഭാഗ്യകരമെന്നും മന്ത്രാലയം പറഞ്ഞു.

Content Highlight: Trump’s additional tariffs are an economic threat; Rahul Gandhi tells Modi not to bow down