വാഷിങ്ടണ്‍: ഇറാനുമായി നിലവില്‍ എത്തിയിട്ടുള്ള ധാരണ അന്തിമ കരാറല്ലെന്നും, അവര്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ വീണ്ടും ബോംബാക്രമണം ആരംഭിക്കുമെന്നും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
ഫ്രാന്‍സിലെ എവിയനില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായി ഒപ്പുവെക്കുന്നത് വെറുമൊരു ധാരണാപത്രം (എം.ഒ.യു) മാത്രമാണെന്നും അതൊരു അന്തിമ കരാറല്ലെന്നും ട്രംപ് പറഞ്ഞു. കരാറിലെ വ്യവസ്ഥകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ ഇറാന്‍ മോശമായി പെരുമാറിയാലോ അവര്‍ക്കെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
‘അത് അന്തിമമല്ല. അത് ധാരണപത്രമാണ്. എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഞങ്ങള്‍ അവരെ ആക്രമിക്കുന്നതിലേക്ക് മടങ്ങും. അവരുടെ തലയില്‍ ബോംബിടും. എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, അവര്‍ അനുസരിച്ചില്ലെങ്കില്‍, ഞങ്ങള്‍ അവരുടെ മൂര്‍ദ്ധാവില്‍ ബോംബിടുന്ന നടപടികളിലേക്ക് മടങ്ങും, കഴിഞ്ഞ 47 വര്‍ഷമായി അവര്‍ മോശമായി പെരുമാറുകയായിരുന്നു,’ എന്നായിരുന്നു കരാര്‍ അന്തിമമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി.
എണ്ണവില കുറയുന്നതിനെക്കുറിച്ചും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 14 പ്രധാന കാര്യങ്ങളാണ് ഈ ധാരണാപത്രത്തിലുള്ളത്. കരാര്‍ ഒപ്പിട്ടാലുടന്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുമെന്നും നിയന്ത്രണങ്ങളില്ലാതെ എണ്ണ വില്‍ക്കാന്‍ അനുവദിക്കുമെന്നും പറയപ്പെടുന്നു. ലെബനനിലടക്കം നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതും ഈ സമാധാന ശ്രമങ്ങളുടെ ഭാഗമാണ്.
മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് അറുതി വരുത്തിക്കൊണ്ടുള്ള ഈ സമാധാന കരാര്‍ ജൂണ്‍ 19ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ഔദ്യോഗികമായി ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്.
വെള്ളിയാഴ്ച കരാര്‍ ഒപ്പിട്ട ശേഷം, അടുത്ത 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കരുത് എന്നാണ് കരാറില്‍ അമേരിക്കയുടെ പിടിവാശി.
അന്തിമ കരാറിലെത്തിയാല്‍ യു.എസും യു.എന്നും ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കുമെന്ന് ഉറപ്പുണ്ട്. കൂടാതെ, യുദ്ധത്തിന് ശേഷം ഇറാന്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി 300 ബില്യണ്‍ ഡോളര്‍ യു.എസ് ഉറപ്പാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Donald Trump says the current agreement with Iran is not a final deal and that if they don’t behave, he will start bombing again.