യു.എന്നിന്റെ പ്രസക്തി നഷ്ടപ്പെട്ടു; യു.എന്നിന്റെ പണി താന്‍ ചെയ്യേണ്ടി വന്നത് നിര്‍ഭാഗ്യകരമെന്ന് ട്രംപ്
World News
യു.എന്നിന്റെ പ്രസക്തി നഷ്ടപ്പെട്ടു; യു.എന്നിന്റെ പണി താന്‍ ചെയ്യേണ്ടി വന്നത് നിര്‍ഭാഗ്യകരമെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 10:10 pm

ജനീവ: ഏഴ് മാസത്തിനുള്ളില്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും യു.എന്നിന് സാധിക്കാത്തത് താന്‍ ചെയ്യേണ്ടി വരുന്നത് നിര്‍ഭാഗ്യകരമെന്നും പറഞ്ഞ് ട്രംപ്. യു.എന്‍.ജി.എയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കംബോഡിയ-തായ്ലന്‍ഡ്, കോംഗോ-റുവാണ്ട, ഇന്ത്യ-പാകിസ്ഥാന്‍, ഇസ്രഈല്‍-ഇറാന്‍, ഈജിപ്ത്-എത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളാണ് ട്രംപ് പരിഹരിച്ചതെന്നാണ് അവകാശവാദം. ഐക്യരാഷ്ട്രസഭയ്ക്ക് പകരം തനിക്ക് അത് ചെയ്യേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഏഴ് യുദ്ധങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചു, ഓരോ രാജ്യത്തെയും നേതാക്കളുമായി ഇടപെട്ടു, കരാര്‍ അന്തിമമാക്കുന്നതില്‍ സഹായിക്കാന്‍ യു.എന്നില്‍ നിന്ന് ഒരു കോള്‍ പോലും എനിക്ക് ലഭിച്ചില്ല! ഐക്യരാഷ്ട്രസഭ എവിടെയാണ്. അവര്‍ അവിടെ ഉണ്ടായിരുന്നില്ലെ. ഐക്യരാഷ്ട്രസഭയുടെ ഉദ്ദേശ്യം എന്താണ്? അവര്‍ ചെയ്യുന്നതെല്ലാം കത്തുകള്‍ എഴുതുക മാത്രമാണ് ചെയ്യുന്നത്. ഇത് ശൂന്യമായ വാക്കുകളാണ്, ശൂന്യമായ വാക്കുകള്‍ യുദ്ധം പരിഹരിക്കുന്നില്ല,’ ട്രംപ് പറഞ്ഞു.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ചില രാജ്യങ്ങളുടെ ശ്രമങ്ങളെയും സഭയില്‍ ട്രംപ് എതിര്‍ത്തു. ഇത് ഹമാസിനുള്ള ഒരു ‘പ്രതിഫലമാണെന്നും തുടര്‍ച്ചയായ സംഘര്‍ഷത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ചിലര്‍ ഏകപക്ഷീയമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

വെടിനിര്‍ത്തലിനും ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുമായി താന്‍ ആഹ്വാനം ചെയ്യുന്നതായും ട്രംപ് പറഞ്ഞു.

‘തുടര്‍ച്ചയായ സംഘര്‍ഷത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ സംഘടനയിലെ ചിലര്‍ ഏകപക്ഷീയമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ശ്രമിക്കുന്നു. ഹമാസ് ഭീകരര്‍ക്ക് അവരുടെ അതിക്രമങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം വളരെ വലുതായിരിക്കും,’ ട്രംപ് യു.എന്നിലെ ലോക നേതാക്കളോട് പറഞ്ഞു.

യു.കെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. ഇതോടെ ഏകദേശം 150 രാജ്യങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. എന്നാല്‍ ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന നെതന്യാഹു വീണ്ടും മുന്നറിയിപ്പ് നല്‍കി ഗസയില്‍ ആക്രമണം ശക്തിപ്പെടുത്തുകയാണ്. കണക്കുകള്‍ പ്രകാരം ഗസയില്‍ ഏകദേശം 68000ലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

Content Highlight: Donald Trump says the UN has lost its relevance